Thursday, November 20, 2008

ദൈവം ചോദിക്കാനിടയുള്ള ചോദ്യങ്ങൾ

ദൈവം ചോദിക്കാനിടയുള്ള ചോദ്യങ്ങൾ

നാം ദൈവത്തെ മുഖാമുഖം കാണുമ്പോൾ ഒട്ടേറെക്കാര്യങ്ങൾ അവിടുത്തോട്‌ നമുക്കു ചോദിക്കാനുണ്ടാകും. എന്നാൽ, നാം ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപുതന്നെ അവിടുന്നു നമ്മോടു ചോദ്യങ്ങൾ ചോദിക്കാനാണ്‌ ഏറെ സാധ്യത. എന്തുതരം ചോദ്യങ്ങളായിരിക്കും അവിടുത്തേക്കു നമ്മോട്‌ ചോദിക്കാനുണ്ടാവുക?

ദൈവം നമ്മോടു ചോദിക്കാനിടയില്ലാത്തതും ചോദിക്കാനിടയുള്ളതുമായ ചില കാര്യങ്ങളുണ്ട്‌. അവയിൽ ചിലതു താഴെക്കൊടുക്കുന്നു:

നാം ദൈവത്തെ മുഖാമുഖം കാണുമ്പോൾ എത്ര വലിയ മണിമന്ദിരത്തിലാണ്‌ നാം താമസിച്ചിരുന്നത്‌ എന്ന്‌ അവിടുന്നു ചോദിക്കുകയില്ല. എന്നാൽ, നമ്മുടെ ഭവനത്തിൽ നാം എത്രപേരെ സന്തോഷപൂർവം സ്വീകരിച്ചുവെന്നും എത്രപേർക്കു നാം അഭയം നൽകിയെന്നും അവിടുന്നു നമ്മോടു ചോദിക്കും.

നാം എത്ര മോടിയായി വസ്ത്രം ധരിച്ചുവെന്നോ നമ്മുടെ വസ്ത്രശേഖരത്തിൽ ഏതെല്ലാം വിലപ്പിടിപ്പുള്ള പട്ടുവസ്ത്രങ്ങളുണെ്ടന്നോ അവിടുന്നു ചോദിക്കുകയില്ല. എന്നാൽ, വസ്ത്രമില്ലാതിരുന്ന എത്ര പേർക്കു നാം വസ്ത്രം കൊടുത്തുവെന്ന്‌ അവിടുന്നു തീർച്ചയായും നമ്മോടു ചോദിക്കും.

സമൂഹത്തിൽ നമുക്ക്‌ എത്ര മെച്ചപ്പെട്ട സ്ഥാനമുണ്ടായിരുന്നുവെന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, മറ്റുള്ളവരോട്‌ എത്ര മെച്ചമായി നാം പെരുമാറി എന്ന്‌ അവിടുന്നു നമ്മോടു ചോദിക്കും.

നാം നമ്മുടെ ജീവിതത്തിൽ എന്തുമാത്രം പണം സമ്പാദിച്ചുവെന്നോ എന്തുമാത്രം സ്വത്തുവകകൾ വാരിക്കൂട്ടിയെന്നോ അവിടുന്നു ചോദിക്കുകയില്ല. എന്നാൽ, ഭൗതിക സമ്പത്തുകളും അവയുടെ വിനിയോഗവുമാണോ നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്‌ എന്ന്‌ അവിടുന്നു ചോദിക്കും.

നമുക്കു കാറോ മോട്ടോർസൈക്കിളോ, മറ്റു വാഹനങ്ങളോ ഉണ്ടായിരുന്നോ എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, നമുക്കു വാഹനങ്ങളുണ്ടായിരുന്നുവെങ്കിൽ അവ മറ്റുള്ളവരുടെയും യാത്രയ്ക്കു വിനിയോഗിച്ചിട്ടുണേ്ടാ എന്ന്‌ അവിടുന്നു ചോദിക്കും.

നമുക്ക്‌ എന്തുമാത്രം ശമ്പളം കിട്ടിയിരുന്നു എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, കൊഴുത്ത ശമ്പളത്തോടൊപ്പം നാം കിമ്പളവും വാങ്ങിയിരുന്നോ എന്ന്‌ അവിടുന്നു ചോദിക്കും.

കൂടുതൽ പണം സമ്പാദിക്കുവാൻവേണ്ടി നാം ഓവർടൈം ജോലി ചെയ്തിരുന്നോ എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, കുടുംബാംഗങ്ങളുടെ സുഖവും സന്തോഷവും ഉറപ്പാക്കുവാൻവേണ്ടി അവരോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചോ എന്നു ചോദിക്കും.

നമ്മുടെ ജോലിയിൽ നമുക്ക്‌ എത്ര പ്രൊമോഷൻ കിട്ടി എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, നാം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ പ്രൊമോട്ട്‌ ചെയ്തിരുന്നോ എന്നു ചോദിക്കും.

നമ്മുടെ ജോലി ഏതു തരത്തിലുള്ളതായിരുന്നുവെന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, നമ്മുടെ ജോലി ആത്മാർഥതയോടെ നാം എപ്പോഴും ചെയ്തിരുന്നോ എന്ന്‌ അവിടുന്നു ചോദിക്കും.

നാം നമ്മുടെ ജീവിതം മെച്ചപ്പെടുത്തുവാനായി മാത്രം എന്തൊക്കെ ചെയ്തുവെന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുവാനായി നാം എന്തു ചെയ്തുവെന്ന്‌ അവിടുന്നു ചോദിക്കും.

നമുക്ക്‌ എത്ര സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, നാം എത്രപേർക്ക്‌ ആത്മാർഥ സുഹൃത്തായിരുന്നുവെന്ന്‌ അവിടുന്നു നമ്മോടു ചോദിക്കും.

നമ്മുടെ സ്വന്തം അവകാശങ്ങൾ സംരക്ഷിക്കുവാൻ നാം എന്തു ചെയ്തുവെന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, മറ്റുള്ളവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുവാൻ നാം എന്തു ചെയ്തുവെന്ന്‌ അവിടുന്നു നമ്മോടു ചോദിക്കും.

എത്ര നല്ല അയൽക്കാരുള്ളിടത്താണു നാം താമസിച്ചിരുന്നത്‌ എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, നമ്മുടെ അയൽക്കാരോട്‌ എത്ര നന്നായി നാം പെരുമാറി എന്ന്‌ അവിടുന്നു നമ്മോടു ചോദിക്കും.

നാം പറഞ്ഞതുപോലെ എത്ര തവണ പ്രവർത്തിച്ചു എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, പറഞ്ഞതുപോലെ എത്ര തവണ പ്രവർത്തിച്ചില്ല എന്ന്‌ അവിടുന്നു ചോദിക്കും.

നാം ഓരോ ദിവസവും എന്തു ഭക്ഷിച്ചിരുന്നുവെന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, നാം വിശക്കുന്നവരെ കണ്ടിട്ട്‌ അവർക്ക്‌ ആഹാരം കൊടുക്കാതിരുന്നോ എന്ന്‌ അവിടുന്നു ചോദിക്കും.

നാം രോഗശയ്യയിൽ കിടന്നപ്പോൾ എത്രപേർ നമ്മെ വന്നു കണ്ട്‌ ആശ്വസിപ്പിച്ചു എന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, രോഗികളായിരുന്ന എത്രപേരെ നാം സന്ദർശിച്ച്‌ ആശ്വസിപ്പിച്ചു എന്ന്‌ അവിടുന്നു ചോദിക്കും.

നമുക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നോ എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, സാമ്പത്തികബുദ്ധിമുട്ടു മൂലം ക്ലേശിച്ച എത്ര പേർക്കു നമ്മൾ സഹായഹസ്തം നീട്ടിയെന്ന്‌ അവിടുന്നു ചോദിക്കും.

നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടായപ്പോൾ ആരൊക്കെ വന്നു നമ്മെ ആശ്വസിപ്പിച്ചു എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ, ദുഃഖദുരിതങ്ങൾമൂലം മാനസികമായി തകർന്ന എത്രപേർക്കു നാം ആശ്വാസം നൽകി എന്ന്‌ അവിടുന്നു ചോദിക്കും.

എത്രപേർ നമ്മെ അന്യായമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു എന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, നാം എത്രപേരെ അന്യായമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു എന്ന്‌ അവിടുന്നു ചോദിക്കും.

ആരൊക്കെ നമ്മോടു സ്നേഹപൂർവം പെരുമാറിയില്ല എന്നു ദൈവം ചോദിക്കുകയില്ല. എന്നാൽ നാം എത്ര പേരോടു സ്നേഹപൂർവം പെരുമാറിയില്ല എന്ന്‌ അവിടുന്നു ചോദിക്കും.

മറ്റുള്ളവരുടെ സ്വഭാവ ന്യൂനതകളെക്കുറിച്ചു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, നമ്മുടെ സ്വഭാവന്യൂനതകളെക്കുറിച്ച്‌ അവിടുന്നു നമ്മോടു ചോദിക്കും.

നാം തെറ്റു ചെയ്തിട്ടുള്ളവരിലെത്ര പേർ നമ്മോടു ക്ഷമിച്ചിട്ടില്ല എന്നു ദൈവം നമ്മോടു ചോദിക്കുകയില്ല. എന്നാൽ, നമ്മോടു തെറ്റു ചെയ്തിട്ടുള്ളവരിൽ എത്രപേരോടു നാം ഹൃദയപൂർവം ക്ഷമിച്ചിട്ടില്ല എന്ന്‌ അവിടുന്നു ചോദിക്കും.

ദൈവം നമ്മോടു ചോദിക്കാനിടയില്ലാത്തതും ചോദിക്കാനിടയുള്ളതുമായ കാര്യങ്ങളുടെ ലിസ്റ്റ്‌ ഇങ്ങനെ നീണ്ടുപോകാം. എന്നാൽ, ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചെങ്കിലും നാം ശ്രദ്ധിച്ചാൽ ദൈവവുമായി മുഖാമുഖം കാണുമ്പോൾ അവിടുത്തേക്കു നമ്മെക്കുറിച്ചു തൃപ്തിയും സന്തോഷവും തോന്നുമെന്നതിൽ സംശയം വേണ്ട.
കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..