Sunday, December 28, 2008

അഗാധഗർത്തത്തിൽ നിന്ന്‌ ഉയർത്തുന്നവൻ

അഗാധഗർത്തത്തിൽ നിന്ന്‌ ഉയർത്തുന്നവൻ

രണ്ടാം ലോക മഹായുദ്ധകാലത്തു സോവ്യറ്റ്‌ യൂണിയന്റെ ചെമ്പടയിലെ അംഗമായിരുന്നു പിന്നീട്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രശസ്ത സാഹിത്യകാരൻ അലക്സാണ്ടർ സോൾഷെനിറ്റ്സിൻ. യുദ്ധ മേഖലയിൽ പ്രശസ്ത സേവനം കാഴ്ചവച്ചതിനു രണ്ടു മെഡലുകളും അക്കാലത്ത്‌ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

എന്നാൽ, അക്കാലത്ത്‌ അദ്ദേഹം ഒരു കുറ്റം ചെയ്തു. കുറ്റം എന്താണെന്നോ? തന്റെ ഒരു സുഹൃത്തിന്‌ അദ്ദേഹം ഒരു കത്തെഴുതി. ആ കത്തിൽ അന്നത്തെ സോവ്യറ്റ്‌ ഭരണാധികാരിയായിരുന്ന ജോസഫ്‌ സ്റ്റാലിനെ 'മീശക്കാരൻ' എന്നെഴുതി ആക്ഷേപിച്ചുവത്രേ. ഈ ആക്ഷേപം സോവ്യറ്റ്‌ യൂണിയന്‌ എതിരായ നീക്കമായിട്ടാണ്‌ അധികാരികൾ കണ്ടത്‌.

ഇതെത്തുടർന്ന്‌ 1945 ഫെബ്രുവരിയിൽ സോൾഷെനിറ്റ്സിൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1945 ജൂലൈ ഏഴിന്‌ ലേബർ ക്യാമ്പിൽ എട്ടുവർഷം നിർബന്ധിത സേവനത്തിനും അതിനുശേഷം ജീവപര്യന്തമുള്ള തടവിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി സോൾഷെനിറ്റ്സിൻ ചെന്നു പെട്ടതു ഗുലാഗ്‌ ലേബർ ക്യാമ്പിലായിരുന്നു. നടുവൊടിക്കുന്ന ജോലിയും അൽപാഹാരവും വിശ്രമമില്ലാത്ത ജീവിതവുമായിരുന്നു അവിടെ അദ്ദേഹത്തിനു ലഭിച്ചത്‌. സഹതടവുകാരുമായി സംസാരിക്കുന്നതിനോ പത്രങ്ങളോ മാസികകളോ വായിക്കുന്നതിനോ അദ്ദേഹത്തിന്‌ അവസരമുണ്ടായിരുന്നില്ല. ദൈവമുൾപ്പെ ടെ എല്ലാവരും തന്നെ മറന്നു എന്ന്‌ അദ്ദേഹത്തിനു തോന്നി.

അങ്ങനെയാണ്‌ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചത്‌. പക്ഷേ, അപ്പോൾ ഒരു പ്രശ്നം. ആത്മഹത്യ ചെയ്യുക എന്നത്‌ ബൈബിളിന്റെ പഠനത്തിനു വിരുദ്ധമാണ്‌. അദ്ദേഹത്തിനുണ്ടായ ഈ തിരിച്ചറിവ്‌ ആത്മഹത്യയിൽ നിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിച്ചു.

പക്ഷേ എങ്ങനെയെങ്കിലും ദുരിതത്തിൽ നിന്നു രക്ഷപ്പെടണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്‌ ക്യാമ്പിൽ നിന്ന്‌ ഒളിച്ചോടിക്കളയാം എന്ന തീരുമാനത്തിൽ അദ്ദേഹം എത്തിയത്‌. ഒളിച്ചോടാൻ ശ്രമിച്ചാൽ തീർച്ചയായും കാവൽക്കാരുടെ വെടിയുണ്ടകൾക്കു താൻ ഇരയാകും എന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. കാവൽക്കാരാൽ താൻ കൊല്ലപ്പെട്ടാൽ അതിനു താൻ കുറ്റക്കാരനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ഒളിച്ചോടുവാൻ തീരുമാനിച്ചുറച്ച ദിവസം ആഗതമായി. ക്യാമ്പിലെ ജോലിക്കിടയിൽ കാവൽക്കാർ കാണാത്ത അവസരത്തിൽ ഓടി രക്ഷപ്പെടുവാനുള്ള തയാറെടുപ്പോടെ ഒരു വൃക്ഷച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. ദുരിതപൂർണമായ തന്റെ ജീവിതം വേഗം അവസാനിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു അദ്ദേഹത്തിനപ്പോൾ.

ആ നിമിഷം സഹതടവുകാരിലൊരാൾ അദ്ദേഹത്തിന്റെ മുൻപിൽ വന്നു നിന്നു. സോൾ ഷെനിറ്റ്സിൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായിരുന്നു അത്‌. അയാൾ സോൾഷെനിറ്റ്സിനെ സ്നേഹപൂർവം നോക്കി. എന്നിട്ട്‌ ഒരു ഉണക്കക്കമ്പെടുത്തു നിലത്ത്‌ ഒരു വലിയ കുരിശു വരച്ചു.

ഈ കുരിശു കണ്ടപ്പോൾ ദൈവം തന്നെ മറന്നിട്ടില്ലെന്ന ബോധ്യം പെട്ടെന്നദ്ദേഹത്തിനുണ്ടായി. എന്നു മാത്രമല്ല, താൻ വീണുകിടക്കുന്ന അഗാധമായ ഗർത്തത്തിലും ദൈവം തന്നോടൊപ്പമുണെ്ടന്ന വിശ്വാസം അദ്ദേഹത്തിനു നവജീവൻ കൊടുത്തതായി 'ബാറ്റിൽ ഫേറ്റെഗ്‌' എന്ന പുസ്തകത്തിൽ ജോ ബ്രൗൺ എന്ന ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

സോൾഷെനിറ്റ്സിന്‌ അന്ന്‌ അനുഭവവേദ്യമായതുപോലെ, നമ്മുടെ ഏറ്റവും വിഷമകരമായ ജീവിത സ്ഥിതിയിലും ദൈവം നമ്മോടൊപ്പമുണെ്ടന്നും നമുക്കു നവജീവൻ നൽകാൻ അവിടുന്നു തയാറാണെന്നും നമ്മെ അനുസ്മരിപ്പിക്കുന്ന ദിനമാണ്‌ ഈസ്റ്റർ. ദൈവപുത്രൻ കാൽവരിയിൽ മരണം വരിച്ച്‌ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റത്‌ ജീവിത പ്രശ്നങ്ങളാൽ അനുദിനം നുറുങ്ങുന്നവരായ നമുക്കു നവജീവനും പ്രത്യാശയും നൽകുവാനാണെന്നതാണു വസ്തുത.

പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിക്കുവാൻ വേണ്ടി ദൈവപുത്രനായ യേശു മരിക്കുക മാത്രമല്ല ചെയ്തത്‌, അവിടുന്ന്‌ ഉയിർത്തെഴുന്നേറ്റ്‌ നമുക്കു നവജീവനും നിത്യജീവനിലുള്ള പ്രത്യാശയും പ്രദാനം ചെയ്യുകയും ചെയ്തു.

യേശുവിന്റെ പുനരുത്ഥാനം നാമിന്ന്‌ അനുസ്മരിക്കുമ്പോൾ അതു വെറുമൊരു ചരിത്ര സംഭവത്തിലൊതുങ്ങി നിൽക്കുന്നില്ല. നേരേമറിച്ച്‌, നമ്മുടെ ജീവിതത്തിന്‌ അർഥവും ദിശാബോധവും നൽകുന്ന ഒരു പരമസത്യമായി അതു പ്രശോഭിക്കുകയാണ്‌. പാപത്തിന്റെയും മരണത്തിന്റെയും പിടിയിലമർന്നുപോയ മനുഷ്യരെ നിത്യജീവന്റെ വഴിയിലേക്കു തിരിച്ചുകൊണ്ടു വരുവാനായിരുന്നു യേശു ഉത്ഥാനം ചെയ്തത്‌. അതായത്‌, നമുക്കു നിത്യ ജീവൻ നൽകുന്ന ഉത്ഥാനം ഉറപ്പു വരുത്തുവാനാണ്‌ അവിടുന്നു മരിച്ചതും ഉയിർത്തെഴുന്നേറ്റതും.

നിത്യജീവനിലേക്കു നമുക്ക്‌ വഴി തുറക്കുന്നതോടൊപ്പം, നുറുങ്ങപ്പെടുന്ന നമ്മുടെ ജീവിതത്തിൽ നവജീവനും ശാന്തിയും നൽകി നമ്മോടൊപ്പമായിരിക്കുവാനും വേണ്ടി ക്കൂടിയാണ്‌ യേശു ഉന്ഥാനം ചെയ്തത്‌.

അതുകൊണ്ടു തന്നെ, ജീവിത ദുഃഖത്തിന്റെ അത്യഗാധ ഗർത്തങ്ങളിൽ വീണുപോയാലും നാം പ്രതീക്ഷ കൈവെടിയരുത്‌. കാരണം, ഉത്ഥാനം ചെയ്ത യേശു നമുക്ക്‌ ശക്തിയും പുതുജീവനും നൽകുവാനായി അപ്പോഴും നമ്മുടെ കൂടെയുണ്ടാവും. .





കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..