Tuesday, January 27, 2009

ദിവ്യസാന്നിധ്യത്തിന്റെ താങ്ങ്

ദിവ്യസാന്നിധ്യത്തിന്റെ താങ്ങ്

പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റും കവിയുമായിരുന്നു വിക്ടര്‍ ഹ്യൂഗോ (1802-1885). "പാവങ്ങള്‍'', "നോട്ടര്‍ഡാമിലെ കൂനന്‍'' എന്നിങ്ങനെയുള്ള വിഖ്യാതകൃതികളുടെ കര്‍ത്താവായ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്:

ഒരിക്കല്‍ ഹ്യൂഗോയുടെ സുഹൃത്തായ ലെക്കോണ്‍ടെ ലൈല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. അപ്പോള്‍ അദ്ദേഹം തന്റെ പൂന്തോട്ടത്തില്‍ ചിന്തയിലാണ്ടുകിടക്കുകയായിരുന്നു.

"അങ്ങ് എന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്?'' ലൈല്‍ സൌഹൃദപൂര്‍വം ചോദിച്ചു. അപ്പോള്‍ ഹ്യൂഗോ പറഞ്ഞു: "ദൈവത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ, അവിടുത്തെ മുഖാമുഖം കാണുമ്പോള്‍ ഞാന്‍ എന്താണു പറയുവാന്‍ പോകുന്നത് എന്നതിനെക്കുറിച്ചും.''

ഫ്രഞ്ച് സാഹിത്യത്തിലെ മുടിചൂടാമന്നനായി എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ഹ്യൂഗോ മരിച്ചത്. അദ്ദേഹം മരിച്ചു ദൈവത്തെ മുഖാമുഖം കണ്ടപ്പോള്‍ ദൈവത്തോട് എന്താണു പറഞ്ഞത് എന്നു നമുക്കറിഞ്ഞുകൂടാ. അതുപോലെ, ദൈവത്തെ മുഖാമുഖം കാണുമ്പോള്‍ എന്തുപറയാനാണ് അദ്ദേഹം പ്ളാനിട്ടിരുന്നതെന്നും ആര്‍ക്കുമറിയില്ല.

എന്നാല്‍, ഒരു കാര്യം തീര്‍ച്ചയാണ്. മരണവും മരണാനന്തരജീവിതവുമൊക്കെ വിക്ടര്‍ ഹ്യൂഗോയുടെയും ചിന്തയുടെ ഒരു വിഷയമായിരുന്നു. സാഹിത്യസൃഷ്ടിക്കായി തന്റെ ജീവിതംമുഴുവന്‍ മാറ്റിവച്ചപ്പോള്‍പോലും തന്നെക്കുറിച്ച് ദൈവത്തിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ജീവിതത്തില്‍ ഏറെ തിരക്കുള്ളവരാണു നമ്മള്‍. ഒരുപക്ഷേ, ജീവസന്ധാരണത്തിനുവേണ്ടി അനുദിനം ഏറെ കഷ്ടപ്പെടുന്നവരുമാകാം നമ്മള്‍. എന്നാല്‍, ജീവിതത്തിലെ തിരക്കുകളും കഷ്ടപ്പാടുകളുമൊന്നും ദൈവത്തെ മറക്കുവാന്‍ ഒരിക്കലും ഇടവരുത്തരുത്.

അതുപോലെ, നാം തയാറാണെങ്കിലും അല്ലെങ്കിലും ഒരുദിവസം നമുക്കെല്ലാവര്‍ക്കും ദൈവത്തിന്റെ മുമ്പില്‍ ഹാജരാകേണ്ടിവരും. അപ്പോള്‍, നമ്മുടെ ജീവിതത്തെക്കുറിച്ച് അവിടുന്ന് കണക്കുചോദിക്കുമെന്നതില്‍ സംശയംവേണ്ട.

ദൈവം മുഖാമുഖം നമ്മുടെ ജീവിതത്തെക്കുറിച്ചു കണക്കുചോദിക്കുമ്പോള്‍ എന്തായിരിക്കും അവിടുത്തോടു നമുക്കു പറയാനുണ്ടാവുക? ഹ്യൂഗോ ചെയ്തതുപോലെ അവിടുത്തോടു പറയേണ്ട കാര്യങ്ങളെക്കുറിച്ചു നാം ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങുന്നതു നല്ലതല്ലേ?

നല്ല പ്രായത്തോളം ഭൂമിയില്‍ ജീവിച്ചിരുന്നതിനുശേഷമാണ് ഹ്യൂഗോ മരിച്ചത്. എന്നാല്‍, നമ്മിലെത്രപേര്‍ക്ക് ദീര്‍ഘായുസ് ലഭിക്കും എന്നു നമുക്കറിയാമോ? ഒരുപക്ഷേ, ആരും പ്രതീക്ഷിക്കാത്ത സമയത്തു നമ്മില്‍ പലരും ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുകയില്ലേ?

നമ്മുടെയിടയില്‍ ഓരോ ദിവസവും രോഗംമൂലവും അപകടംമൂലവും ജീവന്‍ നഷ്ടപ്പെടുന്നവര്‍ എത്രയോ അധികമാണ്! അതുപോലെ, അങ്ങനെ മരിക്കുന്നവരില്‍ എത്രയോ പേര്‍ വളരെ ചെറുപ്പവുമാണ്!

നല്ല പ്രായത്തോളം ജീവിച്ചിരുന്നതിനുശേഷമേ മരിക്കൂ എന്ന് ആരെക്കുറിച്ചും നമുക്കു ഗാരന്റി പറയാനാവില്ല. അങ്ങിനയെങ്കില്‍, നമ്മുടെ മരണത്തെക്കുറിച്ചും നാം ഇടയ്ക്കിടെ ആലോചിക്കേണ്ടതല്ലേ? അതുപോലെ, പ്രതീക്ഷിക്കാത്ത സമയത്തു മരണം നമ്മെ പിടികൂടാനിടയുണ്െടങ്കില്‍ നമ്മുടെ മരണത്തിനുള്ള തയാറെടുപ്പ് നാം വച്ചുതാമസിപ്പിക്കാമോ?

കാന്‍സര്‍പോലെയുള്ള മാരകരോഗം ബാധിച്ചയാളുകള്‍ അവരുടെ മരണത്തിന് ഒരുങ്ങുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. കടുത്ത വേദനയ്ക്കും ദുഃഖത്തിനുമിടയിലും എത്രയോ താല്‍പര്യത്തോടെയാണ് അവര്‍ തങ്ങളുടെ ജീവിതത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നത്! അതുപോലെ, എത്ര തീക്ഷ്ണതയോടെയാണ് അവര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നതും അവയ്ക്കു പരിഹാരം ചെയ്യുന്നതും!

ജീവിതം സാമാന്യം നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഒരുപക്ഷേ, മരണത്തെക്കുറിച്ചു ചിന്തിക്കാനും മരണത്തിനായി ഒരുങ്ങുവാനും നമുക്കു യാതൊരു പ്രേരണയും തോന്നിയില്ലെന്നു വരും. പക്ഷേ, അപ്പോഴും മരണം കള്ളനെപ്പോലെ അപ്രതീക്ഷിതസമയത്തു കടന്നുവരാം എന്നതു നാം മറക്കരുത്.

എങ്ങനെയാണു നമുക്കു മരണത്തിനൊരുങ്ങുവാന്‍ സാധിക്കുക? പ്രത്യേകിച്ചും നാം എപ്പോഴാണു മരിക്കുന്നതെന്നു നമുക്കറിയാന്‍ പാടില്ലാത്ത സാഹചര്യത്തില്‍?

ദൈവശാസ്ത്രജ്ഞരുടെ ഗണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍നില്‍ക്കുന്ന വിശുദ്ധനാണു തോമസ് അക്വിനാസ് (1225-1274). വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തോട് ഒരിക്കല്‍ ഒരു സഹസന്യാസി ചോദിച്ചു: "മരണത്തിനു നാം എങ്ങനെയാണ് ഒരുങ്ങുക?''

അപ്പോള്‍ അക്വിനാസ് പറഞ്ഞു: "എപ്പോഴും ദൈവത്തിന്റെ സാന്നിധ്യത്തില്‍ നടക്കുക. അങ്ങനെ ചെയ്താല്‍, ദൈവസന്നിധിയിലെത്തുമ്പോള്‍ അവിടുത്തേക്കു കണക്കുകൊടുക്കുന്നതിനു നാം എപ്പോഴും തയാറായിരിക്കും.''

വിശുദ്ധ അക്വീനാസ് പഠിപ്പിച്ചതുപോലെ, ദൈവത്തിന്റെ സാന്നിധ്യത്തില്‍ എന്നും നടക്കുവാന്‍ നമുക്കു സാധിച്ചാല്‍ നമ്മുടെ ജീവിതം മരണത്തിനെപ്പോഴും തയാറായിരിക്കും. അതുപോലെ, ദൈവത്തിന്റെ സാന്നിധ്യത്തില്‍, അവിടുന്ന് ആഗ്രഹിക്കുന്നതുപോലെയാണു നാം ജീവിക്കുന്നതെങ്കില്‍ അവിടുത്തെ മുഖാമുഖം കാണുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് കണക്കുകൊടുക്കുക എന്നുള്ളത് ഏറ്റവും സന്തോഷകരമായ ഒരു കാര്യമായിരിക്കും.

ദൈവം എപ്പോഴും നമ്മുടെകൂടെയുണ്ട്. ആ ദിവ്യസാന്നിധ്യം അനുസ്മരിച്ചുകൊണ്ടു നമുക്കെപ്പോഴും അവിടുത്തെ വഴിയെ നടക്കുവാന്‍ ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം സ്വാഭാവികമായും ദൈവത്തിനു പ്രീതികരമായിക്കൊള്ളും.

ദൈവത്തിന്റെ സാന്നിധ്യം നമുക്കു പ്രതീക്ഷയും ശക്തിയും ധൈര്യവും നല്‍കുന്നു. ആ ദിവ്യസാന്നിധ്യത്തിന്റെ സഹായത്തോടെയാവട്ടെ നാം നമ്മുടെ ജീവിതത്തിന്റെ കണക്കു കൊടുക്കാന്‍ ഒരുങ്ങുന്നത്.





ദീപിക

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..