Saturday, January 31, 2009

പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യം

പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യം

ലോകം കണ്ടിട്ടുള്ള വീരന്മാരില്‍ ഏറെ പ്രമുഖനാണു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് (1769-1821). 1804-ല്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായി സ്ഥാനമേറ്റതിനുശേഷം പതിനാറുവര്‍ഷം യൂറോപ്പിനെ മുഴുവന്‍ കിടുകിടാ വിറപ്പിച്ച നെപ്പോളിയന്‍ ഭാഗ്യംകൊണ്ടു മാത്രമാണ് ഒരു ഫ്രഞ്ച് പൌരനായി ജനിക്കാനിടയായത്.

നെപ്പോളിയന്റെ മാതാപിതാക്കള്‍ ഇറ്റലിക്കാരായിരുന്നു. നെപ്പോളിയന്‍ ജനിക്കുന്നതിന് ഒരുവര്‍ഷം മുമ്പു മാത്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന കോര്‍സിക്ക ദ്വീപ് ഫ്രഞ്ചുകാരുടെ അധീനതയിലായത്. ഫ്രഞ്ച് പൌരനായി ജനിക്കാന്‍ ഭാഗ്യം ലഭിച്ച നെപ്പോളിയന്‍ ക്ളേശങ്ങള്‍ ഒട്ടേറെ സഹിച്ചതിനുശേഷമാണ് ഫ്രഞ്ചു ചക്രവര്‍ത്തിയായി അധികാരം ഏറ്റെടുത്തത്.

ചരിത്രകാരന്മാരുടെ കണക്കനുസരിച്ച് പതിന്നാലു യുദ്ധങ്ങളിലും എഴുപത് "ഏറ്റുമുട്ടലു''കളിലും നെപ്പോളിയന്‍ വിജയംവരിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ആഗ്രഹത്തോടുകൂടി അദ്ദേഹം നടത്തിയ റഷ്യന്‍ ആക്രമണം തികഞ്ഞ പരാജയമായിരുന്നു. 1812 സെപ്റ്റംബര്‍ 14-ന് നെപ്പോളിയനും അദ്ദേഹത്തിന്റെ ഭടന്മാരും മോസ്കോവരെ എത്തിയെങ്കിലും അവര്‍ക്ക് അവിടെ താവളമുറപ്പിക്കുവാന്‍ സാധിച്ചില്ല. ഭക്ഷണദൌര്‍ലഭ്യവും അതികഠിനമായ ശൈത്യവുംമൂലം ഒക്ടോബര്‍ 19-ന് അവര്‍ ഫ്രാന്‍സിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

അഞ്ചുലക്ഷം ഭടന്മാരുമായി റഷ്യയിലേക്കു പോയ നെപ്പോളിയന്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അവശേഷിച്ചത് ഇരുപതിനായിരം പേര്‍ മാത്രമായിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും റഷ്യയില്‍നിന്നുള്ള മടക്കയാത്രയില്‍ വിശപ്പും ശൈത്യവുംമൂലം മരിക്കുകയാണുണ്ടായത്.

നെപ്പോളിയന്റെ ഈ റഷ്യന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്:

മോസ്കോയിലേക്കുള്ള നെപ്പോളിയന്റെ മുന്നേറ്റത്തിനിടയില്‍ പല സ്ഥലങ്ങളില്‍വച്ചും റഷ്യന്‍ ഭടന്മാരുമായി നെപ്പോളിയന്‍ ഏറ്റുമുട്ടുകയുണ്ടായി. ഒരിക്കല്‍ ഒരു ചെറിയ പട്ടണത്തില്‍വച്ച് റഷ്യന്‍ ഭടന്മാരുമായി യുദ്ധംചെയ്യുമ്പോള്‍ നെപ്പോളിയന്‍ തന്റെ ഭടന്മാരില്‍ നിന്ന് ഒറ്റപ്പെടാനിടയായി.

ഇപ്രകാരം ഒറ്റപ്പെട്ട നെപ്പോളിയനെ പിടികൂടാന്‍ റഷ്യന്‍ പടയാളികള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. അപകടം മനസിലാക്കിയ നെപ്പോളിയന്‍ തന്റെ ജീവന്‍ സംരക്ഷിക്കാനായി ഒരിടവഴിയില്‍ കണ്ട ഒരു കടയിലേക്ക് കയറി.

"എന്നെ രക്ഷിക്കൂ!'' ഓടിക്കിതച്ചെത്തിയ നെപ്പോളിയന്‍ ഷോപ്പുടമയോടു പറഞ്ഞു. "ഒളിക്കാന്‍ പറ്റിയ ഒരു സ്ഥലം കാണിച്ചുതരൂ.''

ചെമ്മരിയാടിന്റെ രോമം കെട്ടുകണക്കിനു കൂട്ടിയിരുന്ന ഒരു കടയായിരുന്നു അത്. "വേഗം ഈ കമ്പിളിക്കെട്ടുകളുടെ അടിയിലേക്കു കയറൂ,'' കടയുടമ പറഞ്ഞു. നെപ്പോളിയന്‍ കമ്പിളിക്കെട്ടുകളുടെ അടിയിലൊളിച്ചപ്പോഴേക്കും റഷ്യന്‍ ഭടന്മാര്‍ അവിടെ പാഞ്ഞെത്തി.

"അവന്‍ എവിടെയാണ്?'' റഷ്യന്‍ ഭടന്മാര്‍ ഷോപ്പുടമയോടു ചോദിച്ചു. പക്ഷേ, അയാള്‍ കൈമലര്‍ത്തി.

ഭടന്മാര്‍ തങ്ങളുടെ വാള്‍ ഉപയോഗിച്ച് കമ്പിളിക്കെട്ടുകളില്‍ കുത്തിനോക്കി. പക്ഷേ, അവയ്ക്കിടയില്‍ ഒരനക്കവും കണ്ടില്ല. നെപ്പോളിയന്‍ ഇതിനകം എവിടേക്കെങ്കിലും രക്ഷപ്പെട്ടുകാണും എന്നു കരുതി അവര്‍ പുറത്തേക്കോടി.

കുറേ കഴിഞ്ഞപ്പോള്‍ നെപ്പോളിയന്റെ ഭടന്മാര്‍ അദ്ദേഹത്തെ തേടിയെത്തി. അപ്പോള്‍ നെപ്പോളിയന്‍ സാവധാനം കമ്പിളിക്കെട്ടുകളുടെ അടിയില്‍നിന്നു പുറത്തുവന്നു.

തന്റെ ഷോപ്പില്‍ അഭയംതേടിയതു നെപ്പോളിയന്‍ ചക്രവര്‍ത്തിയാണെന്നറിഞ്ഞപ്പോള്‍ ഷോപ്പുടമ അദ്ഭുത സ്തബ്ധനായി. തെല്ലുനേരം നിശ്ശബ്ദനായി നിന്നതിനുശേഷം അയാള്‍ ചോദിച്ചു:

"ചക്രവര്‍ത്തിയായ അവിടുത്തോട് ഈ ചോദ്യം ചോദിക്കുന്നതു സദയം ക്ഷമിക്കണം. കമ്പിളിക്കെട്ടുകള്‍ക്കിടയില്‍ വച്ചു മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അങ്ങേക്ക് എന്തുതോന്നി?''

നെപ്പോളിയന്‍ പെട്ടെന്നു വലിയ ഗൌരവം ഭാവിച്ചു പറഞ്ഞു: "ചക്രവര്‍ത്തിയായ എന്നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നീ അത്ര അഹങ്കാരിയോ? നീ ഇനി ജീവിച്ചിട്ടു കാര്യമില്ല.''

പിന്നെ, അദ്ദേഹം തന്റെ പടയാളികളുടെ നേരേ തിരിഞ്ഞുപറഞ്ഞു: "ഈ അഹങ്കാരിയുടെ കണ്ണു മൂടിക്കെട്ടി ഇയാളെ വെടിവച്ചുകൊല്ലുക!''

പടയാളികള്‍ അയാളെ പിടിച്ചുവലിച്ചു പുറത്തുകൊണ്ടുപോയി അയാളുടെ കണ്ണു മൂടിക്കെട്ടി. അതിനുശേഷം അയാളെ ഒരു ഭിത്തിയുടെ മുന്നില്‍ നിര്‍ത്തിയിട്ട് പട്ടാളക്കാര്‍ വെടിവയ്ക്കുവാനായി അണിയണിയായി നിന്നു.

"റെഡി..., എയിം...'' ചക്രവര്‍ത്തി പടയാളികളോടു പറഞ്ഞു. അടുത്ത ഏതുനിമിഷവും തന്റെ മാറില്‍ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ് എത്തിയേക്കാം എന്നു ഭയപ്പെട്ട് ഷോപ്പുടമ അങ്ങനെ നില്‍ക്കുമ്പോള്‍ നെപ്പോളിയന്‍ സാവധാനം മുന്നോട്ടചെന്ന് അയാളുടെ കണ്ണു മൂടിക്കെട്ടിയിരുന്നത് അഴിച്ചുമാറ്റി. എന്നിട്ട് അയാളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: "മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ എനിക്കെന്തു തോന്നിയെന്ന് ഇപ്പോള്‍ തനിക്കറിയാം!''

നെപ്പോളിയനെക്കുറിച്ചു പറയുന്ന ഈ കഥ യഥാര്‍ഥമോ കെട്ടുകഥയോ ആകാം. റഷ്യക്കാരുമായി പൊരിഞ്ഞ യുദ്ധം നടക്കുന്നനേരത്ത് നെപ്പോളിയന്‍ ആ കടയുടമയെ ഇപ്രകാരം ഒരു ഘോരപരീക്ഷണത്തിനു വിധേയനാക്കി എന്നു വിശ്വസിക്കാന്‍ വിഷമം. പ്രത്യേകിച്ച് അയാള്‍ നെപ്പോളിയന്റെ ജീവന്‍ രക്ഷിച്ച പശ്ചാത്തലത്തില്‍.

ജീവിതത്തില്‍ ഓരോരോ ബുദ്ധിമുട്ടും ദുഃഖവും അനുഭവിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കാന്‍ ഒരു പരിധിവരെ നമുക്കു സാധിക്കും. എന്നാല്‍, പലപ്പോഴും നമുക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന ദുഃഖങ്ങള്‍ തുല്യദുഃഖങ്ങളല്ല എന്നതാണു വസ്തുത.

അതുകൊണ്ടുതന്നെ നമ്മുടെ ദുഃഖങ്ങളുടെ കാഠിന്യം മറ്റുള്ളവര്‍ക്കു മനസിലായി എന്നുവരില്ല. അതുപോലെ മറ്റുള്ളവരുടെ ദുഃഖത്തിന്റെ കയ്പ് എത്രയേറെയെന്നു നാമും ഗ്രഹിച്ചന്നു വരില്ല. അതായത്, പരസ്പരം പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം ആഴമേറിയതും സങ്കീര്‍ണവുമാണ് നമ്മുടെ പല ദുഃഖങ്ങളും ബുദ്ധിമുട്ടുകളും.

മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ തനിക്ക് എന്തുതോന്നി എന്ന് നെപ്പോളിയന് ആ ഷോപ്പുടമയോടു പറയാമായിരുന്നു. എന്നാല്‍, താന്‍ എങ്ങനെ വിശദീകരിച്ചാലും അതു ശരിക്കു മനസിലാക്കാന്‍ മറ്റൊരാള്‍ക്കു കഴിയുമെന്ന് നെപ്പോളിയനു ബോധ്യമില്ലായിരുന്നു. തന്മൂലമാണ്, തനിക്കുണ്ടായ അനുഭവത്തിന് തുല്യമായ ഒരനുഭവം ആ ഷോപ്പുടമയ്ക്കു നല്‍കിക്കൊണ്ട് നെപ്പോളിയന്‍ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

പലപ്പോഴും പരസ്പരം പറഞ്ഞറിയിക്കുവാന്‍ പോലും പറ്റാത്തവയാണു നമ്മുടെ ദുഃഖങ്ങള്‍. അങ്ങനെയെങ്കില്‍, മറ്റുള്ളവരുടെ ദുഃഖങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധവും അനുകമ്പയും നമ്മിലുണ്െടന്നു നമുക്ക് ഉറപ്പുവരുത്താം
ദീപിക

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..