Tuesday, December 16, 2008

സന്തുഷ്ടിയുടേയും അസന്തുഷ്ടിയുടെയും നിർമാണം

സന്തുഷ്ടിയുടേയും അസന്തുഷ്ടിയുടെയും നിർമാണം

പ്രചോദനാത്മകഗ്രന്ഥകാരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കൻ എഴുത്തുകാരനാണു നോർമൻ വിൻസെന്റ്‌ പീൽ (1898-1993). അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളുടെയുംതന്നെ ദശലക്ഷക്കണക്കിനു കോപ്പികളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിറ്റഴിഞ്ഞിട്ടുള്ളത്‌. ആ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമായതു 'ദ പവർ ഓഫ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌' ആണ്‌.

ഈ പുസ്തകത്തിൽ അദ്ദേഹം തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്‌. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന്റെ ഡൈനിംഗ്‌ കാറിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. എതിർവശത്തിരുന്നത്‌ ഒരു ധനികനും അയാളുടെ ഭാര്യയുമാണ്‌.

ആഡംബരപൂർണമായിരുന്നു ആ സ്ത്രീയുടെ വസ്ത്രധാരണം. ഫർകോട്ടും വജ്രവും അണിഞ്ഞിരുന്ന ആ സ്ത്രീ ആരോടെന്നില്ലാതെ എല്ലാറ്റിനെക്കുറിച്ചും കുറ്റം പറഞ്ഞുകൊണ്ടിരുന്നു. ഡൈനിംഗ്‌ കാറിലെ ഭക്ഷണം മോശം, സേർവീസ്‌ മോശം എന്നൊക്കെ മുറുമുറുത്തുകൊണ്ടിരുന്ന അവർ ആകപ്പാടെ അസ്വസ്ഥയായി കാണപ്പെട്ടു.

ആ സ്ത്രീയുടെ സംസാരം കേട്ടിരുന്നതല്ലാതെ ഒന്നിനെക്കുറിച്ചും പീൽ പ്രതികരിച്ചില്ല. അവരുടെ ഭർത്താവാകട്ടെ തന്റെ ഭാര്യയുടെ സംസാരത്തിന്റെ ഗതി മാറ്റിവിടുവാൻ ശ്രമിച്ചു. പക്ഷേ, സ്ത്രീ പരാതികളിൽ നിന്നു പിന്തിരിഞ്ഞില്ല.

വിഷയം മാറ്റുവാൻ വേണ്ടി സ്ത്രീയുടെ ഭർത്താവ്‌ പീലിനോടു ചോദിച്ചു: "എന്താണു നിങ്ങളുടെ ജോലി?" അപ്പോൾ പീൽ താനൊരു മതപ്രസംഗകനാണെന്നും എഴുത്തുകാരനാണെന്നും വെളിപ്പെടുത്തി.

പീലിനോടുള്ള സംഭാഷണം തുടരുവാൻ താത്‌ പര്യം കാട്ടിക്കൊണ്ട്‌ അയാൾ പീലിനോടു പറഞ്ഞു: "ഞാൻ ഒരു അഭിഭാഷകനാണ്‌. എന്റെ ഭാര്യ മാനുഫാക്ചറിംഗ്‌ ബിസിനസിലുമാണ്‌." ഇതു പറയുമ്പോൾ അയാളുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടരുന്നതു പീൽ കണ്ടു.

അയാളുടെ ഭാര്യയെ കണ്ടാൽ അവർ എന്തെങ്കിലും ബിസിനസ്‌ ചെയ്യുന്ന ടൈപ്പാണെന്നു തോന്നുകയില്ലായിരുന്നു. തന്മൂലം, കൗതുകം അടക്കാനാവാതെ പീൽ ചോദിച്ചു: "എന്തു പ്രോഡക്ടാണു നിങ്ങളുടെ ഭാര്യ നിർമിക്കുന്നത്‌?"

അയാൾ ഭാര്യയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: "സ്വന്തം സന്തോഷമില്ലായ്മ!"

സന്തോഷത്തോടെ ജീവിക്കണമെന്ന്‌ ആഗ്രഹിക്കാത്തവർ നമ്മിലാരെങ്കിലും കാണുമോ? ഇല്ല. എന്നാൽ, സ്വന്തം ജീവിതം സന്തോഷപൂർണമാക്കി മാറ്റുന്നതിന്‌ ആത്മാർഥമായി പരിശ്രമിക്കുന്നവർ അധികം പേരില്ലെന്നതാണു വാസ്തവം.

എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാൽ, നമ്മിലേറെപ്പേരും നമ്മുടെ ജീവിതം സന്തോഷകരമല്ലാതാക്കിത്തീർക്കുന്നു എന്നതല്ലേ വാസ്തവം?

എല്ലാ കാര്യത്തിലും കുറ്റവും കുറവും മാത്രം കണ്ടാൽ നമ്മുടെ ജീവിതം സന്തോഷപ്രദമാകുമോ? മറ്റുള്ളവരെക്കുറിച്ച്‌ എപ്പോഴും അപ്രീതിയും അസൂയയുമാണെങ്കിൽ നമ്മിലെങ്ങനെ സന്തോഷമുണ്ടാകും?

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സ്ത്രീക്ക്‌ എല്ലാവിധ ജീവിതസൗകര്യങ്ങളും പണവും സമൂഹത്തിൽ സ്ഥാനവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ആ സ്ത്രീയുടെ ഭർത്താവു പറഞ്ഞതുപോലെ, സ്വന്തം ജീവിതത്തിൽ സന്തോഷമില്ലായ്മ സൃഷ്ടിക്കുകയായിരുന്നു അവരുടെ സ്ഥിരം പരിപാടി.

ജീവിതത്തിൽ കാണേണ്ടിയിരുന്ന നന്മകൾ കാണുന്നതിൽ ആ സ്ത്രീ പരാജയപ്പെട്ടു. അവർ കണ്ടത്‌ കുറ്റവും കുറവും പോരായ്മകളും മാത്രമാണ്‌. അത്‌ അവരുടെ സ്വൈരം നഷ്ടപ്പെടുത്തി.

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും പലപ്പോഴും ഇതാണ്‌. നമ്മുടെ ജീവിതം വിവിധ നന്മകൾകൊണ്ട്‌ അനുഗ്രഹിക്കപ്പെട്ടിരിക്കുമ്പോഴും നാം ജീവിതത്തിലെ പോരായ്മകളിൽ മാത്രം ശ്രദ്ധിക്കുന്നു. ചിലപ്പോൾ ഒരു ചെറിയകാര്യം മതി നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുത്താൻ.

നമ്മുടെ ജീവിതത്തിൽ സന്തോഷമോ സന്തോഷമില്ലായ്മയോ ഉണെ്ടങ്കിൽ അതിന്റെ പ്രധാനകാരണക്കാർ നമ്മൾതന്നെയാണ്‌. നാം മനസുവച്ചാൽ നമ്മുടെ ജീവിതം കൂടുതൽ സന്തോഷപൂർണമാക്കാൻ സാധിക്കും എന്നതു മറക്കാതിരിക്കാം.

കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..