Thursday, January 29, 2009

സൌഭാഗ്യവും നിര്‍ഭാഗ്യവും

സൌഭാഗ്യവും നിര്‍ഭാഗ്യവും

ഇടത്തരക്കാരനായിരുന്നു ഏലിയാസ്. അയാള്‍ വിവാഹിതനായി അധികനാള്‍ കഴിയുന്നതിനുമുമ്പ് മാതാപിതാക്കള്‍ മരിച്ചു. പിതൃസ്വത്തായി ഒരു തുണ്ടു ഭൂമിയും കുറെ ആടുമാടുകളും അയാള്‍ക്കു ലഭിച്ചു.

ഏലിയാസ് അധ്വാനപ്രിയനായിരുന്നതുകൊണ്ട് അയാളുടെ ഭാഗ്യം പെട്ടെന്നു തെളിഞ്ഞു. വര്‍ഷംതോറും അയാളുടെ ആടുമാടുകളുടെ സംഖ്യ പതിന്മടങ്ങു വര്‍ധിച്ചുകൊണ്ടിരുന്നു. അതുപോലെ അയാളുടെ ഭൂസ്വത്തും വര്‍ധിച്ചു.

ഏലിയാസിനു മുപ്പത്തഞ്ചു വയസായപ്പോഴേക്കും അയാള്‍ക്ക് ഇരുനൂറു കുതിരകളും ആയിരത്തിയിരുനൂറ് ആടുകളും നൂറ്റമ്പത് കന്നുകാലികളുമുണ്ടായിരുന്നു. ആ സ്വത്തൊക്കെ കാണാനിടയായവര്‍ പറഞ്ഞു: "ഏലിയാസ് എത്രയോ ഭാഗ്യവനാണ്. അയാള്‍ക്ക് എന്തിന്റെ കുറവാണുള്ളത്? അയാളെ സംബന്ധിച്ചിടത്തോളം ഈ ലോകം എത്ര സൌഭാഗ്യപ്രദം!''

ഏലിയാസിനു മക്കള്‍ മൂന്നായിരുന്നു. ഒരു പുത്രിയും രണ്ടു പുത്രന്മാരും. ചെറുപ്പകാലത്ത് അവര്‍ ഏലിയാസിനോടുകൂടി പാടത്തു പണിയെടുക്കുകയും ആടുമാടുകളെ പോറ്റുന്നതില്‍ സഹകരിക്കുകയും ചെയ്തു. എന്നാല്‍, ഏലിയാസിന്റെ സമ്പത്തു വര്‍ധിച്ചതോടുകൂടി അവര്‍ ജോലിചെയ്യാന്‍ വിസമ്മതിച്ചു.

മകള്‍ക്കു പ്രായപൂര്‍ത്തിയായപ്പോഴേക്കും ഏലിയാസ് അവളെ കെട്ടിച്ചയച്ചു. പക്ഷേ, അധികം താമസിയാതെ രോഗംമൂലം അവള്‍ മരിച്ചു. പുത്രന്മാരിലൊരാള്‍ മുക്കുടിയനായിരുന്നു. മൂക്കറ്റം കുടിച്ചിട്ട് ആരോടോ വഴക്കിനു പോയ അയാള്‍ കൊല്ലപ്പെട്ടു.

രണ്ടാമത്തെ പുത്രന്‍ വല്ലാത്ത താന്തോന്നിയായിരുന്നു. അയാള്‍ തനിക്കിഷ്ടപ്പെട്ട പെണ്ണിനെ കല്യാണംകഴിച്ചു. പിതൃസ്വത്തിന്റെ ഭാഗവും വാങ്ങി അകലേക്കു സ്ഥലംമാറിപ്പോയി.

അധികം താമസിയാതെ ഏലിയാസിന്റെ ആടുമാടുകള്‍ക്കു രോഗം ബാധിച്ചു. അവയിലേറെയും ചത്തടിഞ്ഞു. അതോടൊപ്പം പ്രതികൂലമായ കാലാവസ്ഥമൂലം തുടര്‍ച്ചയായി കൃഷിപ്പിഴയും സംഭവിച്ചു. തന്മൂലം, ഏലിയാസിനു തന്റെ ഭൂമി തുണ്ടുതുണ്ടായി വിറ്റ് അനുദിന ചെലവുകള്‍ നിറവേറ്റേണ്ടിവന്നു.

കാലം അധികം കഴിയുന്നതിനു മുമ്പ് അയാളൊരു പരമ ദരിദ്രനായി മാറി. അവസാനം കിടപ്പാടംപോലും അയാള്‍ക്കു നഷ്ടപ്പെട്ടു.

ഏലിയാസിന്റെ കഷ്ടപ്പാട് കാണാനിടയായ ഒരു നല്ല അയല്‍ക്കാരന്‍ അയാളെയും ഭാര്യയെയും തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. അതോടൊപ്പം ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും ആ നല്ല അയല്‍ക്കാരന്‍ തന്റെ കൃഷിയിടത്തില്‍ ജോലി കൊടുക്കുകയും ചെയ്തു.

അന്യന്റെ വയലില്‍ കൂലിവേലയെടുക്കുക എന്നത് ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കുറെ കഴിഞ്ഞപ്പോള്‍ അവരുടെ മനഃപ്രയാസമെല്ലാം മാറി. അവര്‍ സന്തോഷപൂര്‍വം എന്നും വയലില്‍പ്പോയി ജോലിചെയ്തു പോന്നു.

ഒരു ദിവസം ഏലിയാസ് താമസിച്ചിരുന്ന അയല്‍ക്കാരന്റെ വീട്ടില്‍ കുറെ സന്ദര്‍ശകര്‍ വരാനിടയായി. കുടുംബനാഥനോടൊത്ത് അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലിയാസും ഭാര്യയും വയലിലെ ജോലി കഴിഞ്ഞു മടങ്ങിയെത്തി. അപ്പോള്‍ കുടുംബനാഥന്‍ അവരെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "ഒരു കാലത്ത് ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരായിരുന്നു അവര്‍. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒന്നുമില്ല.''

ഏലിയാസിന്റെയും ഭാര്യയുടെയും കദനകഥ കേള്‍ക്കാനിടയായ ആ സന്ദര്‍ശകരിലൊരാള്‍ ഏലിയാസിനെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ നിര്‍ഭാഗ്യത്തില്‍ എനിക്കു സങ്കടമുണ്ട്.''

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ഏലിയാസ് പറഞ്ഞു: "എന്താണു സൌഭാഗ്യം, എന്താണു നിര്‍ഭാഗ്യം എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ച് എന്റെ ഭാര്യയോടു ചോദിക്കൂ. അപ്പോള്‍, ഒരുപക്ഷേ നിങ്ങള്‍ക്കു കൂടുതല്‍ മനസിലായേക്കും.''

ആ സന്ദര്‍ശകന്‍ ഏലിയാസിന്റെ ഭാര്യയോടു ചോദിച്ചു: "നിങ്ങളുടെ മുന്‍പത്തെ സൌഭാഗ്യത്തെയും ഇപ്പോഴത്തെ നിര്‍ഭാഗ്യത്തെയുംകുറിച്ചു നിങ്ങള്‍ക്ക് എന്തു പറയാനുണ്ട്?''

ആ സ്ത്രീ പറഞ്ഞു: "ഞാനും എന്റെ ഭര്‍ത്താവും വര്‍ഷങ്ങള്‍ അധ്വാനിച്ചു സ്വത്ത് സമ്പാദിച്ചു. പക്ഷേ, അപ്പോഴൊന്നും ഞങ്ങളുടെ മനസില്‍ സന്തോഷമില്ലായിരുന്നു. എന്നാല്‍, എല്ലാം നഷ്ടപ്പെട്ടു ഞങ്ങള്‍ കൂലിവേലക്കാരായിട്ടു രണ്ടു വര്‍ഷമായി. ഇതിനിടയില്‍ ഞങ്ങള്‍ യഥാര്‍ഥ സന്തോഷവും കണ്െടത്തി.''

ഉടനെ സന്ദര്‍ശകന്‍ ചോദിച്ചു: "അതെങ്ങനെയാണു സാധിച്ചത്?'' അപ്പോള്‍ ഏലിയാസിന്റെ ഭാര്യ പറഞ്ഞു: "ഞങ്ങള്‍ പണക്കാരായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നിനും സമയമില്ലായിരുന്നു. പരസ്പരം സംസാരിക്കാനോ ദൈവത്തോടു പ്രാര്‍ഥിക്കാനോ അയല്‍ക്കാരുടെ ക്ഷേമം അന്വേഷിക്കാനോ ഒന്നിനും ഞങ്ങള്‍ക്കു സമയമില്ലായിരുന്നു. അതുപോലെ, ഞങ്ങള്‍ക്കുള്ള സമ്പത്ത് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമായിരുന്നു എപ്പോഴും. പിന്നെ, ഓരോരോ കാര്യം സംബന്ധിച്ചു വഴിക്കിടാനേ ഞങ്ങള്‍ക്കു സമയമുണ്ടായിരുന്നുള്ളൂ.''

"എന്നാല്‍, ഇപ്പോഴോ?'' സന്ദര്‍ശകന്‍ ചോദിച്ചു. അപ്പോള്‍ ആ സ്ത്രീ തുടര്‍ന്നു:

"ഇപ്പോള്‍, ഞങ്ങള്‍ക്കു പരസ്പരം സംസാരിക്കാന്‍ സമയമുണ്ട്. പ്രാര്‍ഥിക്കാന്‍ സമയമുണ്ട്. അതുപോലെ സമ്പത്ത് നഷ്ടപ്പെടുമോ എന്ന ഭയമോ ആകുലചിന്തയോ ഇല്ല. ഞങ്ങള്‍ രണ്ടുപേരും സമാധാനത്തോടെയും സന്തോഷമായും ഇപ്പോള്‍ കഴിയുന്നു.''

ഉടനേ ഏലിയാസ് പറഞ്ഞു: "സമ്പത്തു നഷ്ടപ്പെട്ടപ്പോള്‍ ആദ്യം ഞങ്ങള്‍ കരഞ്ഞു. എന്നാല്‍, ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്കു സത്യം വെളിവാക്കിത്തന്നിരിക്കുന്നു.''

എന്താണു ദൈവം ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും വെളിവാക്കിക്കൊടുത്ത സത്യം? സമ്പത്തല്ലത്രേ സന്തോഷത്തിന്റെ ഉറവിടം! സന്തോഷപൂര്‍വം ജീവിക്കാന്‍ സമ്പത്ത് ആവശ്യമില്ലത്രേ!

സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ ടോള്‍സ്റോയിയുടെ ഭാവന മെനഞ്ഞെടുത്ത കഥയാണ് ഏലിയാസിന്റെയും അയാളുടെ ഭാര്യയുടെയും. സമ്പത്തിലൂടെ സന്തോഷം കണ്െടത്താന്‍ ശ്രമിക്കുന്നവരുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട കഥയാണിത്.

സമ്പത്താണ് സന്തോഷത്തിന്റെ നിദാനം എന്നു കരുതുന്നവരല്ലേ മനുഷ്യരില്‍ ഭൂരിപക്ഷവും? തന്മൂലമല്ലേ, എങ്ങനെയെങ്കിലും സമ്പത്തു സമ്പാദിച്ചാല്‍ നാം സൌഭാഗ്യമുള്ളവരായി എന്നു പലരും കരുതുന്നത്?

എന്നാല്‍, ഏലിയാസിനെപ്പോലെ എന്താണു സൌഭാഗ്യം, എന്താണു നിര്‍ഭാഗ്യം എന്നു നാം ശരിക്കു മനസിലാക്കിയാല്‍ നാമാരും ഒരിക്കലും സമ്പത്തിന്റെ പിന്നാലേ പരിധിവിട്ടു പായുകയില്ല എന്നതാണു സത്യം.

ദീപിക

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..