Friday, September 25, 2009

വിളഞ്ഞ കതിര്‍ വളയും

 jaijee joy 

*വിളഞ്ഞ കതിര്‍ വളയും*

വിളഞ്ഞ കതിര്‍ നന്‍മയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്‌. അത്‌ മഹത്വമാണ്‌.
വിളഞ്ഞുനില്‍ക്കുന്ന നെല്‍ച്ചെടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ ഒന്നുപോലും
നിവര്‍ന്നുനില്‍ക്കുകയില്ല. കതിരിന്റെ ഭാരത്താല്‍ അവയെല്ലാം
വളഞ്ഞുനില്‍ക്കുകയാണ്‌. വിളഞ്ഞ കതിര്‍ വളയുമെന്ന പഴഞ്ചൊല്ല്‌
കാര്‍ഷികമേഖലയില്‍നിന്നാണ്‌ വരുന്നതെങ്കിലും മനുഷ്യാവസ്ഥയെയാണ്‌ അത്‌
സൂചിപ്പിക്കുന്നത്‌. മഹത്വവും പാണ്‌ഡിത്യവുമുള്ള മനുഷ്യന്‍ വിളഞ്ഞ കതിരിനു
തുല്യനാണ്‌. വിദ്യകൊണ്ടും നന്‍മകൊണ്ടും സമൃദ്ധമാണ്‌ അയാളുടെ മനസ്‌.
ഇത്തരത്തിലുള്ള ആള്‍ അമ്പടഞാനേ എന്ന മട്ടില്‍ തലയുയര്‍ത്തിപ്പിടിച്ച്‌,
നെഞ്ചുവിരിച്ചാണോ നടക്കുക? ഒരിക്കലുമല്ല. വിനയം ആ മനുഷ്യന്റെ
മുഖമുദ്രയായിരിക്കും. മറ്റുള്ളവരോട്‌ സ്‌നേഹവും ആദരവും പുലര്‍ത്താന്‍
അയാള്‍ക്ക്‌ കഴിയും. ആ ശിരസ്‌ എപ്പോഴും വിനയത്താല്‍ അല്‍പം കുനിഞ്ഞിരിക്കും.
വിളഞ്ഞ നെല്ലുപോലെയാണ്‌ മഹത്വമുള്ള മനുഷ്യന്‍. നന്‍മയുടെ നെന്‍മണികള്‍ കതിരിനെ
വളയ്‌ക്കുന്നതുപോലെ സദ്‌ചിന്തകളും പ്രവൃത്തികളും ആ മനുഷ്യന്റെ ശിരസ്‌
കുനിക്കുന്നു. അതോടൊപ്പം അയാള്‍ ആദരണീയനായിത്തീരുകയും ചെയ്യുന്നു.
*അറ്റ്‌ ദ റേറ്റ്‌*

ദൈവമേ, ലോകമെങ്ങും ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിക്കുകയും മരിക്കുകയും
ചെയ്യുന്ന മനുഷ്യര്‍ക്ക്‌ സേവനമനുഷ്‌ഠിക്കാന്‍ ഞങ്ങളെ പ്രാപ്‌തരാക്കേണമേ.
ഞങ്ങളിലൂടെ അവര്‍ക്ക്‌ അന്നന്നുവേണ്ട ആഹാരവും, ഞങ്ങളുടെ സ്‌നേഹത്തിലൂടെ
അവര്‍ക്ക്‌ ശാന്തിയും ആനന്ദവും നല്‍കേണമേ. വിദ്വേഷമുള്ളവര്‍ക്ക്‌ സ്‌നേഹവും
തെറ്റുള്ളിടത്ത്‌ ക്ഷമയും തര്‍ക്കമുള്ളേടത്ത്‌ സമന്വയവും പിശകുള്ളിടത്ത്‌
സത്യവും സംശയമുള്ളിടത്ത്‌ വിശ്വാസവും നൈരാശ്യമുള്ളിടത്ത്‌ പ്രത്യാശയും നിഴലില്‍
വെളിച്ചവും ദുഃഖത്തില്‍ സന്തോഷവും എത്തിക്കാന്‍ എന്നെ ഉപകരണമാക്കേണമേ-അഗതികളുടെ
അമ്മയായിരുന്ന മദര്‍തെരേസ എന്നും പ്രാര്‍ത്ഥിച്ചിരുന്നത്‌ മേല്‍പ്പറഞ്ഞ
വിധമാണ്‌. സ്വാര്‍ത്ഥലാഭത്തിനുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുന്നവരുടെ ഈ ലോകത്ത്‌
ഇങ്ങനെയൊരു പ്രാര്‍ത്ഥന നടത്താന്‍ മറ്റാര്‍ക്ക്‌ കഴിയും?
പട്ടിണിപ്പാവങ്ങള്‍ക്കും കുഷ്‌ഠരോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍
മദര്‍തെരേസയെപ്പോലൊരാള്‍ ഇനി എന്നാണ്‌ വരിക. നന്‍മയുടെ വിളഞ്ഞ കതിരായിരുന്നു
മദര്‍. മറ്റുള്ളവരുടെ നല്ലതിനായി തന്നെ ഉപകരണമാക്കണമെന്ന്‌ ദൈവത്തോട്‌
പ്രാര്‍ത്ഥിക്കാന്‍ ആ അമ്മക്കേ കഴിയൂ. വിളഞ്ഞ കതിര്‍ വളയുമെന്ന പഴഞ്ചൊല്ലിന്‌
മറ്റൊരു സാക്ഷ്യം വേണോ?

.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..