Saturday, December 20, 2008

മൃഗങ്ങൾ ബന്ധുക്കൾ, മരങ്ങൾ സ്വന്തക്കാർ

മൃഗങ്ങൾ ബന്ധുക്കൾ, മരങ്ങൾ സ്വന്തക്കാർ

വന്മരങ്ങൾ തലയുയർത്തി നിൽക്കുന്ന വനാന്തർ ഭാഗം. അവിടെ മരങ്ങൾ തമ്മിൽ രാവിലെ ഒരു ചർച്ച നടക്കുകയാണ്‌. "നമ്മുടെ തണലിൽ വിശ്രമിക്കുവാൻ വേണ്ടി എന്നും പല മൃഗങ്ങളും വരുന്നുണ്ട്‌," അക്കൂട്ടത്തിൽ തലയെടുപ്പുള്ള ഒരു മരം പറഞ്ഞു. "അവർ വന്നാൽ പരിസരമാകെ വൃത്തികേടാക്കും. ചില ദിവസങ്ങളിൽ വല്ലാത്ത ദുർഗന്ധവുമാണ്‌."

"മൃഗങ്ങൾക്കു നമ്മെക്കുറിച്ച്‌ ഒരു പരിഗണനയുമില്ല," മറ്റൊരു വന്മരം പറഞ്ഞു. "പുലിയും പുള്ളിപ്പുലിയുമൊക്കെ നമ്മുടെ ശിഖരങ്ങളിലാണ്‌ എപ്പോഴും വിശ്രമിക്കാറുള്ളത്‌. നമ്മൾ നിശ്ശബ്ദരായിരിക്കുന്നതുകൊണ്ട്‌ അവർ അവരുടെ ഇഷ്ടം പോലെ എല്ലാം ചെയ്യുന്നു!"

അപ്പോൾ ആദ്യത്തെ മരം പറഞ്ഞു. "എനിക്കു മതിയായി. ഇനി ഒരു മൃഗത്തെയും എന്റെ ശിഖരങ്ങളിൽ കയറിയിരുന്നു വിശ്രമിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. എല്ലാവരെയും ഞാൻ ഓടിക്കും."

"അങ്ങനെ ചെയ്യുന്നതു ബുദ്ധിയല്ല," മരങ്ങളിൽ പ്രായം ചെന്ന കാരണവർ പറഞ്ഞു. "മൃഗങ്ങൾ പലപ്പോഴും നമുക്കൊരു ശല്യമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, അവയും പലവിധത്തിൽ നമ്മെ സഹായിക്കുന്നുണ്ട്‌. മരങ്ങളും മൃഗങ്ങളും മനുഷ്യരുമുൾപ്പെടെ എല്ലാവരും പരസ്പരം ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്‌. അന്യോന്യ സഹായമുണെ്ടങ്കിൽ മാത്രമേ നമ്മുടെ ജീവിതം ഭംഗിയായി മുന്നോട്ടു പോകൂ." "പ്രായം ചെന്ന അങ്ങയുടെ അഭിപ്രായങ്ങളെക്കുറിച്ച്‌ എനിക്കു നല്ല ബഹുമാനമുണ്ട,്‌" ആദ്യത്തെ മരം പറഞ്ഞു. "എന്നാൽ, ഇക്കാര്യത്തിൽ അങ്ങയുടെ അഭിപ്രായം എനിക്കു സ്വീകാര്യമല്ല. ഇനി മുതൽ ഏതു മൃഗം വന്നാലും ഞാൻ അതിനെ ആട്ടിയോടിക്കും."

"ഒന്നുകൂടി ആലോചിച്ചശേഷം പോരേ ഈ തീരുമാനം?" പ്രായം ചെന്ന മറ്റൊരു വന്മരം ചോദിച്ചു. "ഇനി ആലോചിക്കാനൊന്നുമില്ല," ആദ്യത്തെ മരം പറഞ്ഞു. "ഇന്നു മുതൽ എന്റെ അരികിൽ വരുന്ന എല്ലാ മൃഗങ്ങളെയും ഞാൻ ആട്ടിയോടിക്കും."

പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ഈ വന്മരം. അന്ന്‌ വേനലിനു ചൂടു കൂടിയപ്പോൾ ഒരു പുള്ളിപ്പുലി വിശ്രമത്തിനായി ഈ വന്മരത്തിന്റെ ശിഖരത്തിലേക്ക്‌ ഓടിക്കയറി. ഉടനേ തന്നെ മരം സ്വയംകുലുക്കി പുള്ളിപ്പുലിയെ പേടിപ്പിച്ചോടിച്ചു. അടുത്തുനിന്നിരുന്ന മരങ്ങൾ അപ്പോൾ കൈയടിച്ച്‌ ആ നടപടി അംഗീകരിച്ചു.

അന്നു മരത്തണലിൽ വിശ്രമിക്കുവാൻ വന്ന മറ്റ്‌ മൃഗങ്ങളെയും മരങ്ങൾ പേടിപ്പിച്ചോടിച്ചു. അങ്ങനെ ആദ്യത്തെ വന്മരം മരങ്ങളുടെയിടയിലെ ഹീറോ ആയി.

അടുത്ത ദിവസവും ചില മൃഗങ്ങൾ മരത്തണലിൽ വിശ്രമിക്കുവാനെത്തി. അപ്പോഴും മരങ്ങൾ സംഘടിതമായി അവയെ ആട്ടിയോടിച്ചു. പിന്നെപ്പിന്നെ വന്യമൃഗങ്ങൾ അവിടെ എത്താതെയായി. അപ്പോൾ മരങ്ങളെല്ലാം ഏറെ സന്തോഷിച്ചു. മൃഗങ്ങളുടെ ശല്യം തീർന്നല്ലോ എന്നവർ ആശ്വസിച്ചു.

കുറെനാൾ കഴിഞ്ഞപ്പോൾ രണ്ടു തടിവെട്ടുകാർ അവിടെ എത്തി. "അതാ, രണ്ടു മനുഷ്യർ!" ആദ്യത്തെ വന്മരം അങ്കലാപ്പോടെ പറഞ്ഞു. "അവർ എന്തിനാണ്‌ ഇവിടെ വന്നിരിക്കുന്നത്‌? അവർ പണെ്ടാരിക്കലും ഇവിടെ വന്നിട്ടില്ലല്ലൊ."

അപ്പോൾ, മറ്റു മരങ്ങൾക്ക്‌ നേരത്തെ സദ്ബുദ്ധി ഉപദേശിച്ച വൃദ്ധവൃക്ഷം പറഞ്ഞു: "മനുഷ്യർ പണ്ട്‌ ഇവിടെ വരാതിരുന്നുവെങ്കിൽ അതിനു കാരണം കടുവയെയും പുലിയെയുമൊക്കെ അവർക്കു ഭയമായിരുന്നു എന്നതാണ്‌. ഇപ്പോൾ ഇവിടെ കടുവയുമില്ല, പുലിയുമില്ല. അപ്പോൾപ്പിന്നെ മനുഷ്യർക്ക്‌ ആരെയാണ്‌ ഭയപ്പെടുവാനുള്ളത്‌? അവർ ചെയ്യുവാൻ പോകുന്നത്‌ എന്താണെന്നു നോക്കിക്കോളൂ."

തടിവെട്ടുകാർ ചുറ്റിലും നോക്കി. അവരിലൊരാൾ ഏറ്റവും തല ഉയർത്തിനിന്ന മരത്തിന്റെ ചുവട്ടിൽത്തന്നെ കോടാലി കൊണ്ട്‌ ആഞ്ഞുവെട്ടി. അപ്പോൾ മരങ്ങളുടെയിടയിൽ കൂട്ടക്കരച്ചിലുയർന്നു.

സാധാരണ രീതിയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിവുള്ളവരാണു നമ്മൾ. അതുകൊണ്ടുതന്നെ ആരുടെയും സഹായം കൂടാതെ ജീവിക്കാമെന്നല്ലേ പലപ്പോഴും നമ്മൾ കരുതുക? ഒരുപക്ഷേ, അതുകൊണ്ടു കൂടിയായിരിക്കാം മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം വിമുഖത കാണിക്കുന്നത്‌.

എന്നാൽ വാസ്തവം എന്താണ്‌? നാം എത്ര കേമന്മാരാണെങ്കിലും നമുക്കു പലപ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ? മനുഷ്യരുടെ സഹായം മാത്രമല്ല, ശുദ്ധവായുവും ശുദ്ധജലവും പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും മത്സ്യമാംസാദികളുമൊക്കെ നമുക്കാവശ്യമില്ലേ? പൂക്കളും ചെടികളും മരങ്ങളും കാടുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമല്ലേ? തോടും പുഴയും കായലും കടലുമൊക്കെ നമ്മുടെ ജീവിതത്തെ ഏതെല്ലാം രീതികളിലാണ്‌ സഹായിക്കുന്നത്‌! നമ്മുടെ ചുറ്റിലുമുളള പ്രകൃതിയെയൊക്കെ വിസ്മരിച്ചിട്ട്‌ നമുക്കു സന്തോഷമായി ജീവിക്കുവാൻ സാധിക്കുമോ?

വന്യമൃഗങ്ങൾ തങ്ങൾക്കു ശല്യവും ഭാരവുമാണെന്നു തോന്നിയതുകൊണ്ടല്ലേ മുകളിൽ കൊടുത്തിരിക്കുന്ന നാടോടിക്കഥലെ വന്മരങ്ങൾ വന്യമൃഗങ്ങളെ ആട്ടിയോടിച്ചത്‌? എന്നാൽ, ആ വന്യമൃഗങ്ങൾ തന്നെയാണ്‌ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയതെന്ന്‌ മരങ്ങൾ ഓർമിക്കാതെ പോയി. അതാണ്‌ അവയുടെ നാശത്തിന്‌ കാരണമായത്‌. നാമെല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാണ്‌. ആർക്കും ആരെയും ഒഴിവാക്കുവാനാകില്ലെന്നതാണ്‌ വസ്തുത. ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ജീവജാലങ്ങളുമൊക്കെ പരസ്പരം ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. സ്വാർഥലാഭത്തിനായി നാം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും പരിധിവിട്ടു ചൂഷണം ചെയ്താൽ അത്‌ നമ്മുടെ തന്നെ നാശത്തിനു വഴിതെളിക്കുമെന്നതാണു യാഥാർഥ്യം. ഇന്നു ലോകത്തിൽ ശുദ്ധവായുവും ശുദ്ധജലവുമൊക്കെ കുറവാണെങ്കിൽ അതിന്റെ കാരണക്കാർ മനുഷ്യരായ നമ്മൾ തന്നെയല്ലേ?

ദൈവം സൃഷ്ടിച്ച ഭൂമിയും അതിലെ സമ്പത്തുകളും എല്ലാവർക്കും അവകാശപ്പെട്ടതാണ്‌. അവ പരിധിവിട്ടു നാം ചൂഷണം ചെയ്താൽ നമ്മുടെയും ഭാവിതലമുറകളുടെയും നാശം അതുവിളിച്ചുവരുത്തും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ മനുഷ്യർ തമ്മിൽ മാത്രമല്ല മനുഷ്യനും പ്രകൃതിയും തമ്മിലും ഏറെ ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്ന യാഥാർഥ്യം നാം വിസ്മരിക്കാതിരിക്കണം.

നാം നമ്മെത്തന്നെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരെ സംരക്ഷിക്കാനും വളർത്താനും നമുക്കു ശ്രദ്ധിക്കാം. അതോടൊപ്പം നമുക്കു ചുറ്റുമുള്ള സകല ചരാചരങ്ങളെയും പ്രകൃതിയെത്തന്നെയും നമുക്കു രക്ഷിക്കാം.


കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..