Friday, October 3, 2008

കണക്കുപുസ്തകം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായെന്ന സ്വപ്നഭൂമിയിലേക്ക് വരുമ്പോള്‍ കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന്‍ മകന്‍ രാമക്യഷണന്‍ ഒരാഗ്രഹമേയുണ്ടായിരുന്നുള്ളു. സ്വന്തമായി ഒരു കൊച്ചുവീട്... അവിടെ ഭാര്യയോടും മക്കളോടുമൊത്തുമുള്ള സന്തോഷകരമായൊരു ജീവിതം….എത്ര നാളാണ് വാടക വീട്ടിലെ ഇടുങ്ങിയ ചുറ്റുപാടുകളില്‍ കഴിയുക...

രാമക്യഷണന്‍ ദുബായിലേക്ക് പോകുമ്പോള്‍ മകന്‍ വിഷണുവിന് അഞ്ചു വയസ്സാണ് പ്രായം. ഉണ്ണിമായ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ചെറിയ കുട്ടിയും. ദുബായിലേക്കുള്ള വിസ ശരിയായപ്പോള്‍ രാമക്യഷണന്‍ എന്തൊരു സന്തോഷമായിരുന്നു. എന്നാല്‍ യാത്രയാകുവാനുള്ള ദിവസം അടുത്തതോടു കൂടി രാമക്യഷണന്‍ വല്ലാത്ത വേവലാതിയിലായി. ഭാര്യയെയും പറക്കമുറ്റാത്ത രണ്ട് മക്കളെയും ആരുടെ കൈയ്യിലേല്‍പ്പിച്ചിട്ട് പോകുമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്. വീട്ടുകാരെ ധിക്കരിച്ച് സൂസന്നയെന്ന ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം ചെയ്തെന്ന ഒറ്റകാരണത്താല്‍ രാമക്യഷണന്‍ സ്വന്തം വീട്ടുകാരില്‍ നിന്നോ, മറ്റ് ബന്ധുക്കളില്‍ നിന്നോ യാതൊരു സഹകരണവും പ്രതീക്ഷിക്കുവാനില്ലായിരുന്നു.

രാമക്യഷ്ണന്‍ ആദര്‍ശപുരുഷനായിരുന്നു. അല്ലെങ്കില്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിച്ച് അല്ലലും, അലച്ചിലുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നില്ലേ.. പക്ഷേ രാമക്യഷണന്‍ ചെയ്തതോ..? ശങ്കരന്മാമയുടെ മകള്‍ ലക്ഷമിയാണെങ്കില്‍ കൊച്ചുനാള്‍ മുതല്‍ രാമക്യഷണനെ മോഹിച്ചു നടന്നതാണ്. ബാഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന പച്ചപരിഷ്ക്കാരിയായ ലക്ഷമിയോട് ശങ്കരന്മാമയുടെ മകള്‍ എന്നതൊഴിച്ചാല്‍ രാമക്യഷണന്‍ മറ്റ് താല്പര്യങ്ങളൊന്നുമില്ലായിരുന്നു. ഇക്കാര്യം ലക്ഷമിയോട് തുറന്നു പറയുകയും ചെയ്തതാണ്. ആദ്യമൊക്കെ ലക്ഷമി പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. ഒടുവില്‍ രാമക്യഷണന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവള്‍ പിന്മാറുകയായിരുന്നു.

കോളേജില്‍ പഠിക്കുമ്പോഴാണ് സൂസന്നയുമായി രാമക്യഷണന്‍ അടുപ്പത്തിലാകുന്നത്. സൂസന്നയുടെ മനോഹരമായ കണ്ണുകളും, ശാന്തസ്വഭാവവുമാണ് അയാളെ അവളിലേക്ക് അടുപ്പിച്ചതെന്ന് പറയുന്നതാവും ശരി. ആരൊക്കെ എതിര്‍ത്തിട്ടും സൂസന്നയെ മാത്രമേ വിവാഹം കഴിക്കുകയുള്ളെന്ന വാശിയിലായിരുന്നു രാമക്യഷണന്‍.

സൂസന്നയും അങ്ങനെയായിരുന്നല്ലോ..
അല്ലെങ്കില്‍ ഏക്കറ് കണക്കിന്‍ റബറ് എസ്റ്റേറ്റും, വലിയ ബിസിനസ്സുമുള്ള കാഞ്ഞിരപ്പള്ളീക്കാരന്‍ ചാക്കോയുടെ മകള്‍ സൂസന്നയ്ക്ക് രാമക്യഷണനെക്കാള്‍ യോഗ്യനായ ചെറുപ്പക്കാരനെ ഭര്‍ത്താവായി ലഭിക്കുമായിരുന്നില്ലേ..

“നില്ക്കവിടെ..” അന്നൊരു തിങ്കളാഴ്ച ദിവസം രണ്ടും കല്പിച്ച് സൂസന്നയുടെ കൈപിടിച്ച് വീട്ടിലേക്ക് കയറിവന്ന രാമക്യഷണനോട് അച്ഛന്‍ കല്പിച്ചു.

“നാണമില്ലേടാ, നിനക്കീ നസ്രാണിപ്പെണ്ണിനേംങ്കൊണ്ട് എന്റെ മുന്നില്‍ വരാന്‍… വീട്ടുകാരുടെ മുഖത്ത് കരിവാരി തേക്കാന്‍ വേണ്ടി ജനിച്ച സന്തതി…നീ ഒരു കാലത്തും ഗൊണം പിടിക്കില്ലെടാ.. കൊച്ചുപുരയ്ക്കല്‍ വിശ്വനാഥന് ഇങ്ങനെയൊരു മകനില്ല.. ഞാന്‍ മരിച്ചാല്‍ എന്റെ ശവം കാണാന്‍ പോലും നീയി വീട്ടില്‍ കടക്കരുത്....”

അച്ഛനോട് രാമക്യഷണന് മറുത്തൊരക്ഷരം പോലും പറഞ്ഞില്ല. രാമക്യഷണന്‍ അതിന്‍ കഴിയുമായിരുന്നില്ല. അച്ഛനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുടുംബത്തിലെ നാല്‍ പെണ്മ്ക്കള്‍ക്ക് ശേഷം അച്ഛനും, അമ്മയും വളരെ കാത്തിരുന്ന് ജനിച്ച ആണ്‍ തരിയാണയാള്‍.. സ്നേഹിച്ച പെണ്ണിനെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ വിളിച്ചുകൊണ്ട് വന്നതു ശരിയാണെങ്കിലും തന്നെക്കുറിച്ചുള്ള് അച്ഛന്റെ സങ്കല്‍പ്പങ്ങളെയാണ് അയാള്‍ തച്ചുടച്ചത്.. അച്ഛന്റെ മനസിന്റെ വേദന മനസ്സിലാക്കുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു… അന്ന് സൂസന്നയെയും കൊണ്ട് രാമക്യഷണന്‍ പടിയിറങ്ങിയതാണ്..

“മോനേ രാമക്യഷ്ണാ പോകരുതടാ മോനേ..” അമ്മയുടെ നിലവിളി ഹ്യദയത്തില്‍ തുളച്ചിറങ്ങിയിട്ടും ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല അയാള്‍. വാശിയായിരുന്നു രാമക്യഷണന്. അച്ഛനെ തോല്‍പ്പിക്കാനല്ലെങ്കിലും അച്ഛന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അന്തസ്സായി ജീവിക്കണം. അത് മാത്രമായിരുന്നു രാമക്യഷണന്റെ ലക്ഷ്യം.

ഒരു സുഹ്യത്ത് മുഖേനയാണ് രാമക്യഷണന്‍ ദുബായിലേക്കുള്ള വിസ ശരിയാക്കിയത്. സൂസന്നയെയും, മക്കളെയും വിട്ട് കടലുകള്‍ കടന്ന് ഈന്തപ്പനകളുടെ നാട്ടിലെത്തിയ രാമക്യഷണന്‍ വേര്‍പാടിന്റെ നൊമ്പരമെന്തെന്ന് ആദ്യനാളുകളില്‍ തന്നെ ശരിക്കും മനസ്സിലായി. പക്ഷേ മറ്റുള്ളവരുടെ കഥകള്‍ കേട്ടപ്പോള്‍ തന്റെ ദു:ഖങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാതാവുന്നതുപോലെ അയാള്‍ക്ക് തോന്നി.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം ഭാര്യയോടൊപ്പം കഴിയാന്‍ വിധിക്കപ്പെട്ട ചെങ്ങന്നൂര്‍ക്കാരന്‍ അരവിന്ദന്‍. മൂന്ന് വര്‍ഷമായിട്ടും അരവിന്ദന്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അമ്മ മരിച്ചിട്ടും നാട്ടില്‍ പോകാനാവാതെ പൊട്ടിക്കരഞ്ഞ പാലാക്കാരന്‍ ദാനിയേല്‍….അങ്ങനെ എത്രയെത്ര മുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളീല്‍ രാമക്യഷണന്‍ കാണേണ്ടി വന്നു. ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സ് തകരാതെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ കടലുകള്‍ താണ്ടിയെത്തിയ ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക് മുന്നില്‍ തന്റെ ദു:ഖങ്ങളെന്തുണ്ടെന്ന് രാമക്യഷണന്‍ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു...

ദുബായിലെത്തി തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി ലഭിച്ചപ്പോള്‍ സൂസന്നയുടെയും, തന്റെ മകളുടെയും ഭാഗ്യമെന്നാണ് രാമക്യഷണന്‍ കരുതിയത്. ഏറിയാല്‍ നാലഞ്ചുവര്‍ഷം ജോലി ചെയ്യുക. കടമൊക്കെ വീട്ടി ഒരു കൊച്ചുവീട് പണിയുക. നാട്ടിലെത്തി എന്തെങ്കിലും ചെറിയ ബിസിനസ്സ് തുടങ്ങുക എന്നതില്‍ കവിഞ്ഞ് രാമക്യഷണന്‍ വലിയ മോഹങ്ങളൊന്നുമില്ലായിരുന്നു.

ദുബായിലെത്തി ആദ്യവര്‍ഷം തന്നെ രാമക്യഷണന്‍ നാട്ടിലുണ്ടായിരുന്ന കടമൊക്കെ വീട്ടി. പട്ടണത്തിനടുത്ത് ഇരുപത് സെന്റ് സ്ഥലം വാങ്ങി. മൂന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വന്തമായൊരു വീടെന്ന രാമക്യഷണന്റെ സ്വപനവും സഫലീകരിച്ചു.

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോയതെന്ന് രാമക്യഷണന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്, വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന ഒന്നോ ഏറിയാല്‍ രണ്ട് മാസത്തെ അവധി ഒന്നിനും തികയില്ലെങ്കിലും കുട്ടികളോടും ഭാര്യയോടുമൊപ്പമുള്ള ആ ദിനങ്ങള്‍ സ്വര്‍ഗ്ഗതുല്യമാക്കുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു…അഞ്ചു വര്‍ഷത്തെ ഗള്‍ഫ് സ്വപന്‍മായി ദുബായിലെത്തിയ രാമക്യഷണനെയും, സാധാരണ ഗള്‍ഫ്കാരനെപ്പോലെ സാഹചര്യങ്ങളാണ് നീണ്ട ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിലേക്ക് തള്ളിവിട്ടത്.. കുട്ടികള്‍ വളര്‍ന്നു വന്നതോടു കൂടി അവരുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള ഭാരിച്ച ചിലവുകള്‍… പിന്നീട് അവര്‍ക്കു വേണ്ടിയായി ജീവിതം….

ഉണ്ണിമായ പഠിക്കുവാന്‍ മിടുക്കിയായിരുന്നു. സ്കൂളിലും, കോളേജിലും അവള്‍ ഒന്നാം റാങ്കോടെ പാസ്സായപ്പോള്‍ അയാളുടെ മനസ്സ് വല്ലാതെ സന്തോഷിച്ചു. വിഷുണുവും പഠിക്കുവാന്‍ മോശമല്ലായിരുന്നു. പക്ഷേ എവിടെയാണ് അവന് ചുവടുകള്‍ പിഴച്ചത്..?

വളര്‍ത്തു ദോഷമോ..
അതോ പോക്കറ്റിലെ പണത്തിന്റെ കനമോ..? ഈശ്വരാ. എവിടെയാണ് അവന് വഴി പിഴച്ചത്? മദ്യവും, മയക്കുമരുന്നും നല്‍കി ആരാണ് അവന്റെ ജീവിതത്തില്‍ നാശത്തിന്റെ വിത്തുകള്‍ വിതച്ചത്? എല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഒരുപാട് വൈകിയിരുന്നു.ഒരുപാട് സ്വപ്നങ്ങളായിരുന്നു തനിക്ക് വിഷ്ണുവിനെക്കുറിച്ച്… അവനെ പഠിപ്പിച്ച് ഒരു എനജീനയറോ, ഡോക്ടറോ ആക്കുക.. പക്ഷേ തന്റെ എല്ലാ പ്രതീക്ഷയും അവന്‍ തകര്‍ത്തു കളഞ്ഞില്ലേ..? നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവനൊരു തലവേദനയായി തീരുകയായിരുന്നല്ലോ

“എനിക്ക് വിഷ്ണുവിനെ ഭയമാകുന്നു… അവന്‍… അവന്‍.. നമ്മുടെ മോനല്ലാതാകുന്നതു പോലെ… അവന്റെ കണ്ണുകളെ ഞാന്‍ വല്ലാതെ ഭയക്കുന്നു…“ അന്ന് സൂസന്നയുടെ കത്ത് വായിച്ചപ്പോള്‍ വെള്ളിടിവെട്ടിയതു പോലെയാണ് രാമക്യഷ്ണന്‍ തോന്നിയത്… ഈശ്വരാ എന്തൊക്കെയാണ് താനീ കേള്‍ക്കുന്നത്..? ഇങ്ങനെയൊരു മകനെയാണൊ നീ എനിക്ക് തന്നത്..?

വയ്യ.. ഇനിയും പിടിച്ചു നില്‍ക്കുവാന്‍ വയ്യ… ഇരുപത് വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാമക്യഷ്ണന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയിരുന്നു….“എന്തുപറ്റി.. രാമേട്ടാ..? എന്താണ് ജോലി കളഞ്ഞ് പെട്ടന്ന് നാട്ടിലേക്ക് പോകുന്നത്..? സ്നേഹിതന്മാര്‍ പലരും ചോദിച്ചെങ്കിലും അവര്‍ക്ക് നല്‍കുവാന്‍ രാമക്യഷ്ണന്റെ കൈയ്യില്‍ മറുപടിയൊന്നുമില്ലായിരുന്നു…

എന്തു പറയും അവരോട്..? മയക്കുമരുന്നിനടിമപ്പെട്ട് സുബോധം നഷ്ടമായ മകനെക്കുറിച്ചോ…? അതോ അവനില്‍ നിന്ന് ശരീരം രക്ഷിക്കുവാന്‍ പാടുപെടുന്ന് സൂസന്നയെയും, തന്റെ മകള്‍ ഉണ്ണിമായയേം കുറിച്ചോ..? വേണ്ട…ആരും ഒന്നും അറിയാതെയിരിക്കട്ടെ… തന്റെ വേദന തന്റെ മാത്രമാകട്ടെ…

* * *
നീണ്ടു പത്തു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സൂസന്ന നാളെ മോചിതയാവുകയാണ്. “എനിക്ക് കുറ്റബോധമില്ല ചേട്ടാ.. നമുക്ക് ജനിച്ച ആ പാപത്തിന്റെ സന്തതിയെ എന്റെയീ കൈകള്‍ക്കൊണ്ട് ഞാന്‍ വെട്ടി.. വെട്ടി കൊല്ലുകയായിരുന്നു.. അല്ലെങ്കില്‍ അവന്‍ നമ്മുടെ മകളെ…

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സൂസന്ന മുഴുമിക്കാതെ പറഞ്ഞു നിര്ത്തിയ വാക്കുകള്‍ രാമക്യഷണനില് ഇപ്പോഴും വല്ലാത്ത ഒരു ഞടുക്കമായി അവശേഷിക്കുകയാണ്...

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..