Sunday, January 25, 2009

രാവും പകലുംപോലെ വിപരീതം

രാവും പകലുംപോലെ വിപരീതം

ഒരിക്കല്‍ സത്യവും അസത്യവും തമ്മില്‍ ഒരിടവഴിയില്‍ കണ്ടുമുട്ടി.

"നമസ്കാരം!'' സത്യം അഭിവാദനം ചെയ്തു.

"നമസ്കാരം!'' ഒരു പച്ചച്ചിരിയോടെ അസത്യം സത്യത്തെ പ്രത്യഭിവാദനം ചെയ്തു. എന്നിട്ടു ചോദിച്ചു: "എങ്ങനെ പോകുന്നു കാര്യങ്ങള്‍?''

ഒരു ദീര്‍ഘനിശ്വാസത്തോടെ സത്യം പറഞ്ഞു: "കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. എന്നെപ്പോലെയുള്ളവര്‍ക്കു സമയം വളരെ മോശമാണ്!''

"അതു കണ്ടാലറിയാം,'' അസത്യം ഉടനേ പ്രതിവചിച്ചു. "കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണല്ലോ നീ ഉടുത്തിരിക്കുന്നത്. എന്തൊരു കോലമാണു നിന്റേത്! നീ ഭക്ഷണം കഴിച്ചിട്ടു കുറേക്കാലമായെന്നു തോന്നുന്നല്ലോ?''

അപ്പോള്‍ സത്യം ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു: "ഉള്ളകാര്യം പറഞ്ഞാല്‍ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുതന്നെ വളരെ നാളായി. ആരും എന്നെ വിളിക്കാറില്ല. ആര്‍ക്കും എന്റെ സഹായവും വേണ്ട. ഞാന്‍ എവിടെപ്പോയാലും ആളുകള്‍ എന്നെ അവഗണിക്കുന്നു. അല്ലെങ്കില്‍ പരിഹസിക്കുന്നു. തന്മൂലം, എനിക്കാകെ മടുപ്പായി. എന്തിനിങ്ങനെ ജീവിക്കണം എന്നു ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചുപോകുന്നു.''

അസത്യം ഏറെ സൌഹൃദം നടിച്ചുകൊണ്ടു പറഞ്ഞു: "നീ എന്റെകൂടെ വരൂ. ജീവിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ നിന്നെ പഠിപ്പിക്കാം. നിനക്കു നല്ല ഭക്ഷണം വേണോ? ഞാന്‍ അണിഞ്ഞിരിക്കുന്നതുപോലെയുള്ള നല്ല പട്ടുവസ്ത്രങ്ങള്‍ വേണോ? എങ്കില്‍ എന്റെ കൂടെ വരൂ. പക്ഷേ, ഒരുകാര്യം. നീ എന്റെ കൂടെ വന്നാല്‍ എനിക്കെതിരായി ഒരുവാക്കും ഉരിയാടുകയില്ലെന്ന് ഉറപ്പുതരണം.''

സത്യത്തിന് അത്ര സ്വീകാര്യമല്ലായിരുന്നു അസത്യം മുന്നോട്ടുവച്ച നിബന്ധന. എങ്കിലും വിശപ്പിന്റെ വിളി രൂക്ഷമായിരുന്നതിനാല്‍ തല്‍ക്കാലം ആ നിബന്ധന സത്യം അംഗീകരിച്ചു.

ഉടനേതന്നെ സത്യത്തെയും കൂട്ടി അസത്യം നല്ലൊരു ഹോട്ടലില്‍ കയറി.

"ഏറ്റവും നല്ല മദ്യവും ഏറ്റവും നല്ല ഭക്ഷണവും എത്രയും വേഗം കൊണ്ടുവരൂ,'' അസത്യം വെയിറ്ററോടു പറഞ്ഞു. അസത്യത്തിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ അയാള്‍ വലിയ പണക്കാരനായിരിക്കുമെന്നു വെയിറ്റര്‍ക്കു തോന്നി. അയാള്‍ എത്രയുംവേഗം വീഞ്ഞുള്‍പ്പെടെയുള്ള ലഹരിപാനീയങ്ങളും നല്ല ഭക്ഷണസാധനങ്ങളും അവരുടെ മേശയില്‍ വിളമ്പി.

അസത്യവും സത്യവും ഒരുമിച്ച് ഒരു മേശയില്‍ നിന്ന് മതിവരുവോളം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവസാനം അവര്‍ക്കു പോകാനുള്ള സമയമായി.

അസത്യം ഉടനേ മേശയില്‍ ശക്തിപൂര്‍വം അടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു മാനേജരെ കാണണമെന്ന് ആവശ്യപ്പെട്ടു. സംഭവം എന്താണെന്നറിയാതെ മാനേജര്‍ ഓടിയെത്തിയപ്പോള്‍ അസത്യം പറഞ്ഞു:

"ഇതെന്തു ഹോട്ടലാണ്! വെയിറ്ററുടെ കൈയില്‍ ഒരു സ്വര്‍ണനാണയം കൊടുത്തുവിട്ടിട്ട് എത്ര നേരമായി! ഇതുവരെ അയാള്‍ ബാക്കി തുകകൊണ്ടുവരാത്തത് എന്തുകൊണ്ടാണ്?''

മാനേജര്‍ വെയിറ്ററെ വിളിച്ചു സ്വര്‍ണനാണയത്തിന്റെ കാര്യം ചോദിച്ചു. പക്ഷേ, അയാള്‍ കൈമലര്‍ത്തി. തന്റെ കൈയില്‍ ആരും സ്വര്‍ണനാണയം തന്നില്ലെന്നു വെയിറ്റര്‍ പറഞ്ഞപ്പോള്‍ അസത്യം സ്വരമുയര്‍ത്തി എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ പറഞ്ഞു:

"ഇതെന്തു കഥ! മാന്യന്മാര്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ വന്നാല്‍ അവരെ കൊള്ളയടിക്കലാണോ നിങ്ങളുടെ തൊഴില്‍? നിങ്ങള്‍ ഒരുപറ്റം നുണയന്മാരും കള്ളന്മാരുമാണ്. എന്നെ ഒരിക്കല്‍ നിങ്ങള്‍ പറ്റിച്ചെന്നിരിക്കും. എന്നാല്‍, ഇനി ഞാന്‍ ഇവിടെ വരുമെന്നു നിങ്ങള്‍ കരുതേണ്ട.''

ഇത്രയും പറഞ്ഞതിനുശേഷം പോക്കറ്റില്‍നിന്ന് ഒരു സ്വര്‍ണനാണയമെടുത്തു മാനേജരുടെ മുമ്പിലേക്കിട്ടുകൊണ്ട് അസത്യം പറഞ്ഞു: "ഇതാ ഒരു സ്വര്‍ണനാണയം. ഇത്തവണയെങ്കിലും എനിക്കു ബാക്കിതരൂ.''

തന്റെ ഹോട്ടലിന്റെ സല്‍പ്പേരു നഷ്ടപ്പെടുമെന്നുകരുതി മാനേജര്‍ ഉടനേ ആ സ്വര്‍ണനാണയം എടുത്ത് അസത്യത്തിനു തിരികെക്കാൈടുത്തു. എന്നു മാത്രമല്ല, ആദ്യം കൊടുത്തുവെന്ന് അവകാശപ്പെട്ട സ്വര്‍ണനാണയത്തിന്റെ ബാക്കിയായി കുറേ തുകകൂടി അസത്യത്തിനു കൊടുത്തുകൊണ്ട് മാനേജര്‍ അയാളോടു ക്ഷമായാചനം ചെയ്തു.

കിട്ടിയ തുക വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് അസത്യം നല്ല ഗമയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ വെയിറ്റര്‍ സ്വന്തം നെഞ്ചത്തടിച്ചുകൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു: "സത്യം എവിടെ? ആരെങ്കിലും എന്നെ വിശ്വസിക്കാന്‍ ഉണ്ടായിരുന്നുവെങ്കില്‍!''

സത്യം സ്വയം പറഞ്ഞു: "ഞാന്‍ എന്താണു ചെയ്തത്? ഒരു ചാണ്‍ വയറിനുവേണ്ടി ഒരു നിരപരാധിയെ ഞാന്‍ ബലികഴിച്ചല്ലോ.'' എത്രയുംവേഗം അസത്യവുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുവാനായി സത്യം അസത്യത്തിന്റെ അരികിലേക്കു ചെന്നു. അപ്പോള്‍ അസത്യം ഒരു ചിരി പാസാക്കിക്കൊണ്ടു പറഞ്ഞു: "കണ്േടാ, ഇതുപോലെയാണ് ലോകത്തിലെ കാര്യങ്ങള്‍ നടക്കുന്നത്. എന്റെ കൂടെ എന്നും പോരൂ. ഞാന്‍ ഇതിലും വലിയ തന്ത്രങ്ങള്‍ പഠിപ്പിക്കാം.''

അപ്പോള്‍ സത്യം പറഞ്ഞു: "എനിക്കു നിന്റെ കൂട്ടുകെട്ടു മതിയായി. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്.''

ഈ സംഭവത്തിനുശേഷം സത്യവും അസത്യവും ഒരുമിച്ചു നടന്നിട്ടില്ലെന്ന് ഗ്രീസില്‍നിന്നുള്ള ഈ മുത്തശ്ശിക്കഥയില്‍ പറയുന്നു.

സത്യത്തിനും അസത്യത്തിനും ഒരുമിച്ചുനടക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? ഒരിക്കലുമില്ല. രാവും പകലുംപോലെ വിപരീതമല്ലേ അവ? ഒന്നിന്റെ സ്ഥാനത്തു മറ്റൊന്നിന് അസ്തിത്വമുണ്േടാ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സത്യത്തിന്റെ കൂടെ കാര്യസാധ്യത്തിനുവേണ്ടി എന്നപേരിലും മറ്റും അസത്യത്തെ ചിലപ്പോഴെങ്കിലും നാം കൂട്ടുപിടിക്കാറില്ലേ? എന്നാല്‍, ഈ കൂട്ടുകെട്ടു വഴിയുണ്ടാകുന്ന നഷ്ടം എത്രമാത്രമാണെന്നു നാം ഓര്‍മിക്കാറുണ്േടാ?

അസത്യം കര്‍ത്താവ് വെറുക്കുകയും സത്യത്തില്‍ അവിടുന്ന് ആനന്ദിക്കുകയും ചെയ്യുന്നു എന്നു വിശുദ്ധഗ്രന്ഥം (സുഭാ: 11,1) പഠിപ്പിക്കുന്നു. ഇതു നാം മറക്കേണ്ട.

സത്യം പറയാതിരിക്കാനും പാലിക്കാതിരിക്കാനുമൊക്കെ ധാരാളം പ്രലോഭനങ്ങള്‍ നമുക്കുണ്ടായി എന്നുവരാം. എന്നാല്‍, അങ്ങനെയുള്ള പ്രലോഭനങ്ങളെ എതിര്‍ത്തു സത്യത്തിനുവേണ്ടി നാം നില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ വിലയുള്ളതായി മാറുന്നത


ദീപിക

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..