ജീവിതം എത്ര ദിവസംകൂടി?
ജീവിക്കുവാൻ ഒരു ദിവസം മാത്രമേ നമുക്കവശേഷിക്കുന്നുള്ളുവെന്നു കരുതുക. അങ്ങനെയൊരു സാഹചര്യത്തിൽ നാം എന്തുചെയ്യും? ഈ ചോദ്യത്തിന് ഇന്റർനെറ്റിൽ കാണുവാനിടയായ രണ്ടു പേരുടെ ഉത്തരങ്ങൾ താഴെ കുറിക്കുന്നു:
"എല്ലാ സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി വലിയൊരു പാർട്ടി നടത്തി ആഘോഷിക്കും."
"എനിക്കറിയാവുന്ന എല്ലാവരെയും വിളിച്ചുവരുത്തി ഞാനൊരു വലിയ ആഘോഷം നടത്തും."
ജീവിതത്തെ ആഘോഷമായി കാണുന്നവർ ധാരാളമുണ്ട്. അങ്ങനെയുള്ളവരുടെ ഗണത്തിൽപ്പെടുന്നവരാണു മുകളിൽ കൊടുത്തിരിക്കുന്ന ഉത്തരങ്ങൾ നൽകിയിരിക്കുന്നത്.
ജീവിതത്തെ ആഘോഷമായി കാണുന്നതിൽ തെറ്റൊന്നുമില്ല. എന്നു മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ ആഘോഷിക്കുകയും വേണം. എന്നാൽ, ജീവിതം മുഴുവനും പാർട്ടി നടത്തി ആഘോഷിക്കുവാൻ മാത്രമുള്ളതാണെന്നു കരുതിയാലോ? എങ്കിൽ ജീവിതത്തെക്കുറിച്ചു നമുക്കുള്ള വീക്ഷണം വികലമാണെന്നു വ്യക്തം.
'വൺ മോർ ഡേ ടു ലിവ്' എന്ന പേരിൽ കാരൾ ആൻ എന്നൊരാൾ എഴുതിയിരിക്കുന്ന ഒരു കവിത ഇവിടെ പകർത്തട്ടെ:
"എനിക്ക് ഒരു ദിവസം മാത്രമേ ജീവിക്കുവാനുള്ളുവെങ്കിൽ എല്ലാ സ്നേഹവും സ്തുതിയും ബഹുമാനവും ഞാൻ ദൈവത്തിനു നൽകും. മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി പടർത്തുവാൻ ഞാൻ പരമാവധി ശ്രമിക്കും; ദൈവമേ, അങ്ങയുടെ അനുഗ്രഹങ്ങൾ അവരുമായി പങ്കുവയ്ക്കുവാനും ഞാൻ ശ്രമിക്കും.
"സുഖത്തിലും ദുഃഖത്തിലും അങ്ങ് എന്നോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഞാൻ ഓർമിക്കും; എനിക്കുവേണ്ടി അങ്ങു ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിപറയും; അങ്ങയെക്കൂടാതെ ഒരു വിജയവും എനിക്കു നേടുവാൻ സാധിക്കുമായിരുന്നില്ല.
"എനിക്ക് ഒരു ദിവസം മാത്രമേ ജീവിക്കുവാനുള്ളുവെങ്കിൽ ഞാൻ കരയിപ്പിച്ച കുട്ടിയോടു ഞാൻ ക്ഷമചോദിക്കും. ഞാൻ മറ്റുള്ളവരോടു പറഞ്ഞ മുറിപ്പെടുത്തുന്ന വാക്കുകൾ തിരിച്ചെടുക്കും. എന്നിട്ടവരുടെ ഹൃദയം പൊട്ടിച്ചിരിയും തമാശയുംകൊണ്ടു നിറയ്ക്കും.
"എനിക്ക് ഒരു ദിവസം മാത്രമേ ജീവിക്കുവാനുള്ളുവെങ്കിൽ ഞാൻ ആരെയും എന്നിൽനിന്നകറ്റി മാറ്റില്ല; ഞാൻ ഒരാളെയും മുറിപ്പെടുത്തില്ല. കാരണം, ഞാൻ അവസാനം വരെ എല്ലാവരെയും സ്നേഹിക്കേണ്ടതല്ലേ?"
ഇത്രയും എഴുതിയിട്ടു കാരൾ ആൻ ചോദിക്കുകയാണ്: "ഓരോ ദിവസവും നമ്മുടെ അവസാന ദിവസമാണെന്നു കരുതി എന്തുകൊണ്ടു നമുക്കു ജീവിച്ചുകൂടാ?"
നാമെല്ലാവരുടെയും വിചാരം നമുക്കിനിയും ധാരാളം ആയുസുണെ്ടന്നല്ലേ? ഇന്നോ നാളെയോ നാം മരിക്കുമെന്നു നമ്മിലാരെങ്കിലും കരുതുന്നുണ്ടാവുമോ? എന്നാൽ, ദീർഘകാലം ജീവിച്ചിരിക്കുമെന്നു കരുതിയിരുന്നവരിൽ എത്രയോ പേർ ഇന്നു മരിക്കുന്നു! അപകടമോ രോഗമോ എന്തെങ്കിലുമാകാം അവരുടെ മരണത്തിനു കാരണം. പ്രതീക്ഷിച്ചിരിക്കാത്ത നേരത്തു മരണം അവരെ വിഴുങ്ങുന്നു .
മരണം എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാം. പക്ഷേ, അതുകൊണ്ടു നാം ഭയപ്പെട്ടു കഴിയണമെന്ന് അർഥമില്ല. മരിക്കാൻ തയാറായിരിക്കുന്നതുപോലെ ജീവിക്കുക എന്നതാണു നാം ചെയ്യേണ്ടത്.
നാം നാളെ മരിക്കുമെന്ന് ഇന്നറിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ സകല കാര്യങ്ങളും ഉള്ള സമയംകൊണ്ടു ശരിയാക്കാൻ ശ്രമിക്കില്ലേ? നമുക്കു ബാക്കിനിൽക്കുന്ന സമയം മുഴുവനും നന്മചെയ്യാനും തിന്മചെയ്യാതിരിക്കാനുമാവില്ലേ അപ്പോൾ നമ്മുടെ പരിശ്രമം?
ഒരു ദിവസംകൂടി മാത്രമേ ജീവിതമുള്ളു എന്നറിഞ്ഞാൽ നാം തെറ്റു ചെയ്തിട്ടുള്ളവരോടു ക്ഷമ ചോദിക്കുവാനും നമ്മോടു തെറ്റുചെയ്തിട്ടുള്ളവരോടു പൊറുക്കാനും നാം തയാറാവില്ലേ?
നമുക്ക് ഒരു ദിവസംകൂടി മാത്രമേ ബാക്കിയുള്ളുവെങ്കിൽ ദൈവം തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുവാനും എല്ലാ തെറ്റുകൾക്കും അവിടുത്തോടു മാപ്പുചോദിക്കുവാനും നാം തയാറാകില്ലേ?
ഒരു ദിവസംകൂടി മാത്രമേ ബാക്കിയുള്ളു എന്നറിയാമെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതം ഏറ്റവും കുറ്റമറ്റതാക്കുവാൻ നാം ശ്രമിക്കും. അപ്പോൾ കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ചു നാം അസ്വസ്ഥരാകുമോ? കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ചു നാം വാശിപിടിക്കുമോ? നിസാര കാര്യങ്ങളുടെ പേരിൽ നാം വഴക്കിനു മുതിരുമോ?
ജീവിതത്തിൽ നാം ചെയ്യുന്ന പല തെറ്റുകളുടെയും ഒരു കാരണം ആ തെറ്റുകൾക്കെല്ലാം പിന്നീട് നമുക്കു പരിഹാരം ചെയ്യുവാൻ സാധിക്കും എന്ന മിഥ്യാധാരണയാണ്. എന്നാൽ, ചെയ്യുന്ന തെറ്റുകളെല്ലാം തിരുത്തി അവയ്ക്കു പരിഹാരം ചെയ്തശേഷം മരിക്കുവാൻ സാധിക്കുന്നവരുടെ എണ്ണം എത്രയോ കുറച്ചുമാത്രം!
ആയുസിന്റെ ഹ്രസ്വതയെക്കുറിച്ചു നമുക്ക് അവബോധമുണെ്ടങ്കിൽ നമ്മുടെ ജീവിതത്തിന്റെ മേന്മ ഉറപ്പുവരുത്തുവാൻ നാം ശ്രദ്ധിക്കുകതന്നെ ചെയ്യും. അതായത്, മരണത്തെ നമ്മുടെ കൺമുന്നിൽ കാണാനായാൽ ജീവിതത്തെക്കുറിച്ചു നമുക്കു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാവുമെന്നു വ്യക്തം. മാത്രമല്ല, ആ വ്യത്യസ്തമായ കാഴ്ചപ്പാട് നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയും ചെയ്യും.
നാം എന്നു മരിക്കുമെന്നു നമുക്കറിയില്ല. എന്നാൽ, നാമെല്ലാം ഒരു ദിവസം മരിക്കുമെന്നറിയാം. നാം എന്നു മരിച്ചാലും എപ്പോൾ മരിച്ചാലും അതു ഭയപ്പെടുവാനുള്ള അവസരമായി മാറുകയില്ലെന്നു നമുക്ക് ഉറപ്പുവരുത്താം. അതിനുള്ള എളുപ്പവഴി നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയാണ്.
.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Monday, October 27, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.