Friday, August 20, 2010

Gagultha Malayil

Friday, October 16, 2009

ഇങ്ങനെയും ഒരാള്‍ - - അനൂപ്

ഇങ്ങനെയും ഒരാള്‍ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ?


രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരി ഇരുപതാം തീയതി ഒരപകടത്തില്‍പ്പെട്ട് അനൂപ് ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടു. അള്‍ത്താരയും പള്ളിയും പൌരോഹിത്യവും സ്വപ്നം കണ്ട അനൂപ് ഇപ്പോള്‍ ദൈവപിതാവിന്റെ മടിയിലാണ്, തീര്‍ച്ച. ലോകത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തവനായതിനാലാകണം ദൈവം അനൂപിനെ ഇത്രയും നേരത്തെ സ്വീകരിച്ചത്...


"ഞാനൊരു ഭ്രാന്തനാകാനാഗ്രഹിക്കുന്നു; അങ്ങനെയായാല്‍ ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ വിധിക്കപ്പെടുകയില്ല. അങ്ങ് ആഗ്രഹിക്കുന്നതു പോലെ, ദൈവമേ, എന്നെ ആക്കിത്തീര്‍ക്കണമെ.''

23 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ ആദ്ധ്യാത്മിക അനുഭവത്തിന്റെ കുറിമാനമാണിത്. പതം വന്ന ഒരാദ്ധ്യാത്മിക മനുഷ്യനില്‍നിന്നുപോലും വരാത്ത ഇത്തരത്തിലൊരു ചിന്ത ഈ ചെറുപ്പക്കാരന് എങ്ങനെകിട്ടി? താന്‍ കിടക്കുന്ന മുറിയില്‍, നൂറടി ദൂരത്തുനിന്നുംപോലും വായിക്കാന്‍ പറ്റുന്ന വലിപ്പത്തില്‍ എഴുതാനുള്ള ആഴമായ വിശ്വാസം എവിടെ നിന്നുംകിട്ടി? ഈ ചെറുപ്പക്കാരന്‍ എന്നെ വെല്ലുവിളിക്കുന്നു. ഈ ചിന്തയിലൂടെ ഒരു മറുചോദ്യം ചോദിക്കാന്‍ പോലും എനിക്കാവാത്തവിധം എന്റെ മനസിനെയും ചുണ്ടുകളെയും ഈ സഹോദരന്‍ ബന്ധിച്ചിരിക്കുന്നു, ഈയൊറ്റ ചിന്തയിലൂടെ. മനസിന്റെ ആഴങ്ങളില്‍ത്തട്ടാതെ ദൈവത്തെ വിളിക്കുകയും, മനുഷ്യനെ കാണുകയും ചെയ്യുന്നവരുടെ മുമ്പില്‍ ഇതാ ഈ ചെറുപ്പക്കാരന്‍ ഒരു വെല്ലുവിളിയായി നില്ക്കുന്നു.

അനൂപ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ...ചുറ്റിലുമുണ്ടായിരുന്ന മനുഷ്യരില്‍നിന്ന് അവന്‍ വ്യത്യസ്തനായിരുന്നില്ല. മനുഷ്യരുടെ ദു:ഖങ്ങളും വേദനകളും ആവശ്യങ്ങളും ശ്രദ്ധിച്ചിരുന്നു. വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ സദ്ഗുണം അവനിലുണ്ടായിരുന്നു.

ആവശ്യക്കാരന് തനിക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്ത് ശാന്തനായി അവന്‍ ജീവിച്ചു. സമപ്രായക്കാര്‍ക്ക് അവന്‍ ഒരു അപരിചിതമേഖലയില്‍ ജീവിക്കുന്നവനായിത്തോന്നി. ചെറുപ്പത്തിന്റെ നിയന്ത്രണാതീതമായ ആകാംക്ഷയും അക്ഷമയും താന്‍പോരിമയും അനൂപിന് അന്യമായിരുന്നു. മനുഷ്യരെ ദൈവംകാണുന്നതുപോലെ കാണാന്‍ അവനാഗ്രഹിച്ചു.

അനൂപിന് ആവശ്യങ്ങളൊന്നുമില്ലായിരുന്നു: ഉള്ളതുകൊണ്ട് ജീവിക്കുക...കൂടുതല്‍ ആഗ്രഹിക്കാതിരിക്കുക, ആവശ്യക്കാരന് എല്ലാം കൊടുക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നിട്ടും, സാധാരണക്കാര്‍ ഉപയോഗിക്കുന്നതിനപ്പുറത്തേക്കൊന്ന് ഉപയോഗിക്കാന്‍ അനൂപ് ആഗ്രഹിച്ചില്ല.

അനൂപിന്റെ ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ദൈവസന്നിധിയില്‍ നിന്നായിരുന്നു. അതിരാവിലെ ഇടവകപ്പള്ളിയിലെത്തി കുര്‍ബ്ബാനസഹായിയായി നില്ക്കുന്ന അനൂപ ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. എല്ലാം മറന്ന്, ഏതോ ഒരു ആദ്ധ്യാത്മിക മേഖലയില്‍ ജീവിക്കുന്ന ഒരു വിശുദ്ധന്റെ ഭാവമായിരുന്നു അനൂപനെന്ന് നാട്ടുകാര്‍ പറയുന്നു.

ഒരിക്കല്‍ തന്റെ പിതാവിന്റെ അസാന്നിദ്ധ്യത്തില്‍ കടയിലിരിക്കുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരച്ചന്‍ സാധനങ്ങള്‍ വാങ്ങാനെത്തി. അനൂപ് വളരെ ബഹുമാനത്തോടെ അച്ചനോടു ചോദിച്ചു: " ഞാനൊരു സംശയം ചോദിച്ചോട്ടെ?'' "ചോദിക്കൂമോനെ'' അച്ചന്‍ സമ്മതിച്ചു. " അച്ചന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ?''


ആ ചോദ്യം അച്ചനെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. സത്യസന്ധനായ അച്ചന്‍ ഏറെ നേരം അനൂപിന്റെ മുഖത്ത് നോക്കിനിന്നു.... ഉത്തരമൊന്നും പറഞ്ഞില്ല... അതൊരു അന്വേഷണത്തിന്റെ തുടക്കമായിരുന്നു അച്ചന്റെ ജീവിതത്തില്‍! ~ഒരിക്കലും നമ്മള്‍ അന്വേഷിക്കാത്ത ഒരു സത്യം...

ഉത്തരമൊന്നും പറയാതെ അച്ചന്‍ അവനോടു യാത്രചോദിച്ചു. മാസങ്ങളോളം അച്ചന്‍ അനൂപിന്റെ ചോദ്യത്തെപ്പറ്റി ധ്യാനിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ അനൂപിന്റെ ചോദ്യം പുനര്‍ജന്മംകൊണ്ടു... ആ ചോദ്യം അച്ചനിലൂടെ അനൂപ് ആയിരങ്ങളോടു ചോദിച്ചു.! അനൂപിന്റെ ചോദ്യത്തിന് സത്യസന്ധമായി നമുക്കുത്തരം പറയാന്‍ ബാധ്യതയില്ലേ?

ഈ ചോദ്യത്തിന് അനൂപിന് ഉത്തരമുണ്ടായിരുന്നു. അവന്റെ അമ്മയോടവന്‍ പറഞ്ഞിരുന്നു,"അമ്മേ, അമ്മ സന്തോഷമായി ജീവിക്കണം. അമ്മയ്ക്ക് വിശുദ്ധനായ ഒരു മകനുണ്ട്...'' ഇത്രയും ഉറപ്പോടെ ഒരാള്‍ക്ക് തന്നെപ്പറ്റിത്തന്നെ പറയാന്‍ കഴിയണമെങ്കില്‍ ആ മനുഷ്യന്‍ ആഴമായ ദൈവാനുഭവമുള്ളവനായിരിക്കണം. അനൂപിന്റെ ഒരു പുണ്യജന്മമായിരുന്നു.


അനാവശ്യമായയാതൊന്നും വാങ്ങി ഉപയോഗിക്കാനുള്ള അവകാശം നമുക്കില്ലെന്ന് അവന്‍ വിശ്വസിച്ചു. വീട്ടിലെ കാറില്‍ യാത്രചെയ്യുന്നതുപോലും അനൂപ് ഒഴിവാക്കിയിരുന്നു. ചുറ്റിലുമുള്ളവര്‍ക്ക് കാറില്ലാത്തപ്പോള്‍ തനിക്കുമാത്രം അതില്‍ സഞ്ചരിക്കാന്‍അവകാശമില്ലെന്നവന്‍ വിശ്വസിച്ചു. ചീത്തയായ ഒരു വാക്കോ, നോട്ടമോ, പ്രവൃത്തിയോ അനൂപില്‍ നിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാരും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു! അനൂപ് ഒരു ദേശത്തിന്റെ , ഇടവകയുടെ , ഓരോ കുടുബത്തിന്റെയും പ്രകാശഗോപുരമായിരുന്നു.

രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരി ഇരുപതാം തീയതി ഒരപകടത്തില്‍പ്പെട്ട് അനൂപ് ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടു. അള്‍ത്താരയും പള്ളിയും പൌരോഹിത്യവും സ്വപ്നം കണ്ട അനൂപ് ഇപ്പോള്‍ ദൈവപിതാവിന്റെ മടിയിലാണ്, തീര്‍ച്ച. ലോകത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തവനായതിനാലാകണം ദൈവം അനൂപിനെ ഇത്രയും നേരത്തെ സ്വീകരിച്ചത്...

ആലുവായ്ക്കടുത്തുള്ള മേയ്ക്കാട് ഇടവയിലെ തെറ്റയില്‍ സ്റീഫന്‍ കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ് അനൂപ്. അവര്‍ക്കപ്പുറത്തേക്ക് അവന്‍ വളരുകയും ജീവിക്കുകയും ചെയ്തു, ഒരു ദീപസ്തംഭമായി... അനൂപിന്റെ ജന്മം, അവന്റെ മാതാപിതാക്കളുടെയും, സാനു എന്ന സഹോദരന്റെയും ബന്ധുക്കളുടെയും ആദേശത്തിന്റെയും ഭാഗ്യം...ആ മാതാപിതാക്കളും സഹോദരനും ബന്ധുക്കളും ഒരു പാട് പുണ്യം ചെയ്തവര്‍... അവര്‍ക്ക് ഇങ്ങനെയൊരു മനുഷ്യന്റെ മാതാപിതാക്കളും , ബന്ധുക്കളുമാകാന്‍ പറ്റിയല്ലോ...


.പീറ്റര്‍ കൊച്ചാലുങ്കല്‍ ഇ.ങ.ക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..