Wednesday, January 21, 2009

സ്നേഹത്തിന്റെ കരുത്ത്

സ്നേഹത്തിന്റെ കരുത്ത്

ഒരു കൊറിയന്‍ നാടോടിക്കഥ: ഒരിക്കല്‍ യുന്‍ ഓക് എന്നുപേരുള്ള ഒരു സ്ത്രീ ഒരു സന്യാസിയുടെ സമീപം ഉപദേശം തേടിയെത്തി. മലമുകളിലെ ആശ്രമത്തിലായിരുന്നു സന്യാസിയുടെ താമസം.

സന്യാസി ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോഴാണ് യുന്‍ അദ്ദേഹത്തെ കാണാനെത്തിയത്. യുന്നിനെ കണ്ടയുടനേ സന്യാസി ചോദിച്ചു: "എന്താണു കാര്യം?''

യുന്‍ പറഞ്ഞു: "എന്റെ സ്ഥിതി വളരെ കഷ്ടമാണ്. അങ്ങ് എനിക്ക് ഒരു മാന്ത്രികമരുന്ന് തയാറാക്കിത്തരണം!''

യുന്നിനു കൂടുതല്‍ വിശദീകരണത്തിനുള്ള അവസരം കൊടുക്കാതെ സന്യാസി പറഞ്ഞു: "എല്ലാവര്‍ക്കും മാന്ത്രികമരുന്നു മതി. രോഗഗ്രസ്തമായ ഈ ലോകത്തെ മാന്ത്രികമരുന്നുകൊണ്ട് സുഖപ്പെടുത്താമെന്നാണ് എല്ലാവരുടെയും വിചാരം!''

"അയ്യോ, എന്നെ സഹായിക്കണേ,'' യുന്‍ കേണപേക്ഷിച്ചു. "അങ്ങ് സഹായിക്കുന്നില്ലെങ്കില്‍ എന്റെ സ്ഥിതി കഷ്ടമായിരിക്കും.''

"ആട്ടെ, എന്താണു കാര്യമെന്നു കേള്‍ക്കട്ടെ.'' സന്യാസി പറഞ്ഞു. അപ്പോള്‍ യുന്‍ തന്റെ കദനകഥ പറയാന്‍ തുടങ്ങി:

"എന്റെ ഭര്‍ത്താവിന്റെ കാര്യമാണ്. അദ്ദേഹം എന്റെ ജീവന്റെ ജീവനാണ്. കഴിഞ്ഞ മൂന്നുവര്‍ഷം അദ്ദേഹം യുദ്ധത്തിനു പോയിരിക്കുകയായിരുന്നു. പക്ഷേ, യുദ്ധം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ മുതല്‍ അദ്ദേഹം എന്നോടു സംസാരിക്കാറേയില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം ശ്രദ്ധിക്കുന്നതായി തോന്നുകില്ല. അദ്ദേഹം എന്തെങ്കിലും പറഞ്ഞാലോ അതു കോപം കലര്‍ന്ന സ്വരത്തിലുമായിരിക്കും.''

കണ്ണീര്‍ തുടച്ചുകൊണ്ട് യുന്‍ തുടര്‍ന്നു: "ഞാന്‍ കൊടുക്കുന്ന ഭക്ഷണം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതു പാത്രത്തോടെയെടുത്ത് ദൂരെയെറിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും. പാടത്തുപോയി പണിയെടുക്കേണ്ടനേരത്ത് വെറുതെ മലമുകളില്‍ കയറിയിരുന്ന് നേരംകളയും!''

ഇത്രയും കേട്ടപ്പോള്‍ സന്യാസി പറഞ്ഞു: "സാരമില്ല. യുദ്ധം കഴിഞ്ഞുവരുന്ന ചെറുപ്പക്കാര്‍ പലപ്പോഴും ഇപ്രകാരമാണ്. ഏതായാലും ബാക്കി കഥകൂടി കേള്‍ക്കട്ടെ.''

യുന്‍ പറഞ്ഞു: "ഈ കഥ ഇത്രമാത്രമേയുള്ളൂ. എനിക്കു വേണ്ടത് ഒരു മാന്ത്രികമരുന്നാണ് -എന്റെ ഭര്‍ത്താവ് സ്നേഹമുള്ളവനും ശാന്തശീലനായിത്തീരുവാനുള്ള മാന്ത്രികമരുന്ന്!''

കുറേനേരം ആലോചനാനിമഗ്നനായിരുന്നതിനുശേഷം സന്യാസി പറഞ്ഞു: "ശരി, ഞാനൊരു മാന്ത്രികമരുന്നുണ്ടാക്കിത്തരാം. പക്ഷേ, അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവനുള്ള കടുവയുടെ മീശയാണ്. അതുകൊണ്ട് എത്രയുംവേഗം ജീവനുള്ള ഒരു കടുവയുടെ മീശ പറിച്ചുകൊണ്ടുവരൂ.''

ഇതു കേട്ടപ്പോള്‍ യുന്‍ ആശ്ചര്യപൂര്‍വം ചോദിച്ചു: "ജീവനുള്ള കടുവായുടെ മീശയോ? ആരെക്കൊണ്ടുപറ്റും ഇതു സമ്പാദിക്കാന്‍?''

സന്യാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: "നിങ്ങള്‍ ആവശ്യപ്പെട്ട മാന്ത്രികമരുന്നിന്റെ ആവശ്യം വലുതാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ജീവനുള്ള കടുവയുടെ മീശ എങ്ങനെയെങ്കിലും സമ്പാദിച്ചുകൊണ്ടുവരും.''

ഇത്രയും പറഞ്ഞിട്ട് സന്യാസി വീണ്ടും ധ്യാനനിമഗ്നനായി. സന്യാസിയോടു പിന്നീട് എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലെന്നു കരുതി യുന്‍ വീട്ടിലേക്കു മടങ്ങി.

വീട്ടില്‍ മടങ്ങിയെത്തിയ യുന്‍ കടുവയുടെ മീശ സമ്പാദിക്കുന്നകാര്യത്തെക്കുറിച്ച് ഏറെ ചിന്തിച്ചു. അവസാനം, കടുവയുടെ മീശ സമ്പാദിച്ചിട്ടു ബാക്കിക്കാര്യം എന്നൊരു തീരുമാനത്തില്‍ യുന്‍ എത്തി.

അന്നു രാത്രിസമയത്ത് ഒരു പാത്രംനിറയെ ചോറും ഇറച്ചിക്കറിയുമായി അവള്‍ അടുത്തുള്ള മലയിലേക്കു പോയി. ആ മലയില്‍ ഒരു ഗുഹയില്‍ ഒരു കടുവ താമസിക്കുന്നകാര്യം അവള്‍ക്കറിയാമായിരുന്നു.

കടുവ താമസിക്കുന്ന ഗുഹയുടെ അടുത്തുപോകാന്‍ ധൈര്യപ്പെടാതെ കുറെ അകലെനിന്ന് അവള്‍ ചോറും കറിയും കടുവയ്ക്കു വച്ചുനീട്ടി. പക്ഷേ, അത് ഇറങ്ങിവന്നില്ല.

പിറ്റേദിവസം രാത്രിയില്‍ യുന്‍ വീണ്ടും മലയിലേക്കു പോയി. ഇത്തവണ ഭക്ഷണപാത്രവുമായി അവള്‍ ഗുഹയുടെ കുറേക്കൂടി അടുത്തുചെന്നു. പക്ഷേ, അപ്പോഴും കടുവ ഇറങ്ങിവന്നില്ല.

അടുത്ത രാത്രിയിലും അതിനുശേഷമുള്ള പല രാത്രികളിലും യുന്‍ കടുവയെ തേടി മലയില്‍ പോയി. ഓരോ തവണ പോകുമ്പോഴും കടുവ താമസിച്ചിരുന്ന ഗുഹയോടു കൂടുതല്‍ അടുത്തുചെല്ലാന്‍ അവള്‍ ശ്രദ്ധിച്ചു. പക്ഷേ, അപ്പോഴൊന്നും അവളുടെ ഭക്ഷണപാത്രത്തില്‍നിന്നു ഭക്ഷിക്കുവാനോ അവളുടെ അടുത്തേക്കു വരാനോ കടുവ തയാറായില്ല.

ഇങ്ങനെ പല രാത്രികള്‍ കഴിഞ്ഞപ്പോള്‍ കടുവ അവളെ താത്പര്യപൂര്‍വം ശ്രദ്ധിക്കാന്‍ തുടങ്ങി. യുന്‍ ധൈര്യം സംഭരിച്ച് അതിന്റെയടുത്തു ചെന്നു. സാവധാനം ആ കടുവ അവളുടെ പാത്രത്തില്‍നിന്നു ചോറും കറിയും കഴിക്കുവാന്‍ തുടങ്ങി.

പിറ്റേദിവസം രാത്രിയില്‍ യുന്‍ വീണ്ടും ആ കടുവയുടെ അടുത്തെത്തി. അതിനു ഭക്ഷണം കൊടുത്തു. ഇത്തവണ കടുവ അവള്‍ കൊടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ അതിനെ തലോടി.

പിന്നീടു പല മാസങ്ങള്‍ തുടര്‍ച്ചയായി അവള്‍ ആ കടുവയ്ക്കു രാത്രിനേരത്തു ഭക്ഷണം എത്തിച്ചു. ഓരോ തവണ ചെല്ലുമ്പോഴും അതിനെ തലോടുകയും കളിയായി അതിന്റെ മീശകളില്‍ പിടിച്ചുവലിക്കുകയും ചെയ്തിരുന്നു.

ഏറെ നാളുകള്‍ നീണ്ടുനിന്ന പരിചരണവും തലോടലുമൊക്കെമൂലം കടുവ തന്റെ തോഴനായി മാറി എന്നു ബോധ്യംവന്നപ്പോള്‍ യുന്‍ ധൈര്യപൂര്‍വം കടുവയുടെ ഒരു മീശ പറിച്ചെടുത്തു. അപ്പോള്‍ കടുവ അനങ്ങുകപോലും ചെയ്തില്ല!

പിറ്റേദിവസം കടുവയുടെ മീശയുമായി യുന്‍ സന്യാസിയുടെ പക്കലേക്കു പാഞ്ഞു. ജീവനുള്ള കടുവയുടെ മീശയും പറിച്ചുകൊണ്ടുവന്ന യുന്നിനെ സന്യാസി താത്പര്യപൂര്‍വം സ്വീകരിച്ചിരുത്തി. യുന്‍ കൊണ്ടുവന്നതു ജീവനുള്ള കടുവയുടെ മീശയാണെന്നു ബോധ്യംവന്നപ്പോള്‍ സന്യാസി ആ മീശയെടുത്ത് അടുപ്പിലിട്ടു കത്തിച്ചുകളഞ്ഞു.

സന്യാസി എന്താണു ചെയ്യുന്നതെന്നറിയാതെ യുന്‍ പകച്ചുനില്‍ക്കുമ്പോള്‍ സന്യാസി പറഞ്ഞു: "പറയൂ, എങ്ങനെയാണ് കടുവയുടെ മീശ പറിച്ചെടുത്തതെന്നു പറയൂ!''

അപ്പോള്‍ യുന്‍ താന്‍ ചെയ്ത കാര്യങ്ങള്‍ വിവരിച്ചു: "കടുവയെ തേടി ഞാന്‍ മലയില്‍ പോയി. ഓരോ ദിവസവും രാത്രിയില്‍ ചോറും കറിയുമായി ഞാന്‍ അതിന്റെ അടുത്തുചെല്ലുവാന്‍ നോക്കി. ആദ്യമൊന്നും അത് എന്നെ ശ്രദ്ധിച്ചില്ല. എങ്കിലും, ക്ഷമയോടും സ്നേഹത്തോടും താത്പര്യത്തോടും കൂടിയുള്ള എന്റെ പെരുമാറ്റം കടുവയ്ക്ക് ഇഷ്ടപ്പെട്ടു. അവസാനം അത് എന്റെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ അതിനെ തലോടുകയും അങ്ങനെ അതെന്റെ തോഴനായി മാറുകയും ചെയ്തു.''

"ശരി, ശരി.'' യുന്‍ തന്റെ കഥ പറഞ്ഞുതീര്‍ക്കുന്നതിനുമുമ്പ് സന്യാസി പറഞ്ഞു. "സ്നേഹവും താത്പര്യപൂര്‍വമുള്ള പെരുമാറ്റവുമൊക്കെ വഴി നിങ്ങള്‍ ഒരു കടുവയുടെ പോലും സ്നേഹവും വിശ്വാസവുമൊക്കെ ആര്‍ജിച്ചു, അല്ലേ?''

ഒരു നിമിഷനേരത്തെ മൌനത്തിനുശേഷം സന്യാസി ചോദിച്ചു: "കടുവയെക്കാള്‍ ക്രൂരനും കൊള്ളരുതാത്തവനുമാണോ മനുഷ്യന്‍?'' യുന്നിന്റെ മറുപടി മൌനത്തിലൊതുങ്ങിയപ്പോള്‍ സന്യാസി തുടര്‍ന്നു: "നിങ്ങളുടെ ഭര്‍ത്താവിനെ മെരുക്കാന്‍ ഒരു മാന്ത്രികമരുന്നും നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങളുടെ ക്ഷമാശീലവും സ്നേഹവും താത്പര്യവുമൊക്കെ മതിയാകും നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹവും ധാരണയുമൊക്കെയുള്ള ഒരു നല്ല ഭര്‍ത്താവാക്കി മാറ്റാന്‍.''

യുന്നിന്റെ ബാക്കി കഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ക്രൂരമൃഗങ്ങളെപ്പോലും മെരുക്കിയെടുക്കാന്‍ ശക്തിയുള്ളതാണു നമ്മുടെ സ്നേഹവും താത്പര്യവും ഹൃദയത്തില്‍നിന്നുള്ള പെരുമാറ്റരീതികളുമൊക്കെ. പക്ഷേ, യുന്നിനു സംഭവിച്ചതുപോലെ, നമ്മിലുള്ള ഈ അദ്ഭുതസിദ്ധികള്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി നമ്മുടെ ജീവിതം അസന്തുഷ്ടമായി മാറുകയും ചെയ്യുന്നു.

നമ്മിലെ നല്ല കഴിവുകളുടെ ശക്തി നമുക്കു മനസിലാക്കാം. ജീവിതവിജയത്തിനായി അവ എന്നും നമുക്കു വിനിയോഗിക്കാം.
ദീപിക ചീഫ് എഡിറ്റര്‍ ജോസ് പന്തപ്ളാംതൊട്ടിയില്‍ രചിച്ച ജീവിതവിജയം എന്ന ബെസ്റ് സെല്ലറില്‍ നിന്നു

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..