Thursday, December 18, 2008

കഥയില്ലായ്മ തിരിച്ചറിയും വരെ

കഥയില്ലായ്മ തിരിച്ചറിയും വരെ

അത്താഴം കഴിഞ്ഞു നടക്കാനിറങ്ങിയതായിരുന്നു ഗോപാൽ ശാസ്ത്രി എന്ന എഴുപത്തിമൂന്നുകാരൻ. ബാംഗളൂർ രാജാജിനഗറിലെ താമസക്കാരനായിരുന്ന അദ്ദേഹത്തെ പാഞ്ഞുവന്ന ഒരു കാർ ഇടിച്ചുവീഴ്ത്തി ബോധരഹിതനാക്കി. അപകടം കാണാനിടയായവർ ഓടിക്കൂടി വേഗം അദ്ദേഹത്തെ ആശുപത്രിയിലാക്കി.

അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ഒരു ഓപ്പറേഷൻ അത്യാവശ്യമായിരുന്നു. പക്ഷേ, അപ്പോൾ ഒരു പ്രശ്നം: ഗോപാൽ ശാസ്ത്രിയുടെ രക്തം എ ബി നെഗേറ്റെവ്‌ ഗ്രൂപ്പാണ്‌. വളരെ അപൂർവമായ ഈ വിഭാഗം ആശുപത്രിയിൽ സൂക്ഷിച്ചുവയ്ക്കാറില്ലായിരുന്നു. രക്തം ആവശ്യമായി വരുന്ന അവസരത്തിൽ ഈ വിഭാഗം രക്തമുള്ളവരെ കൊണ്ടുവന്നു രക്തമെടുക്കുകയാണു പതിവ്‌.

രക്തത്തിനുവേണ്ടി ആശുപത്രി അധികൃതർ റെഡ്ക്രോസ്‌ ഭാരവാഹികളെ വിളിച്ചു. അവർ ഉടനേ തങ്ങളുടെ ബ്ലഡ്‌ ബാങ്കിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അന്വേഷിച്ചു ഫോൺ വിളികൾ നടത്തി. അവസാനം രാത്രി പന്ത്രണ്ടു മണിയോടെ കെ.എം.ഖാൻ എന്നൊരാൾ രക്തം നൽകാൻ തയാറായി വന്നു.

ബണ്ണർഘട്ട റോഡിൽ ഹാർഡ്‌വെയർ സ്റ്റോഴ്സ്‌ നടത്തിയിരുന്ന അദ്ദേഹം സ്വന്തം മോട്ടോർ സൈക്കിൾ ഓടിച്ച്‌ ആശുപത്രിയിലെത്തി ഗോപാൽ ശാസ്ത്രിക്കു രക്തം നൽകി. അതിനുശേഷം ആരുടെയും നന്ദിവാക്കുകൾ കേൾക്കുവാൻ കാത്തുനിൽക്കാതെ സ്ഥലം വിട്ടു.

ശാസ്ത്രിയുടെ ഓപ്പറേഷൻ വിജയകരമായിരുന്നു. അപകടം കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളിൽ അദ്ദേഹത്തിന്‌ എഴുന്നേറ്റു നടക്കാമെന്ന നിലവന്നു. അപ്പോൾ അദ്ദേഹത്തിന്‌ ഒരു ആഗ്രഹം: തനിക്കു രക്തം തന്നു സഹായിച്ചയാളെ നേരിൽ കണ്ടു നന്ദിപറയണം.

ശാസ്ത്രിയുടെ ആഗ്രഹമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ ഞെട്ടി. കടുത്ത യാഥാസ്ഥിതികനായ ഒരു ബ്രാഹ്മണനാണു ശാസ്ത്രി. തന്റെ ചുറ്റുമുള്ള ലോകം ഏറെ പുരോഗമിച്ചപ്പോഴും മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽ പലരെയും തന്നിൽനിന്ന്‌ അകറ്റി നിർത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്‌. തന്മൂലം, അദ്ദേഹത്തിനു രക്തം കൊടുത്തത്‌ ആരാണെന്നു പറയുവാൻ അവർ വിസമ്മതിച്ചു.

പക്ഷേ, തനിക്കുരക്തം നൽകിയ ആളെ നേരിൽ കണ്ടു നന്ദിപറയണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുവാൻ ശാസ്ത്രി തയാറായില്ല. തന്മൂലം ഭയപ്പാടോടെയാണെങ്കിലും, രക്തം നൽകിയ ആളിന്റെ പേരും മേൽവിലാസവും അവർ അദ്ദേഹത്തിനു നൽകി.

രക്തം നൽകിയ ആളിന്റെ പേരു കേട്ടപ്പോൾ അദ്ദേഹം ഞെട്ടി എന്നതു വാസ്തവം. എന്നാൽ തനിക്കു രക്തം നൽകിയ മുസ്ലിം സഹോദരനെ കണ്ടുപിടിച്ച്‌ അദ്ദേഹത്തിനു നന്ദിപറയുവാൻ ശാസ്ത്രി ഒട്ടും മടിച്ചുനിന്നില്ല.

കെ.എം.ഖാനെ നേരിൽക്കണ്ടപ്പോൾ അദ്ദേഹത്തെ ആശ്ലേഷിച്ചാലിംഗനം ചെയ്താണു ശാസ്ത്രി നന്ദിപറഞ്ഞത്‌. ഈ സംഭവത്തിനു ശേഷം ശാസ്ത്രി പുതിയൊരു മനുഷ്യനായി മാറിയെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണെ്ടന്നു ഫാ. ലൂവീസ്‌ ഹെഡ്‌വിഗ്‌ എഴുതിയ ഒരു ഗ്രന്ഥത്തിൽ പറയുന്നു.

നമ്മുടെ ചുറ്റുമുള്ള ലോകവും മനുഷ്യരുമൊക്കെ ഏറെ പുരോഗമിച്ചു കഴിഞ്ഞു. ജാതി മത വർഗ വർണ വ്യത്യാസങ്ങളുടെ പേരിൽ നിലവിലിരുന്ന ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമൊക്കെ മൺമറഞ്ഞു. എങ്കിൽപ്പോലും മതവും ജാതിയും വർഗവർണ വ്യത്യാസങ്ങളും നമ്മുടെയിടയിൽ ഇപ്പോഴും പല ചേരിതിരിവുകളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്നില്ലേ?

നാമെല്ലാവരും ദൈവത്തിന്റെ മക്കൾ, തന്മൂലം എല്ലാവരും സഹോദരീ സഹോദരന്മാർ. നാമെല്ലാവരും പരസ്പരം സ്നേഹിക്കണമെന്ന്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്‌. എന്നിട്ടുമെന്തേ നാം പരസ്പരം ബഹുമാനിക്കാതെയും സ്നേഹിക്കാതെയും പോകുന്നു?

അപകടനേരത്തു സഹായം ലഭിച്ചപ്പോഴാണു താൻ കേമമെന്നു കരുതിയിരുന്ന പല കാര്യങ്ങളും തെറ്റാണെന്നു ഗോപാൽ ശാസ്ത്രിക്കു ബോധ്യമായത്‌. അതായത്‌, അദ്ദേഹത്തിന്റെ കണ്ണുതുറക്കുവാൻ ഒരു അത്യാഹിതംതന്നെ വേണ്ടി വന്നു.

മത ജാതി വർഗ വർണ വ്യത്യാസങ്ങളുടെയും അതുപോലെയുള്ള മറ്റു കാര്യങ്ങളുടെയും പേരിൽ നാമിപ്പോഴും സങ്കുചിത മനസ്കരാണെങ്കിൽ നമ്മുടെ അകക്കണ്ണുകൾ വേഗം തുറക്കുവാൻ വേണ്ടി നമുക്കു പ്രാർഥിക്കാം.

അതിനുവേണ്ടി നാം ഒരു അത്യാഹിതം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട


കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..