Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, January 15, 2009

കൗതുകലോകം

കൗതുകലോകം

ഏറ്റവും അധികം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡിനും ഒരു അവകാശി. ക്രൊയേഷ്യക്കാരനായ മിജോ ടിക്കാൽസെക്ക്‌ എന്ന 69 കാരനാണ്‌ റെക്കോർഡ്‌ കുറിച്ചത്‌. തന്റെ ഇത്രകാലത്തെ ജീവിതത്തിനിടയിൽ രണ്ടായിരത്തിലധികം ശവ സംസ്കാര ചടങ്ങുകളിലാണ്‌ ടിക്കാൽസെക്ക്‌ പങ്കെടുത്തത്‌. തനിക്ക്‌ വളരെ ചെറുപ്പംതൊട്ട്‌ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോട്‌ വളരെ ആഭിമുഖ്യമുണ്ടായിരുന്നുവെന്ന്‌ അദ്ദേഹം പറയുന്നു.
ഒരു ശവസംസ്കാര ച്ചടങ്ങിൽ പങ്കെടുക്കാൻ നുറുകണക്കിന്‌ മെയിലുകൾ താണ്ടിപ്പോലും താൻ പോയിട്ടുള്ളകാര്യം ടിക്കാൽസെക്ക്‌ അനുസ്മരിക്കുന്നു. ഒരാളുടെ വേർപാടിന്റെ അവസരത്തിൽ ഓരോ രുത്തരും ഏതുവിധത്തിൽ പ്രതികരിക്കുന്നുവെന്ന്‌ അറിയുന്നത്‌ രസകരമായ അനുഭവമാണെന്ന്‌ അദ്ദേ ഹം പറയുന്നു. ആദ്യമൊ ക്കെ പലരും തന്റെ ശവ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന തന്റെ പിതാവിനെ വളരെ കൗതുകത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌.

എന്നാൽ പിന്നീട്‌ തന്നെ ശവസംസ്കാരച്ചടങ്ങിൽ കാണാതിരുന്നാൽ ജനങ്ങൾ അന്വേഷിക്കുന്ന നിലയി ലേക്കായി കാര്യങ്ങളെന്ന്‌ ടിക്കാൽസെക്ക്‌ പറഞ്ഞു. ഇത്രയധികം ശവസംസ്കാരങ്ങളിൽ പങ്കെടുത്ത താൻ ഏറ്റവും അധികം ദുഃഖിച്ചത്‌ കഴിഞ്ഞവർഷം പങ്കെടുത്ത ഒരു സംസ്കാരച്ചടങ്ങിനിടെയാണെന്ന്‌ അദ്ദേഹം പറയുന്നു. മറ്റാരുടേയും ആയിരുന്നില്ല, സ്വന്തം ഭാര്യയുടെ സംസ്കാരച്ചടങ്ങായിരുന്നു അത്‌.

തന്റെ സ്വന്തം സംസ്കാരത്തിൽ പങ്കെടുക്കുന്നതുവരെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഈ ശീലത്തിൽ നിന്ന്‌ താൻ പിൻമാറില്ലെന്നാണ്‌ മിജോ ടിക്കാൽസെക്കിന്റെ പ്രഖ്യാപനം.

പോലീസുകാരുടെ മര്യാദ വിനയായി

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെയും കുറ്റക്കാരനായി കാണാനാകില്ലെന്നാണ്‌ നിയമം പറയുന്നത്‌. എന്നാൽ നമ്മുടെ നാട്ടിലെ നിയമപാലകർ ഇക്കാര്യമൊന്നും പരിഗണിക്കാറില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയെന്നതാണല്ലോ നമ്മുടെ നാട്ടിലെ പോലീസുകാരുടെ രീതി.

എന്നാൽ നമ്മുടെ നാട്ടിലെ പോലീസുകാർക്ക്‌ തീർത്തും അന്യമായ ഒരു പെരുമാ റ്റമുണ്ടാ യിരിക്കുന്നു ചൈ നയിലെ പോലീസുകാരിൽ നിന്ന്‌. കുറ്റവാളിയോടും അയാളുടെ കുടുംബത്തോടും എത്ര മര്യാദയോടെയാണ്‌ അവർ പെരുമാറിയതെന്ന്‌ കേട്ടാൽ ആരും ഒന്ന്‌ അതി ശയി ച്ചുപോകും.
കു റഞ്ഞപക്ഷം നമ്മുടെ പോ ലീസുകാരെങ്കിലും. സംഭവമിങ്ങനെയാണ്‌: ഒരു ബാങ്ക്‌ കൊള്ളക്കേസിലെ പ്രതിയായ ലെംഗ്‌ കിയാംഗിനായി രണ്ടുവർഷമായി തെരച്ചിൽ നടത്തുകയായിരുന്നു ചൈനയിലെ ഷുവാംഗൂയി നഗരത്തിലെ പോലീസുകാർ.

കിയാംഗ്‌ രണ്ടുവർഷമായി പോലീസുകാരെ അതിവിദഗ്ധമായാണ്‌ കബളിപ്പിച്ചു നടന്നിരുന്നത്‌. തന്റെ പുതിയ കാമുകിയുടെ വീട്ടിൽ കിയാംഗ്‌ ഉണെ്ടന്ന്‌ പോലീസിന്‌ വിവരം കിട്ടിയത്‌ അടുത്തിടെയാണ്‌. കിയാംഗിനെ അറസ്റ്റുചെയ്യാൻ പോലീസുകാർ അവിടെ പാഞ്ഞെത്തി. അപ്പോഴാണ്‌ അവിടെ ഒരു ആഘോഷച്ചടങ്ങു നടക്കുന്നത്‌ അവർ കണ്ടത്‌. പെൺ കുട്ടിയും കിയാംഗും തമ്മിലുള്ള വിവാഹത്തിന്റെ തലേന്നുള്ള ചടങ്ങാണു വധുവിന്റെ വീട്ടിൽ നടക്കുന്നത്‌. പിറ്റേദിവസമാണ്‌ വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വൻജനാവലിയാണ്‌ വിവാഹ ത്തലേന്ന്‌ വീട്ടിൽ കൂടിയിട്ടുള്ളത്‌. അവിടെവച്ച്‌ കിയാംഗിനെ അറസ്റ്റുചെയ്ത്‌ അയാളെയും ബന്ധു ക്കളെയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വച്ച്‌ അപമാനിക്കുന്നതു ശരിയല്ലെന്ന്‌ പോലീസുകാർ തീരുമാനിച്ചു.

കിയാംഗിനെ അറസ്റ്റുചെയ്യുന്നതിന്‌ വിവാഹം കഴിഞ്ഞ്‌ എല്ലാവരും പിരിയുന്നതുവരെ കാത്തി രിക്കാനാണ്‌ നല്ലവരായ ആ പോലീസുകാർ തീരു മാനിച്ചത്‌. തങ്ങൾ കിയാംഗിനെ അറസ്റ്റുചെയ്യാനാണ്‌ എത്തിയതെന്ന വിവരം പോലീസുകാർ ആരോടും പറഞ്ഞില്ല.

വിവാഹശേഷമാകട്ടെ കിയാംഗിനെ അറസ്റ്റുചെ യ്യാനുള്ള തീരുമാനം ഒരു ദിവസത്തേക്കുകൂടി അവർ നീട്ടി. കാമുകനും കാമുകിയും കാത്തുകാത്തിരുന്നു വിവാഹം കഴിച്ചതല്ലേ. അവർ സമാധാനത്തോടെയും സന്തോ ഷത്തോടെയും ആദ്യരാത്രികൂടി ആഘോഷിച്ചോ ട്ടേയെന്നും പോലീസുകാർ പീന്നീട്‌ തീരുമാനിക്കു കയായിരുന്നു. ഒടുവിൽ പിറ്റേദിവസം, നേരം പുലർ ന്നശേഷം സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പിരിഞ്ഞശേഷമാണ്‌ കിയാംഗിനെ പോലീസ്‌ അറസ്റ്റുചെയ്തത്‌.
പക്ഷെ, തങ്ങൾ കാട്ടിയ ഔദാര്യത്തിന്റെ പേരിൽ പോലീസുകാരിപ്പോൾ പഴി കേൾക്കുകയാണ്‌ നവ വധുവിൽ നിന്ന്‌. തന്റെ കാമുകൻ ഒരു കൊള്ള സംഘത്തിലെ അംഗമാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിൽ നിന്ന്‌ താൻ പിൻമാറിയേനെയെന്നാണ്‌ യുവതി പറയുന്നത്‌. വിവാഹത്തിന്‌ മുൻപ്‌ പോലീ സുകാർ കിയാംഗിനെ അറസ്റ്റുചെയ്തിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടേനെയെന്നാണ്‌ വധുവിന്റെ പരിഭവം. ഉപകാരം ഇപ്പോൾ ഉപദ്രവമായതിന്റെ മനോവിഷമത്തിലാണ്‌ ഷുവാംഗൂയിലെ പോലീസുകാർ.

Friday, October 3, 2008

കണക്കുപുസ്തകം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായെന്ന സ്വപ്നഭൂമിയിലേക്ക് വരുമ്പോള്‍ കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന്‍ മകന്‍ രാമക്യഷണന്‍ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളു. സ്വന്തമായി ഒരു കൊച്ചുവീട്... അവിടെ ഭാര്യയോടും മക്കളോടുമൊത്തുമുള്ള സന്തോഷകരമായൊരു ജീവിതം….എത്ര നാളാണ് വാടക വീട്ടിലെ ഇടുങ്ങിയ ചുറ്റുപാടുകളില്‍ കഴിയുക...

രാമക്യഷണന്‍ ദുബായിലേക്ക് പോകുമ്പോള്‍ മകന്‍ വിഷണുവിന് അഞ്ചു വയസ്സാണ് പ്രായം. ഉണ്ണിമായ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ചെറിയ കുട്ടിയും. ദുബായിലേക്കുള്ള വിസ ശരിയായപ്പോള്‍ രാമക്യഷണന്‍ എന്തൊരു സന്തോഷമായിരുന്നു. എന്നാല്‍ യാത്രയാകുവാനുള്ള ദിവസം അടുത്തതോടു കൂടി രാമക്യഷണന്‍ വല്ലാത്ത വേവലാതിയിലായി. ഭാര്യയെയും പറക്കമുറ്റാത്ത രണ്ട് മക്കളെയും ആരുടെ കൈയ്യിലേല്‍പ്പിച്ചിട്ട് പോകുമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്. വീട്ടുകാരെ ധിക്കരിച്ച് സൂസന്നയെന്ന ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം ചെയ്തെന്ന ഒറ്റകാരണത്താല്‍ രാമക്യഷണന്‍ സ്വന്തം വീട്ടുകാരില്‍ നിന്നോ, മറ്റ് ബന്ധുക്കളില്‍ നിന്നോ യാതൊരു സഹകരണവും പ്രതീക്ഷിക്കുവാനില്ലായിരുന്നു.

രാമക്യഷ്ണന്‍ ആദര്‍ശപുരുഷനായിരുന്നു. അല്ലെങ്കില്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിച്ച് അല്ലലും, അലച്ചിലുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നില്ലേ.. പക്ഷേ രാമക്യഷണന്‍ ചെയ്തതോ..? ശങ്കരന്മാമയുടെ മകള്‍ ലക്ഷമിയാണെങ്കില്‍ കൊച്ചുനാള്‍ മുതല്‍ രാമക്യഷണനെ മോഹിച്ചു നടന്നതാണ്. ബാഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന പച്ചപരിഷ്ക്കാരിയായ ലക്ഷമിയോട് ശങ്കരന്മാമയുടെ മകള്‍ എന്നതൊഴിച്ചാല്‍ രാമക്യഷണന്‍ മറ്റ് താല്പര്യങ്ങളൊന്നുമില്ലായിരുന്നു. ഇക്കാര്യം ലക്ഷമിയോട് തുറന്നു പറയുകയും ചെയ്തതാണ്. ആദ്യമൊക്കെ ലക്ഷമി പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ രാമക്യഷണന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവള്‍ പിന്മാറുകയായിരുന്നു.

കോളേജില്‍ പഠിക്കുമ്പോഴാണ് സൂസന്നയുമായി രാമക്യഷണന്‍ അടുപ്പത്തിലാകുന്നത്. സൂസന്നയുടെ മനോഹരമായ കണ്ണുകളും, ശാന്തസ്വഭാവവുമാണ് അയാളെ അവളിലേക്ക് അടുപ്പിച്ചതെന്ന് പറയുന്നതാവും ശരി. ആരൊക്കെ എതിര്‍ത്തിട്ടും സൂസന്നയെ മാത്രമേ വിവാഹം കഴിക്കുകയുള്ളെന്ന വാശിയിലായിരുന്നു രാമക്യഷണന്‍.

സൂസന്നയും അങ്ങനെയായിരുന്നല്ലോ..
അല്ലെങ്കില്‍ ഏക്കറ് കണക്കിന്‍ റബറ് എസ്റ്റേറ്റും, വലിയ ബിസിനസ്സുമുള്ള കാഞ്ഞിരപ്പള്ളീക്കാരന്‍ ചാക്കോയുടെ മകള്‍ സൂസന്നയ്ക്ക് രാമക്യഷണനെക്കാള്‍ യോഗ്യനായ ചെറുപ്പക്കാരനെ ഭര്‍ത്താവായി ലഭിക്കുമായിരുന്നില്ലേ..

“നില്ക്കവിടെ..” അന്നൊരു തിങ്കളാഴ്ച ദിവസം രണ്ടും കല്പിച്ച് സൂസന്നയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറിവന്ന രാമക്യഷണനോട് അച്ഛന്‍ കല്പിച്ചു.

“നാണമില്ലേടാ, നിനക്കീ നസ്രാണിപ്പെണ്ണിനേംങ്കൊണ്ട് എന്റെ മുന്നില്‍ വരാന്‍… വീട്ടുകാരുടെ മുഖത്ത് കരിവാരി തേക്കാന്‍ വേണ്ടി ജനിച്ച സന്തതി…നീ ഒരു കാലത്തും ഗൊണം പിടിക്കില്ലെടാ.. കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന് ഇങ്ങനെയൊരു മകനില്ല.. ഞാന്‍ മരിച്ചാല്‍ എന്റെ ശവം കാണാന്‍ പോലും നീയി വീട്ടില്‍ കടക്കരുത്....”

അച്ഛനോട് രാമക്യഷണന് മറുത്തൊരക്ഷരം പോലും പറഞ്ഞില്ല. രാമക്യഷണന്‍ അതിന്‍ കഴിയുമായിരുന്നില്ല. അച്ഛനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുടുംബത്തിലെ നാല്‍ പെണ്മ്ക്കള്‍ക്ക് ശേഷം അച്ഛനും, അമ്മയും വളരെ കാത്തിരുന്ന് ജനിച്ച ആണ്‍ തരിയാണയാള്‍.. സ്നേഹിച്ച പെണ്ണിനെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ വിളിച്ചുകൊണ്ട് വന്നതു ശരിയാണെങ്കിലും തന്നെക്കുറിച്ചുള്ള് അച്ഛന്റെ സങ്കല്‍പ്പങ്ങളെയാണ് അയാള്‍ തച്ചുടച്ചത്.. അച്ഛന്റെ മനസിന്റെ വേദന മനസ്സിലാക്കുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു… അന്ന് സൂസന്നയെയും കൊണ്ട് രാമക്യഷണന്‍ പടിയിറങ്ങിയതാണ്..

“മോനേ രാമക്യഷ്ണാ പോകരുതടാ മോനേ..” അമ്മയുടെ നിലവിളി ഹ്യദയത്തില്‍ തുളച്ചിറങ്ങിയിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല അയാള്‍. വാശിയായിരുന്നു രാമക്യഷണന്. അച്ഛനെ തോല്‍പ്പിക്കാനല്ലെങ്കിലും അച്ഛന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അന്തസ്സായി ജീവിക്കണം. അത് മാത്രമായിരുന്നു രാമക്യഷണന്റെ ലക്ഷ്യം.

ഒരു സുഹ്യത്ത് മുഖേനയാണ് രാമക്യഷണന്‍ ദുബായിലേക്കുള്ള വിസ ശരിയാക്കിയത്. സൂസന്നയെയും, മക്കളെയും വിട്ട് കടലുകള്‍ കടന്ന് ഈന്തപ്പനകളുടെ നാട്ടിലെത്തിയ രാമക്യഷണന്‍ വേര്‍പാടിന്റെ നൊമ്പരമെന്തെന്ന് ആദ്യനാളുകളില്‍ തന്നെ ശരിക്കും മനസ്സിലായി. പക്ഷേ മറ്റുള്ളവരുടെ കഥകള്‍ കേട്ടപ്പോള്‍ തന്റെ ദു:ഖങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതാവുന്നതുപോലെ അയാള്‍ക്ക് തോന്നി.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം ഭാര്യയോടൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട ചെങ്ങന്നൂര്‍ക്കാരന്‍ അരവിന്ദന്‍. മൂന്ന് വര്‍ഷമായിട്ടും അരവിന്ദന്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അമ്മ മരിച്ചിട്ടും നാട്ടില്‍ പോകാനാവാതെ പൊട്ടിക്കരഞ്ഞ പാലാക്കാരന്‍ ദാനിയേല്‍….അങ്ങനെ എത്രയെത്ര മുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളീല്‍ രാമക്യഷണന്‍ കാണേണ്ടി വന്നു. ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സ് തകരാതെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ കടലുകള്‍ താണ്ടിയെത്തിയ ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക് മുന്നില്‍ തന്റെ ദു:ഖങ്ങളെന്തുണ്ടെന്ന് രാമക്യഷണന്‍ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു...

ദുബായിലെത്തി തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി ലഭിച്ചപ്പോള്‍ സൂസന്നയുടെയും, തന്റെ മകളുടെയും ഭാഗ്യമെന്നാണ് രാമക്യഷണന്‍ കരുതിയത്. ഏറിയാല്‍ നാലഞ്ചുവര്‍ഷം ജോലി ചെയ്യുക. കടമൊക്കെ വീട്ടി ഒരു കൊച്ചുവീട് പണിയുക. നാട്ടിലെത്തി എന്തെങ്കിലും ചെറിയ ബിസിനസ്സ് തുടങ്ങുക എന്നതില്‍ കവിഞ്ഞ് രാമക്യഷണന്‍ വലിയ മോഹങ്ങളൊന്നുമില്ലായിരുന്നു.

ദുബായിലെത്തി ആദ്യവര്‍ഷം തന്നെ രാമക്യഷണന്‍ നാട്ടിലുണ്ടായിരുന്ന കടമൊക്കെ വീട്ടി. പട്ടണത്തിനടുത്ത് ഇരുപത് സെന്റ് സ്ഥലം വാങ്ങി. മൂന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വന്തമായൊരു വീടെന്ന രാമക്യഷണന്റെ സ്വപനവും സഫലീകരിച്ചു.

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോയതെന്ന് രാമക്യഷണന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്, വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന ഒന്നോ ഏറിയാല്‍ രണ്ട് മാസത്തെ അവധി ഒന്നിനും തികയില്ലെങ്കിലും കുട്ടികളോടും ഭാര്യയോടുമൊപ്പമുള്ള ആ ദിനങ്ങള്‍ സ്വര്‍ഗ്ഗതുല്യമാക്കുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു…അഞ്ചു വര്‍ഷത്തെ ഗള്‍ഫ് സ്വപന്‍മായി ദുബായിലെത്തിയ രാമക്യഷണനെയും, സാധാരണ ഗള്‍ഫ്കാരനെപ്പോലെ സാഹചര്യങ്ങളാണ് നീണ്ട ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിലേക്ക് തള്ളിവിട്ടത്.. കുട്ടികള്‍ വളര്‍ന്നു വന്നതോടു കൂടി അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള ഭാരിച്ച ചിലവുകള്‍… പിന്നീട് അവര്‍ക്കു വേണ്ടിയായി ജീവിതം….

ഉണ്ണിമായ പഠിക്കുവാന്‍ മിടുക്കിയായിരുന്നു. സ്കൂളിലും, കോളേജിലും അവള്‍ ഒന്നാം റാങ്കോടെ പാസ്സായപ്പോള്‍ അയാളുടെ മനസ്സ് വല്ലാതെ സന്തോഷിച്ചു. വിഷുണുവും പഠിക്കുവാന്‍ മോശമല്ലായിരുന്നു. പക്ഷേ എവിടെയാണ് അവന് ചുവടുകള്‍ പിഴച്ചത്..?

വളര്‍ത്തു ദോഷമോ..
അതോ പോക്കറ്റിലെ പണത്തിന്റെ കനമോ..? ഈശ്വരാ. എവിടെയാണ് അവന് വഴി പിഴച്ചത്? മദ്യവും, മയക്കുമരുന്നും നല്‍കി ആരാണ് അവന്റെ ജീവിതത്തില്‍ നാശത്തിന്റെ വിത്തുകള്‍ വിതച്ചത്? എല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഒരുപാട് വൈകിയിരുന്നു.ഒരുപാട് സ്വപ്നങ്ങളായിരുന്നു തനിക്ക് വിഷ്ണുവിനെക്കുറിച്ച്… അവനെ പഠിപ്പിച്ച് ഒരു എനജീനയറോ, ഡോക്ടറോ ആക്കുക.. പക്ഷേ തന്റെ എല്ലാ പ്രതീക്ഷയും അവന്‍ തകര്‍ത്തു കളഞ്ഞില്ലേ..? നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവനൊരു തലവേദനയായി തീരുകയായിരുന്നല്ലോ

“എനിക്ക് വിഷ്ണുവിനെ ഭയമാകുന്നു… അവന്‍… അവന്‍.. നമ്മുടെ മോനല്ലാതാകുന്നതു പോലെ… അവന്റെ കണ്ണുകളെ ഞാന്‍ വല്ലാതെ ഭയക്കുന്നു…“ അന്ന് സൂസന്നയുടെ കത്ത് വായിച്ചപ്പോള്‍ വെള്ളിടിവെട്ടിയതു പോലെയാണ് രാമക്യഷ്ണന്‍ തോന്നിയത്… ഈശ്വരാ എന്തൊക്കെയാണ് താനീ കേള്‍ക്കുന്നത്..? ഇങ്ങനെയൊരു മകനെയാണൊ നീ എനിക്ക് തന്നത്..?

വയ്യ.. ഇനിയും പിടിച്ചു നില്‍ക്കുവാന്‍ വയ്യ… ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാമക്യഷ്ണന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയിരുന്നു….“എന്തുപറ്റി.. രാമേട്ടാ..? എന്താണ് ജോലി കളഞ്ഞ് പെട്ടന്ന് നാട്ടിലേക്ക് പോകുന്നത്..? സ്നേഹിതന്മാര്‍ പലരും ചോദിച്ചെങ്കിലും അവര്‍ക്ക് നല്‍കുവാന്‍ രാമക്യഷ്ണന്റെ കൈയ്യില്‍ മറുപടിയൊന്നുമില്ലായിരുന്നു…

എന്തു പറയും അവരോട്..? മയക്കുമരുന്നിനടിമപ്പെട്ട് സുബോധം നഷ്ടമായ മകനെക്കുറിച്ചോ…? അതോ അവനില്‍ നിന്ന് ശരീരം രക്ഷിക്കുവാന്‍ പാടുപെടുന്ന് സൂസന്നയെയും, തന്റെ മകള്‍ ഉണ്ണിമായയേം കുറിച്ചോ..? വേണ്ട…ആരും ഒന്നും അറിയാതെയിരിക്കട്ടെ… തന്റെ വേദന തന്റെ മാത്രമാകട്ടെ…

* * *
നീണ്ടു പത്തു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സൂസന്ന നാളെ മോചിതയാവുകയാണ്. “എനിക്ക് കുറ്റബോധമില്ല ചേട്ടാ.. നമുക്ക് ജനിച്ച ആ പാപത്തിന്റെ സന്തതിയെ എന്റെയീ കൈകള്‍ക്കൊണ്ട് ഞാന്‍ വെട്ടി.. വെട്ടി കൊല്ലുകയായിരുന്നു.. അല്ലെങ്കില്‍ അവന്‍ നമ്മുടെ മകളെ…

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സൂസന്ന മുഴുമിക്കാതെ പറഞ്ഞു നിര്ത്തിയ വാക്കുകള്‍ രാമക്യഷണനില് ഇപ്പോഴും വല്ലാത്ത ഒരു ഞടുക്കമായി അവശേഷിക്കുകയാണ്...

Thursday, September 11, 2008

എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി

എപ്പോഴും ചിരിക്കുന്ന പെണ്‍കുട്ടി

റോസ് നഗരത്തിലെ മേയറായ വില്യംസിന്റെ ഏക മകളാണ് ലിറ്റി എന്നു പേരായ പത്തു വയസ്സുകാരി സുന്ദരിക്കുട്ടി. മാലാഖയുടെ മുഖമുള്ള ലിറ്റിയെ അറിയാത്തവരും, അവളെ സ്നേഹിക്കാത്തവരും ആ നഗരത്തില്‍ ആരുമില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതെ എല്ലാവരുടെയും ചെല്ലക്കുട്ടിയായിരുന്നു അവള്‍. സകലരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി ഒരു പൂമ്പാറ്റയെ പാറി നടന്ന ലിറ്റി അന്ന് പൂന്തോട്ടത്തില്‍ ഓടിച്ചാടി കളിക്കുന്നതിനിടയില്‍ പെട്ടന്ന് തളര്‍ന്നു വീണു.

നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ലിറ്റിയെ മിനിറ്റുകള്‍ക്കകം പ്രവേശിപ്പിച്ചു. വിദഗ്ദരായ ഡോക്ടറന്മാരുടെ പരിശോധനയ്ക്കൊടുവില്‍ അവര്‍ ആ സത്യം ലിറ്റിയുടെ മാതാപിതാക്കളെ വളരെ വിഷമത്തോടെ അറിയിച്ചു.

“ലിറ്റി അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്‍സറ് രോഗിയാണ്.. കാന്‍സറ് രോഗം അവളുടെ അസ്ഥികളെയും, തലച്ചോറിനെയും കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.. ഏറിയാല്‍ കുറെ മാസങ്ങള്‍.. അതിനുശേഷം ലിറ്റി എല്ലാവരെയും വിട്ട് പോകും…”ലിറ്റിയുടെ മാതാപിതാക്കളെന്നല്ല ആ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിപ്പോയി. സകലരും ലിറ്റിക്കു വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ച സമയങ്ങളായിരുന്നു പിന്നിടുള്ള ദിനങ്ങള്‍…

എന്നാല്‍ അനുദിനം ലിറ്റിയുടെ ആരോഗ്യനില തകരാറിലായിക്കൊണ്ടിരുന്നു. ശരീരം മുഴുവന്‍ വേദനകൊണ്ട് നുറുങ്ങുമ്പോഴും ആശുപത്രി കിടക്കയിലുള്ള തന്നെ കാണുവാനെത്തുന്നവര്‍ക്ക് ലിറ്റി ഒരു ചെറുപുഞ്ചിരി സമ്മാനിക്കുവാന്‍ മറന്നില്ല. തന്റെ മാതാപിതാക്കളുടെ മുന്നിലും, തന്നെ കാണുവാനെത്തുന്നവരുടെ മുന്നിലും തന്നെ ചികിത്സിക്കുന്ന ഡോക്ടറന്മാരുടെ മുന്നിലും അവളൊരിക്കലും തന്റെ വേദന പ്രകടിപ്പിച്ചില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏതു നിമിഷവും അവള്‍ പ്രസന്നവതിയായി കാണപ്പെട്ടു.

“എങ്ങനെ ഈ കുട്ടിക്ക് ഇങ്ങനെ വേദന സഹിക്കുവാന്‍ കഴിക്കും..?” ലിറ്റിയുടെ രോഗത്തിന്റെ ആഴം ശരിക്കറിയാവുന്ന ഡോക്ടര്മാര്‍പ്പോലും ചിന്തിച്ചത് അതായിരുന്നു…

എന്നാല്‍ അന്ന് ലിറ്റിയുടെ രോഗം മൂര്‍ച്ചിച്ചു. ലിറ്റിക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഞ്ഞ് മലകള്‍ക്കപ്പുറമുള്ള ഭദ്രാസനപ്പള്ളിയില്‍ നിന്നും കുന്നിറങ്ങി വ്യദ്ധനായ ഫാദര്‍ ആന്‍ഡ്രൂസ് അവളുടെ അരികിലെത്തി.“മോളെ ഈ വേദനയെല്ലാം എങ്ങനെ നിനക്ക് സഹിക്കുവാന്‍ കഴിയുന്നു?. ഈ വലിയ വേദനയ്ക്കിടയിലും എങ്ങനെ പുഞ്ചിരിക്കുവാന്‍ നിനക്കു കഴിയുന്നു..? ഒന്ന് പൊട്ടിക്കരയരുതോ മോളേ നിനക്ക്..” ക്രിസ്മസ് പപ്പയുടെ മുഖമുള്ള ഫാദര്‍ ആന്‍ഡ്രൂസ് ലിറ്റിയുടെ കവിളുകളില്‍ മുത്തമിട്ടുകൊണ്ട് ചോദിച്ചു.

ലിറ്റി ഫാദറിനെ നോക്കി അപ്പോഴും ഒന്നു പുഞ്ചിരിച്ചു. പിന്നെ തന്റെ വലതു കൈവെള്ള നിവര്‍ത്ത് അതിലുള്ള യേശുദേവന്റെ കുഞ്ഞു ക്രൂശിത രൂപം ഫാദറിനെ കാണിച്ചു… “ഫാദറ് ഈ ക്രൂശിത രൂപം കണ്ടോ.. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും വേദന കുത്തിനോവിക്കുമ്പോള്‍ ഈ ക്രൂശിത രൂപം മുറുകെപ്പിടിച്ചുകൊണ്ട് യേശുദേവന്‍ ഈ ക്രൂശില്‍ കിടന്ന് സഹിച്ച വേദനയെ ഞാനോര്‍ക്കും. യേശു എനിക്കു വേണ്ടി സഹിച്ച ആ വലിയ വേദന ഞാനോര്‍ക്കുമ്പോള്‍ എന്റെയീ ശരീര വേദന ഞാനറിയാതെ മറന്നു പോകും… ഞാനെല്ലാം സഹിച്ചുപോകും….“

ലിറ്റിയുടെ വാക്കുകള്‍ ഒരിക്കലും പതറാത്ത ഫാദറിന്റെ കണ്ണുകളെപ്പോലും ഈറനണിയിപ്പിച്ചു… അന്ന് ലിറ്റിയുടെ ശ്വാസം എന്നന്നേയ്ക്കുമായി നിലച്ചു. റോസ് നഗരം കണ്ണിരില്‍ മുങ്ങിയ ദിനമായിരുന്നു അത്.

“ദൈവത്തിന്റെ പൂന്തോട്ടത്തിലെ പൂക്കളാണ് കുട്ടികള്‍… ദൈവം തന്റെ പൂന്തോട്ടത്തില്‍ നിന്ന് തനിക്കിഷ്ടമുള്ള മനോഹരമായ ഒരു പൂവ് പറിച്ചെടുത്തു..അത് നമ്മുടെ ലിറ്റിയായിരുന്നെന്ന് മാത്രം” ലിറ്റിയുടെ മാതാപിതാ‍ക്കളെ ആശ്വസിപ്പിച്ചുകൊണ്ട് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞത് അതായിരുന്നു

“എല്ലാം മായയാകുന്നു. ഈ ഭൂമിയും അതിലുള്ളതൊക്കെയും വെറും മായയത്രേ.. മനുഷ്യജീവിതം വയലിലെ പൂവിനു സമമാകുന്നു.. ഇന്നത് കാണും.. നാളെയത് വാടിപ്പോകുന്നു…ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ? ഹേ മരണമേ നിന്റെ വിജയം എവിടെ..." ലിറ്റിയുടെ ശവസംസ്കാര ചടങ്ങിലെ ലഘു പ്രസംഗത്തില്‍ ഫാദര്‍ ആന്‍ഡ്രൂസ് വികാരഭരിതനായി.

“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമത്രേ....ഇതാകുന്നു അവസാനമെങ്കില്‍… പണ്ഡിതന്മാര്‍ തങ്ങളുടെ പാണ്ഡിത്യത്തില്‍ പുകഴുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ രാജാക്കന്മാര്‍ തങ്ങളുടെ അധികാരത്തില്‍ അഹങ്കരിക്കുന്നത് എന്തിന്..? ഇതാകുന്നു അവസാ‍നമെങ്കില്‍ യൌവ്വനക്കാര്‍ തങ്ങളുടെ യൌവനത്തില്‍ ചാഞ്ചാടുന്നത് എന്തിന്…? ഇതാകുന്നു അവസാനമെങ്കില്‍ ധനവാന്മാര്‍ തങ്ങളുടെ ധനത്തില്‍ അഹങ്കരിക്കുനനത് എന്തിന്...? എല്ലാം മായത്രേ.. ഈ ഭൂമിയും അതിലുള്ളതൊക്കെയും നശ്വരമത്രേ….“ കണ്ണു നീരോടെയാണ് ഫാദര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കണ്ണിരില്‍ മുങ്ങിയ വലിയൊരു ജനാവലിയുടെ അകമ്പടിയോടു കൂടി അന്ന് ലിറ്റിയുടെ കുഞ്ഞു ശവശരീരം റോസ് നഗരത്തിലെ ഭദ്രാസനപ്പള്ളി സെമിത്തേരില്‍ അടക്കം ചെയ്യുമ്പോള്‍ ഭൂമിയില്‍ ഇരുട്ടു വ്യാപിക്കുകയായിരുന്നു...

Wednesday, September 3, 2008

02. ആ കണ്ണുകളിലെ തീവ്രത ഞാന്‍ അറിയുന്നൂ

കലാലയ സന്ധ്യകള്‍.!!
മരിച്ച മാര്‍ച്ചിന്റെ ജീവനുള്ള ദിവസങ്ങള്‍ ഞാന്‍ തിരയുന്നു...

മറക്കണമെന്ന്‌ ഓര്‍മ്മിപ്പിക്കലാണ്‌
മാര്‍ച്ചിന്റെ നിയോഗം.മതിയായില്ലെന്ന്‌ അറിഞ്ഞിട്ടും
നോവിന്റെ യവനികയുയര്‍ത്തിഅഭിനയിക്കാനാവശ്യപ്പെടലാണ്‌
അതിന്റെ വിധി.ഒടുവില്‍ കരയാതെ നിന്ന കണ്‍കളിലേക്ക്‌
അരങ്ങിലെ ഇരുട്ട്‌ താഴ്‌ത്തിമറയുമ്പോഴാണ്‌അതിന്റെ ജന്മം പൂര്‍ണമാവുക.

മാര്‍ച്ചിലൂടെ കടന്നുപോകുന്ന ഓരോ തലമുറയ്ക്കും ഇത് നിസ്സഹായതയുടെ വാതില്‍പ്പുറങ്ങള്‍.
കാമ്പസ് ഇന്ന് വിജനമാണ്. ഇത് വഴി നടന്ന ഓരോ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല.

സൗഹൃദത്തിന്റെ കാണാപ്പുറങ്ങളെ മനസ്സിന്റെ തൂലികയാല്‍ പകര്‍ത്താന്‍ വെമ്പുന്ന നിസ്സഹായത എന്നെ വീര്‍പ്പുമുട്ടിക്കുന്നു.ഇന്ന്ഏകാന്തതയുടെ ചിലന്തിവലകള്‍ മാത്രം...കൗമാരസ്വപ്നങ്ങളില്‍ വിരിഞ്ഞ കാമിനിമാരുടെ മുഖങ്ങളില്ല.ബന്ധങ്ങളിലെ വൈവിധ്യങ്ങളില്ല. കാമ്പസ് പ്രണയങ്ങളിലെ കമിതാക്കളുംഇല്ല. എന്റെ മനസ്സിന്റെ നൊമ്പരങ്ങളുടെ പ്രതീകം പോലെ പൂത്തുനില്‍കുന്ന വാകമരങ്ങള്‍ മാത്രം.ഓര്‍മകളും സ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കുവെച്ചും പരിഭവങ്ങള്‍ പങ്കിട്ടും എനിക്ക് മുന്നെ പടിയിറങ്ങിയ ആത്മാവിനൊപ്പം എനിക്കും എത്തണം...


എല്ലാം ഇന്ന് വിജനമായിരിക്കുന്നു.എല്ലാവരും ഒന്നിച്ചുണ്ടായിരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍‍, അസുലഭമുഹൂര്‍ത്ഥങ്ങള്‍...ഇന്ന്നമ്മള്‍ പിരിയുകയാണ്.കരിയിലകള്‍ ചിക്കിമാറ്റി തണല്‍മരത്തിന്റെ കീഴില്‍ ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍.എന്റെ ജീവന്റെ തുടിപ്പുകള്‍ ഇവിടെ ഉപേക്ഷിച്ച് ഞാന്‍ മടങ്ങുകയാണ്.

ആത്മ ബന്ധത്തില്‍ പെയ്തിറങ്ങിയ സൌഹൃദങ്ങള്‍ പങ്കുവെച്ച ഹരിതദിനങ്ങളോട് എനിക്കും വിടപറയേണ്ടി വരുന്നു. കൗമാരത്തിന്റെ കൗതുകങ്ങളില്‍ കണികൊന്ന വിരിയിച്ച് തന്ന കലാലയം.... പ്രണയത്തിന്റേയും സ്വപ്നങ്ങളുടേയും മോഹഭം‌ഗങ്ങളുടേയും ഒരുപാട് കഥകള്‍ പറയാനുണ്ട് ഇവിടുത്തെ ഓരോ ഇടനാഴികള്‍ക്കും. അകന്നിട്ടും അടരാന്‍ മടിച്ച് ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു കിടക്കുന്ന പ്രണയകാലം... ഇവിടെ ഒരുപാടു പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചിരുന്നു.ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് ജന്‍മങ്ങള്‍ ചിറകു തളര്‍ന്നു വീണതും ഇവിടെയാണ്‌ .

വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവര്‍, അതേസമയം ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം ഒതുങ്ങേണ്ടിവന്ന മറ്റുചില മനുഷ്യക്കോലങ്ങള്‍. ഈ ഇടനാഴികളില്‍ പ്രണയത്തിന്റെ നോവുണ്ട്, സൗഹൃദത്തിന്റെആര്‍ദ്രതയുണ്ട്,വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്.ഇവിടെ ഞാനുണ്ട്, എന്റെ മനസ്സുണ്ട് പിന്നെ നിങ്ങളില്‍ ആരൊക്കെയോയുണ്ട്.പലവഴിപിരിഞ്ഞുപോയ കൂട്ടുകാര്‍,ലക്ഷ്യം കാണാത്ത പ്രണയങ്ങള്‍ ,പങ്കുവെച്ച സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം ഇതെല്ലാം ഇടനാഴിയുടെ ആര്‍ദ്രമായ വായുവില്‍ ഞാന്‍ തൊട്ടറിയുന്നു .

എങ്കിലും, ഇവിടുത്തെ കരിങ്കല്‍ ചുമരില്‍ പറ്റിപ്പിടിച്ച ചുവന്ന മണ്ണ് എങ്ങനെ കറുത്തു പോയെന്ന് അത്ഭുതം കൂറുന്നവര്‍ക്കു അവളെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമെന്ന് കരുതി...


"എന്റെ ഹൃദയത്തിന്റെ കോണില്‍ നിന്നും അലിഞ്ഞു പോയ സ്നേഹത്തിന്റെ സ്പന്ദനങ്ങളാണ് അതില്‍ പറ്റിപ്പിടിച്ചതെന്ന്"
നിനക്കു ഞാന്‍ തന്ന പ്രണയത്തില്‍ രക്ത സാക്ഷിയായത് എന്റെ ഹൃദയം മാത്രമായിരുന്നില്ല അതില്‍ കൂടു കൂട്ടിയിരുന്ന ഒരായിരം കുഞ്ഞുമാലാഖമാരും കൂടെയുണ്ടായിരുന്നു.മുളയ്ക്കും മുമ്പ് തന്നെ കരിക്കപ്പെട്ട ചിറകുകളുമായി ഈ ഇടനാഴിയില്‍ ഇപ്പോഴും പറക്കാന്‍ കൊതിച്ചു നില്‍പ്പുണ്ട്. മഴക്കാല രാത്രികളിലോന്നില്‍ നീ വന്നാല്‍ നിനക്കും അത് തൊട്ടറിയാം...




ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ അത് ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.കാലങ്ങളേറെ കഴിഞ്ഞിട്ടും നിര്‍വചനങ്ങളില്‍ ഒതുങ്ങാത്തവര്‍ പ്രണയത്തിന്റെതീരത്തും അടുക്കുന്നു. കാമ്പസ് ബന്ധത്തിന്റെ പവിത്രത ഇന്ന് അണയുകയാണൊ?

പുതിയ തലമുറ വേര്‍പാടിന്റെ നിമിഷങ്ങളില്‍ നഷ്ടങ്ങളേയോര്‍ത്ത് സങ്കടപ്പെടുകയും പിരിഞ്ഞുപോകുന്ന സൌഹൃദങ്ങളെ ഓര്‍ത്ത് വിലപിക്കുകയും ചെയ്യുന്നുണ്ടോ...




ഒരു വേള, ഞാനും വീണ്ടുമാ സ്നേഹസൗഹൃദം പങ്കുവെയ്ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
സുഹൃത്ത്‌കാല ഓര്‍മ്മകള്‍ ചികയവേ
മനസ്സില്‍ എത്തിയത് അവളുടെ മുഖമായിരുന്നു.
എന്റെ ആട്ടൊ ഗ്രാഫിന്റെ താളില്‍ സ്നേഹത്തെകുറച്ച് ഒരു വരി എഴുതിയിരുന്നു അവള്‍

"സ്നേഹം" രണ്ട് സുവര്‍ണ്ണലിപികളാല്‍ കടഞ്ഞെടുത്ത പ്രതീകമെന്ന്
അതിലൊന്ന് നീയും അതിലൊന്ന് ഞാനുമെന്ന്"

ആ കണ്ണുകളിലെ തീവ്രത ഞാന്‍ അറിയുന്നൂ

ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്
അവളുടെ വാക്കുകള്‍ക്ക് അഗ്നിയുടെ ചൂടായിരുന്നു എന്ന്.
ചിലപ്പോള്‍ മഞ്ഞിന്റെ തണുപ്പും
അതിലേറെ ആശ്വാസത്തിന്റെ തലോടലും.


വിരഹം പ്രകൃതിയുടെ നിയമമെന്നറിഞ്ഞിട്ടും, അര്‍ത്ഥശൂന്യമായ ഒരു ചെറുത്തുനില്പിനായി ഈ താളുകള്‍ മതിയാകുന്നില്ല എന്നറിഞ്ഞിട്ടും വേര്‍പാട് അനിവാര്യമാകുന്ന ഈ നിമിഷത്തില്‍ എനിക്കും പ്രകൃതിയുടെ വാതായനങ്ങള്‍ക്കപ്പുറം അകലേണ്ടിയിരിക്കുന്നു.ചുട്ടുപഴുത്ത ചിന്തകളുടെ മുള്‍മുനയില്‍ നിന്നും എനിക്ക് മുന്‍പേ അകന്നുപോയ എന്റെ ആത്മാവിനെ ഞാന്‍ കാണുന്നുവെങ്കില്‍ അതിന്റെ ഭാഷഎന്നെ തിരിച്ചറിഞ്ഞുവെങ്കില്‍ ഞാന്‍ എന്റെ മായാലോകത്തിന്റെ പടവുകളില്‍ എത്തിയിരിക്കുന്നു എന്ന് എനിക്കും ആശ്വസിക്കാം!!!

Tuesday, August 26, 2008

വിവാഹ വാര്‍ഷികം

അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള നാലും മക്കളും തീരുമാനിച്ചു. അപ്പച്ചന്റെ നാലു ആണ്‍മക്കളും അവരുടെ കുടുബവുമൊക്കെ അങ്ങ് അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. ഏതായാലും അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട് ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ കുടുംബവീട്ടിലെത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…

വിവാഹവാര്ഷിക ദിനത്തിന്‍ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും, തലചുറ്റലും അനുഭവപ്പെട്ടു.. അപ്പച്ചനു എവിടെയെങ്കിലും ഒന്നു കിടന്നേ മതിയാവൂ.. അപ്പച്ചന്‍ നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ ഇളയമകന്‍ റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.

"മോനേ റോയിച്ചാ എനിക്കൊന്നു കിടക്കണമെടാ…നീയും കൂട്ടുകാരും ഇവിടെ നിന്നൊന്നു മാറി തരുമോ…’ അപ്പച്ചന്‍ റോയിച്ചനോട് ആവശ്യപ്പെട്ടു…

"എന്റെ അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ.. ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. അപ്പച്ചന്‍ അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍ നോക്ക്…” റോയിച്ചന്‍ എടുത്തടിച്ചതുപോലെ പറഞ്ഞു…

അപ്പച്ചന്‍ അടുത്ത മുറിയിലെത്തി അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള് അവിടെ കൊച്ചുമക്കളെല്ലാവരും കൂടി കളിക്കുകയാണ്…

കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.
ശരീരമൊക്കെ തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന്‍ അടുക്കളയിലേക്ക് നടന്നു. അവിടെയാണെങ്കില്‍ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് പാചകം ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്…

"നിങ്ങളെന്നാ മനുഷ്യനെ അടുക്കളയില്‍ കിടന്ന് കറങ്ങുന്നത്…..അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…” അപ്പച്ചനെ കണ്ടതും അമ്മച്ചിക്ക് വല്ലാ‍ത്ത കലികയറി… കര്‍ത്താവേ ഇനിയും എവിടെയൊന്നു തലചായ്ക്കും…?

മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിപോലും തന്നെ മനസ്സിലാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു…അപ്പച്ചന്‍ തപ്പി തടഞ്ഞ് മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന്‍ നാട്ടിലെത്തിയപ്പോള്‍ അമ്പതിനായിരം രൂപ ചിലവാക്കി പണിത പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി ഉറങ്ങുന്നത് അപ്പച്ചന്‍ കണ്ടു. പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…
തീരെ അവശനായ അപ്പച്ചന്‍ പട്ടിക്കൂട് തുറന്ന് ടോമിക്കൊപ്പം കിടന്നു…

അടുത്ത ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു..

“എവിടെ അപ്പച്ചന്‍…?” കൊച്ചുമക്കളിലാരോ ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും, മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..

“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു…

“അയ്യോ അമ്മച്ചി.. അപ്പച്ചന്‍ ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…

“അയ്യേ.. ഇതെന്നാ അച്ചായനിങ്ങനെ… വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന് അരിശം വന്നു “കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട് എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി…

എല്ലാത്തിനും സാക്ഷി അവരുടെ വളര്‍ത്തു നായ ടോമി മാത്രം….

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..