അപരന്റെ മുഖം കരടിമുഖമാക്കിയാൽ
പുരാണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണു നാരദൻ. വിഷ്ണുഭക്തനായ ഈ മഹർഷിയുടെ കൈയിൽ എപ്പോഴും ഒരു വീണ ഉണ്ടാവും. എപ്പോഴും വീണ വായിച്ച് ഭഗവാനെ സ്തുതിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ബ്രഹ്മചാരിയാണു നാരദൻ. പക്ഷേ, ഒരിക്കൽ ഒരു രാജകുമാരിയിൽ ഈ മഹർഷി ആകൃഷ്ടനായി. പ്രേമം മൂത്ത് രാജകുമാരിയെ വിവാഹം കഴിച്ചേ അടങ്ങൂ എന്ന നിലവന്നു.
അപ്പോൾ വലിയൊരു പ്രശ്നം. മറ്റൊരു മഹർഷിയായ തംബുരുവിനും ഈ രാജകുമാരിയോടു തന്നെ പ്രേമം. തംബുരുവും ഈ രാജകുമാരിയെ കല്യാണം കഴിക്കുവാൻ തീരുമാനിച്ചു.
രണ്ടു മഹർഷിമാരും ഒരേ രാജകുമാരിയെത്തന്നെ കല്യാണം കഴിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം ഇരുവരും അറിഞ്ഞു. ആരും വിട്ടുകൊടുക്കുവാൻ തയാറായില്ല. എങ്ങനെയെങ്കിലും അപരനെ കളിക്കളത്തിനു പുറത്താക്കണമെന്നായിരുന്നു ഇരുവരുടെയും ചിന്ത.
നാരദൻ സഹായത്തിനായി വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. രാജകുമാരിയുടെ സ്വയം വരച്ചടങ്ങിനെത്തുമ്പോൾ തംബുരു മഹർഷിയുടെതല കരടിയുടെ തലപോലെയാക്കിമാറ്റണമെന്നായിരുന്നു നാരദന്റെ അഭ്യർത്ഥന. അങ്ങനെ വന്നാൽ രാജകുമാരി തംബുരുവിനെ വരിക്കില്ലെന്നു നാരദനു തീർച്ചയായിരുന്നു.
വിഷ്ണുവിനു സ്വീകാര്യമായിരുന്നു നാരദന്റെ അദ്യർത്ഥന. നാരദൻ ആഗ്രഹിച്ചതുപോലെ സംഭവിക്കുമെന്നു വിഷ്ണുഭഗവാൻ അദ്ദേഹത്തിനു വാക്കുകൊടുത്തു.
തംബുരു മഹർഷിയും വിഷ്ണുഭഗവാന്റെ ഭക്തനായിരുന്നു. അദ്ദേഹവും ഭഗവാന്റെ സഹായം തേടിയെത്തി. രാജകുമാരിയുടെ സ്വയംവരത്തിന്റെ അവസരത്തിൽ നാരദന്റെ തല കുരങ്ങന്റെ തലപോലെയാക്കി മാറ്റണമെന്നതായിരുന്നു തംബുരു മഹർഷിയുടെ പ്രാർത്ഥന.
വിഷ്ണുഭഗവാനു സ്വീകാര്യമായിരുന്നു ഈ നിർദ്ദേശവും. തംബുരു ആഗ്രഹിച്ചതുപോലെ സംഭവിക്കും എന്ന് ഭഗവാൻ വാഗ്ദാനം ചെയ്തു.
രാജകുമാരിയുടെ സ്വയംവരത്തിനു സമയമായി. നാരദനും തംബുരുവും മഹർഷി വേഷം ഉപേക്ഷിച്ച് ഉടുത്തൊരുങ്ങി സ്വയംവരപ്പന്തലിൽ എത്തി. രണ്ടുപേരും കാഴ്ചയ്ക്കു കോമളന്മാരായിരുന്നു. ഇവർ രണ്ടുപേരിൽ ഒരാളെ രാജകുമാരി തെരഞ്ഞെടുക്കുമെന്നായിരുന്നു സ്വയംവര സദസിലുണ്ടായിരുന്നവരുടെ കണക്കുകൂട്ടൽ.
സ്വയംവരപ്പന്തലിലുണ്ടായിരുന്ന രാജകുമാരന്മാരുൾപ്പെടെയുള്ളവരെ രാജകുമാരി മാറിമാറി നോക്കി. അപ്പോൾ നാരദനും തംബുരുവും ഒരുപോലെ മിടുക്കരാണെന്നു രാജകുമാരിക്കു തോന്നി.
അവരെ അടുത്തു കാണുവാനായി രാജകുമാരി അവരുടെ അരികിലേക്കു ചെന്നു. അപ്പോൾ നാരദൻ പെട്ടെന്നു കുരങ്ങന്റെ തലയുള്ള ആളായി മാറിയതായി രാജകുമാരിക്കു തോന്നി. രാജകുമാരി ഉടനേ തംബുരുവിനെ സൂക്ഷിച്ചു നോക്കി, അപ്പോൾ അദ്ദേഹത്തിന്റെ തല കരടിയുടെ തലപോലെയായിരിക്കുന്നതായും രാജകുമാരി കണ്ടു.
രാജകുമാരി വീണ്ടും നോക്കിയപ്പോൾ നാരദന്റെയും തംബുരുവിന്റെയും മധ്യത്തിലായി സുന്ദരനായ ഒരു യുവാവ് നിൽക്കുന്നതായി കണ്ടു. കുമാരി ആ യുവാവിന്റെ കഴുത്തിൽ മാലയിടുകയും ചെയ്തു. നാരദനും തംബുരുവും ഒരു പോലെ ഇളിഭ്യരാകുന്ന രംഗം നേരിൽ കാണുവാനെത്തിയ വിഷ്ണുഭഗവാൻ തന്നെയായിരുന്നു ആ യുവാവ് !
നാരദനും തംബുരുവും ഒരു പോലെ വിഷ്ണുഭക്തരായിരുന്നു. എന്നാൽ അവർ പ്രാർത്ഥിച്ചത് സ്വന്തം നന്മയ്ക്ക് എന്നതിലേറെ അപരന്റെ തിന്മയ്ക്കായിരുന്നു. തംബുരുവിനെ മോശക്കാരനാക്കി തനിക്കു രാജകുമാരിയെ വിവാഹം കഴിക്കാമെന്നു നാരദനും നാരദനെ മോശക്കാരനാക്കി മാറ്റി തനിക്കു രാജകുമാരിയുടെ ഹൃദയം കവരുവാൻ സാധിക്കുമെന്നു തംബുരുവും വിശ്വസിച്ചു. പക്ഷേ ഇരുവർക്കും തെറ്റുപറ്റി.
പുരാണത്തിലെ ഈ കഥാപാത്രങ്ങൾ രണ്ടും നമ്മിൽ ചിലരുടെയെങ്കിലും പ്രതീകങ്ങളല്ലേ? നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കേണ്ട നമ്മൾ അപൂർവമായിട്ടാണെങ്കിൽപ്പോലും മറ്റുള്ളവർക്കു തിന്മയുണ്ടാകാൻ ആഗ്രഹിക്കാറില്ലേ? മറ്റുള്ളവർക്കു തിന്മസംഭവിക്കുന്നതു വഴിയേ നമുക്കു നന്മ സംഭവിക്കു എന്നു നാം ചിന്തിക്കുന്ന സന്ദർഭങ്ങളില്ലേ?
വിഷ്ണുഭഗവാന്റെ സഹായം തേടിയ നാരദനു സ്വന്തം നന്മ ആഗ്രഹിച്ച് അനുഗ്രഹം തേടാമായിരുന്നില്ലേ? അതിനു പകരം, തംബുരുവിനെ മോശക്കാരനാക്കിക്കൊണ്ടു സ്വന്തം കാര്യം നേടാനുള്ള അനുഗ്രഹത്തിനായിട്ടാണ് നാരദൻ പ്രാർത്ഥിച്ചത്.
തംബുരുവിനും ഇതേ അബദ്ധമല്ലേ പിണഞ്ഞത്? അദ്ദേഹത്തിന്റെ ആഗ്രഹം രാജകുമാരിയെ ഭാര്യയായി ലഭിക്കണമെന്നതായിരുന്നുവെങ്കിൽ അക്കാര്യം പറഞ്ഞ് പ്രാർത്ഥിച്ചാൽ പോരായിരുന്നുന്നോ? അതിനുപകരം തന്റെ എതിരാളിയെ നശിപ്പിക്കുവാനല്ലേ തംബുരു ശ്രമിച്ചത്?
നാരദന്റെയും തംബുരുവിന്റെയും പ്രാർത്ഥന തെറ്റായ രീതിയിലുള്ളതായിരുന്നു. അവർ ഇരുവരും സ്വന്തം നന്മ ഉറപ്പുവരുത്താൻ അപരന്റെ നാശം ആഗ്രഹിച്ചു.
സ്വന്തം നന്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതു നല്ലതുതന്നെ. അതിൽ അപാകതയൊന്നുമില്ല. എന്നാൽ, നമ്മുടെ നന്മ ഉറപ്പുവരുത്തുന്നതിനു മറ്റുള്ളവരുടെ നാശം നാം ഒരിക്കലും ആഗ്രഹിക്കരുത്. അതിനായി പ്രാർഥിക്കുകയും ചെയ്യരുത്.
നമ്മുടെ പ്രാർഥന എപ്പോഴും നമ്മുടെ എന്ന പോലെ മറ്റുള്ളവരുടെയും ജീവിതത്തിലെ നന്മകൾക്കുവേണ്ടി മാത്രമാണെന്നു നാം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥനയിൽ പ്രസാദിക്കൂ; അവിടുന്ന് നമ്മുടെ പ്രാർഥന കേൾക്കൂ.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Wednesday, November 12, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന്‍ യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന്‍ യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.