Tuesday, November 18, 2008

മുള്ളുകൾക്കിടയിൽനിന്നൊരു പൂവു നീട്ടിക്കൊണ്ട്‌

മുള്ളുകൾക്കിടയിൽനിന്നൊരു പൂവു നീട്ടിക്കൊണ്ട്‌

പതിനൊന്നാംക്ലാസ്‌ വിദ്യാർഥിനിയായിരുന്നു പതിനാറുവയസുകാരിയായ രാജലക്ഷ്മി. തിരുവണ്ണാമല സ്വദേശിനിയായ അവൾ ഒരു ദിവസം സൈക്കിളിൽ യാത്രചെയ്യുകയായിരുന്നു. ദിവസക്കൂലിക്കു ജോലിചെയ്യുന്ന പിതാവിന്‌ ഉച്ചഭക്ഷണം എത്തിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

സൈക്കിൾ യാത്രയ്ക്കിടയിൽ രാജലക്ഷ്മിയെ ഒരു ലോറി ഇടിച്ചുതെറിപ്പിച്ചു. മാരകമായ മുറിവുകളോടെ അവൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രിയിലെത്തിയ അവൾക്കു നല്ല പരിചരണം ലഭിച്ചു. എങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നതുകൊണ്ട്‌ അവളുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കുകയില്ലെന്നു ഡോക്ടർമാർ മനസിലാക്കി. തന്റെ ആയുസ്‌ അധികം ദീർഘിക്കില്ലെന്ന്‌ വേദനയ്ക്കിടയിൽ രാജലക്ഷ്മിയും മനസിലാക്കി.

മരണം മുന്നിൽക്കണ്ട അവൾക്ക്‌ ആരോടും പരിഭവമില്ലായിരുന്നു. എന്നാൽ, അവൾക്കു മൂന്ന്‌ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അവ അവൾ തന്റെ മാതാപിതാക്കളോടു പങ്കുവയ്ക്കുകയും ചെയ്തു.

രാജലക്ഷ്മിയുടെ മാതാപിതാക്കൾ എപ്പോഴും പരസ്പരം വഴക്കിടുന്ന സ്വഭാവക്കാരായിരുന്നു. അവർ വഴക്കവസാനിപ്പിച്ച്‌ സ്നേഹത്തിലും സൗഹൃദത്തിലും കഴിയണമെന്നതായിരുന്നു അവളുടെ ഒന്നാമത്തെ ആഗ്രഹം.

രാജലക്ഷ്മിയുടെ ബന്ധത്തിൽപ്പെട്ട ഭാവന എന്ന പെൺകുട്ടിയുടെ കണ്ണുകൾക്കു കാഴ്ച നഷ്ടപ്പെട്ടിരുന്നു. താൻ മരിക്കുമ്പോൾ തന്റെ കണ്ണുകൾ ഭാവനയ്ക്കു നൽകണമെന്നതായിരുന്നു അവളുടെ രണ്ടാമത്തെ ആഗ്രഹം.

രാജലക്ഷ്മിയുടെ പഠനത്തിനാവശ്യമായ പാഠപുസ്കതങ്ങൾ നൽകി അവളെ സഹായിക്കുവാൻ മുൻകൈ എടുത്തത്‌ അക്കാലത്തെ ജില്ലാ കളക്ടറായിരുന്ന കണ്ണകിയായിരുന്നു. താൻ മരിക്കുന്നതിനുമുൻപ്‌ കളക്ടറെ നേരിൽക്കണ്ടു നന്ദിപറയണമെന്നതായിരുന്നു അവളുടെ മൂന്നാമത്തെ ആഗ്രഹം.

രാജലക്ഷ്മിയുടെ മൂന്നാമത്തെ ഈ ആഗ്രഹം സാധിച്ചില്ല. അവളുടെ ആഗ്രഹം അറിഞ്ഞ്‌ കളക്ടർ അവളെ കാണാനെത്തിയെങ്കിലും അപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. 1998 ഒക്ടോബർ പത്തിനു പുറത്തിറങ്ങിയ 'മലൈമുരശ്‌' എന്ന തമിഴ്‌ പത്രം ഇതു റിപ്പോർട്ട്‌ ചെയ്തിരുന്നു.

ജീവിതത്തിലേക്കു ശരിക്കും കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി യായിരുന്നു രാജലക്ഷ്മി. എങ്കിലും അവൾ മരണത്തെ മുഖാമുഖം കണ്ടപ്പോൾ അവളുടെ ചിന്ത പോയത്‌ തന്നെക്കുറിച്ചോ തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ചോ ആയിരുന്നില്ല. അപ്പോൾ അവൾ ചിന്തിച്ചതു മറ്റുള്ളവരെക്കുറിച്ചായിരുന്നു; അവർക്കുണ്ടാകേണ്ട നന്മയെക്കുറിച്ചായിരുന്നു.

രാജലക്ഷ്മിയുടെ മാതാപിതാക്കൾ പരസ്പരം ശരിക്കും സ്നേഹിക്കാത്തതിൽ അവൾക്കു ദുഃഖമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അവർ കലഹം അവസാനിപ്പിച്ചു പരസ്പരം സ്നേഹത്തിൽ കഴിയണമെന്ന്‌ അവൾ ആവശ്യപ്പെട്ടത്‌.

തന്റെ ബന്ധുവായിരുന്ന ഭാവനയുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടതിലും അവൾക്കു ദുഃഖമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ മരണത്തെ മുന്നിൽകണ്ടപ്പോൾ അവൾ തന്റെ കണ്ണുകൾ ഭാവനയ്ക്കു ദാനം ചെയ്യുവാൻ തീരുമാനിച്ചത്‌.

സ്വന്തം ദുഃഖങ്ങൾക്കിടയിലും മറ്റുള്ളവരുടെ ദുഃഖം കാണുവാൻ നമുക്കു സാധിക്കുമോ? എങ്കിൽ നാമും രാജലക്ഷ്മിയെപ്പോലെ ഹൃദയമുള്ളവരാണെന്നു പറയാം. എന്നാൽ മിക്കപ്പോഴും നമ്മുടെ ചിന്ത നമ്മെക്കുറിച്ചു മാത്രമല്ലേ?

നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടാകുമ്പോൾ നാം നമ്മിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലേ പതിവ്‌? സ്വന്തം ദുരിതങ്ങൾക്കിടയിൽ മറ്റുള്ളവരുടെ കണ്ണീരൊപ്പുവാൻ നാം പോകുമോ?

നമുക്കു ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടാകുമ്പോൾ തീർച്ചയായും നാം അവയ്ക്കു പരിഹാരം കാണണം. എന്നാൽ, അവയ്ക്കു പരിഹാരം കണ്ടിട്ടു മാത്രം മറ്റുള്ളവരുടെ ദുഃഖദുരിതങ്ങളിൽ അവരെ സഹായിച്ചുകളയാം എന്നും നാം കരുതരുത്‌. സ്വന്തം ദുഃഖദുരിതങ്ങൾക്കു പരിഹാരം കാണുന്നതോടൊപ്പം മറ്റുള്ളവരുടെ ദുഃഖത്തിന്റെ ആഴം കുറയ്ക്കുവാനും നാം ശ്രമിക്കണം. മറ്റുള്ളവർക്കുവേണ്ടി നമുക്കു മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ടാകും. നാം അതു ചെയ്യുന്നില്ലെങ്കിൽ അവരുടെ ദുഃഖം നീണ്ടുനിൽക്കുകയേയുള്ളൂ.

നമ്മുടെ ദുഃഖങ്ങൾക്കിടയിലും നാം മറ്റുള്ളവരുടെ ദുഃഖത്തിനു ശമനം കണെ്ടത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അതു മറ്റുള്ളവർക്കെന്നപോലെ നമുക്കും നന്മ ഉറപ്പുവരുത്തും. ഒരുപക്ഷേ, ചിലപ്പോഴെങ്കിലും നമ്മുടെ ദുഃഖത്തിന്‌ അറുതി വരുത്തുവാനുള്ള എളുപ്പവഴി മറ്റുള്ളവരുടെ ദുഃഖത്തിന്‌ അറുതിവരുത്തുക എന്നതായിരിക്കും.


കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..