Friday, December 12, 2008

തീർത്താൽ തീരാത്ത വിശപ്പു മാറ്റാൻ

തീർത്താൽ തീരാത്ത വിശപ്പു മാറ്റാൻ

തീർത്താൽ തീരാത്ത ഒരു വിശപ്പിന്റെ കഥ: ഉത്തരരാമായണത്തിലെ കഥയനുസരിച്ച,്‌ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ഒരു രാജാവായിരുന്നു ശ്വേതൻ. ദീർഘകാലം രാജ്യം ഭരിച്ചശേഷം ശ്വേതൻ തപസനുഷ്ഠിക്കാൻ ഒരു ഘോരവനത്തിലേക്കു പോയി.

ഏറെനാൾ നീണ്ടുനിന്ന കഠിനതപസിനുശേഷം ശ്വേതൻ ശരീരം ഉപേക്ഷിച്ച്‌ സ്വർഗത്തിലേക്കു പോയി. സ്വർഗത്തിൽ ചെന്നപ്പോൾ മുതൽ ശ്വേതനു വല്ലാത്ത വിശപ്പ്‌.

സ്വർഗവാസികൾക്കു സാധാരണരീതിയിൽ വിശപ്പോ ദാഹമോ ഉണ്ടാകാൻ പാടില്ലാത്തതാണ്‌. പക്ഷേ, ശ്വേതനു വിശപ്പോടു വിശപ്പുതന്നെ. അദ്ദേഹം തന്റെ വിശപ്പിന്റെ കാരണമറിയാൻവേണ്ടി സ്വർഗവാസികൾ പലരോടും തിരക്കി. പക്ഷേ, അവർക്കാർക്കും ശ്വേതന്റെ വിശപ്പിന്റെ കാരണം കണെ്ടത്താൻ സാധിച്ചില്ല. അവസാനം അദ്ദേഹം ബ്രഹ്മാവിനെ സമീപിച്ച്‌ തന്റെ വിശപ്പിന്റെ കാരണം ചോദിച്ചു.

അപ്പോൾ ബ്രഹ്മാവ്‌ പറഞ്ഞു: "നീ രാജാവായിരുന്നപ്പോൾ ആർക്കുമൊന്നും ദാനമായി കൊടുത്തിട്ടില്ല. ഒരു നേരത്തെ ആഹാരംപോലും നീ ആർക്കും കൊടുത്തിട്ടില്ല. അതുകൊണ്ടാണു നിനക്കിത്ര വിശപ്പ്‌.

ബ്രഹ്മാവു പറഞ്ഞതു ശരിയാണല്ലോ എന്ന്‌ ഉൾക്കിടിലത്തോടെ ശ്വേതൻ ഓർമിച്ചു. "അസഹനീയമായ എന്റെ വിശപ്പിൽനിന്നു രക്ഷപ്പെടാൻ എന്താണൊരു പോംവഴി?" ശ്വേതൻ ബ്രഹ്മാവിനോടു ചോദിച്ചു.

ബ്രഹ്മാവു പറഞ്ഞു: "നിന്റെ തെറ്റിന്റെ ശിക്ഷയായി നീ ഭൂമിയിൽപോയി പതിനായിരം ദിവസം മനുഷ്യശവം തിന്നു ജീവിക്കണം. അപ്പോൾ നിന്റെ വിശപ്പുമാറി നിനക്കു സ്വർഗത്തിലേക്കു മടങ്ങിവരാം.

ശ്വേതൻ ഭൂമിയിലെത്തി പതിനായിരം ദിവസം മനുഷ്യശവം ഭക്ഷിച്ചു ജീവിച്ചെന്നും അതിനുശേഷം സ്വർഗത്തിൽ തിരിച്ചെത്തിയെന്നുമാണ്‌ പുരാണകഥ.

രാജാവായിരുന്നപ്പോൾ വിശപ്പും ദാഹവും എന്താണെന്നു ശ്വേതൻ അറിഞ്ഞിരുന്നില്ല. കാരണം, രാജാവിനൊരിക്കലും ഒന്നിന്റെയും കുറവുണ്ടായിരുന്നില്ല. എന്നാൽ, ശ്വേതൻ രാജാവായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രജകളിൽ പലർക്കും ഉണ്ണാനുമുടുക്കാനുമൊന്നും വേണ്ടതുപോലെ ഉണ്ടായിരുന്നില്ല. രാജാവ്‌ അക്കാര്യം അറിയേണ്ടതായിരുന്നു. അതുപോലെ, ഉദാരമായി അദ്ദേഹം അവരെ സഹായിക്കേണ്ടതായിരുന്നു.

പക്ഷേ, ശ്വേതൻ അതു ചെയ്തില്ല. അദ്ദേഹം സ്വന്തം ക്ഷേമത്തിനും നന്മയ്ക്കുംവേണ്ടി രാജാധികാരം ഉപയോഗിച്ചു. രാജ്യഭരണം മടുത്തപ്പോൾ സ്വർഗഭാഗ്യം ഉറപ്പാക്കാൻ അദ്ദേഹം ഒരുവഴി അന്വേഷിച്ചു. അങ്ങനെയാണു കഠിനതപസ്സ്‌ ചെയ്യാൻ അദ്ദേഹം ഘോരവനത്തിലേക്കു പോയത്‌.

ദീർഘനാൾ കഠിനതപസ്സു ചെയ്തിട്ടും അദ്ദേഹത്തിനു യഥാർഥ സ്വർഗസുഖം ലഭിച്ചോ? ഇല്ല. അതിനു കാരണം അദ്ദേഹം തന്റെ പ്രജകളായ സഹജീവികളുടെ ദുഃഖം കാണുകയോ അവരെ സഹായിക്കുകയോ ചെയ്തില്ല എന്നതായിരുന്നു.

ഈ ലോകത്തിലെ ജീവിതത്തിനുശേഷം സ്വർഗസൗഭാഗ്യം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവരാണ്‌ നാം. എന്നാൽ, നാം ലക്ഷ്യംവയ്ക്കുന്ന സ്വർഗസൗഭാഗ്യത്തിന്‌ അർഹരാകാൻ നാമിപ്പോൾ എന്താണു ചെയ്യുന്നത്‌?

സ്വർഗസൗഭാഗ്യം ലഭിക്കാൻ വേണ്ടി നമ്മിൽ പലരും ഒട്ടേറെ പ്രാർഥിക്കുന്നുണ്ടാകും. അതുപോലെ, നമ്മുടെ പാപപരിഹാരത്തിനായി നാം തപസ്സും പ്രായശ്ചിത്തവും അനുഷ്ഠിക്കുന്നുണ്ടാകാം. എന്നാൽ, നമ്മുടെ പ്രാർഥനയും തപസ്സും മാത്രം നമുക്ക്‌ സ്വർഗസൗഭാഗ്യം നേടിത്തരുമോ? ഇല്ലെന്നാണു ശ്വേതന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്‌.

ശ്വേതന്റെ കഥ മാത്രമല്ല, ബൈബിളും ഇതുതന്നെയാണു പഠിപ്പിക്കുന്നത്‌. ലോകാവസാനത്തിൽ മനുഷ്യരായ നമ്മയെല്ലാവരെയും വിധിക്കാൻ വരുന്നതു ദൈവപുത്രനായ യേശുനാഥനാണ്‌. ആ വിധിയുടെ അവസരത്തിൽ ആർക്കൊക്കെ അവിടുന്നു സ്വർഗഭാഗ്യം കൊടുക്കുമെന്നും ആർക്കൊക്കെ സ്വർഗഭാഗ്യം നിഷേധിക്കുമെന്നും യേശുനാഥൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്‌.

യേശു പഠിപ്പിക്കുന്നതനുസരിച്ച്‌, വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നവർക്കും ദാഹിക്കുന്നവർക്ക്‌ കുടിക്കാൻ കൊടുക്കുന്നവർക്കും അർഹതപ്പെട്ടതാണ്‌ സ്വർഗസൗഭാഗ്യം. അതുപോലെ, വസ്ത്രമില്ലാത്തവർക്കു വസ്ത്രം കൊടുക്കുന്നവർക്കും രോഗികളെ ആശ്വസിപ്പിക്കുന്നവർക്കും തടവുകാരെ സന്ദർശിക്കുന്നവർക്കും അവകാശപ്പെട്ടതാണ്‌ സ്വർഗരാജ്യം. ഇമ്മാതിരി കാര്യങ്ങൾ ചെയ്യാത്തവർക്കു സ്വർഗരാജ്യത്തിന്‌ അവകാശമില്ലെന്നാണ്‌ യേശുനാഥന്റെ മൂന്നാര്റിയിപ്പ്‌.

പക്ഷേ, യേശുനാഥൻ നൽകുന്ന ഈ മൂന്നാര്റിയിപ്പ്‌ നമ്മിൽ പലരും ഗൗരവപൂർവം എടുക്കുന്നുണേ്ടാ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണെ്ടങ്കിൽ നമുക്കെങ്ങനെ മറ്റു മനുഷ്യരുടെ ദുഃഖങ്ങളിൽ നിസംഗത പ്രകടിപ്പിക്കാനാകും? നമ്മുടെ മുൻപിൽ കൈനീട്ടുന്ന ഒരു സാധുവിനെ ആട്ടിപ്പായിക്കാനാകും?

പ്രാർഥനയും പ്രായശ്ചിത്തവും തപസ്സുമൊക്കെ നമ്മെ സ്വർഗഭാഗ്യത്തിന്‌ ഒരുക്കുന്ന ഉപാധികൾതന്നെ. എന്നാൽ, നമ്മുടെ പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയുമൊക്കെയിടയിൽ നമ്മുടെ സഹജീവികളുടെ ദുഃഖവും കണ്ണീരും നാം കാണാതെ പോയാൽ സ്വർഗഭാഗ്യത്തിന്‌ നാം അർഹരാകില്ല എന്നത്‌ ഒരിക്കലും വിസ്മരിക്കരുത്‌.

നമ്മുടെ പ്രാർഥനയും പ്രായശ്ചിത്തവുമൊക്കെ നമ്മുടെ സ്വാർഥതയെ കീഴടക്കാനും മറ്റുളളവർക്കു നമ്മുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാക്കുവാനും നമ്മെ സഹായിക്കേണ്ടവയാണ്‌. ഇതു സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർഥനയ്ക്കും പ്രായശ്ചിത്തത്തിനുമൊക്കെ എന്തോ സാരമായ തകരാറുണ്ട്‌ എന്നു കരുതണം.

വിശക്കുന്നവരുടെ വിശപ്പിന്റെ ദുഃഖം കാണാൻ വിസമ്മതിച്ചതുകൊണ്ടു ശ്വേതൻ എന്ന രാജാവിനു പതിനായിരം ദിവസം മനുഷ്യശവം തിന്നേണ്ട ശിക്ഷയാണുണ്ടായത്‌. ശ്വേതന്റെ കഥ ഐതിഹ്യം മാത്രമെന്നു പറഞ്ഞു തള്ളിക്കളയാൻ നമുക്ക്‌ എളുപ്പമാണ്‌. എന്നാൽ, ഈ ഐതിഹ്യം നമ്മെ പഠിപ്പിക്കുന്ന സത്യം നാം ഒരിക്കലും മറക്കരുത്‌.

തീർത്താൽ തീരാത്ത വിശപ്പും ദാഹവുമായി ശ്വേതനെപ്പോലെ ഒരിക്കൽ അലയാതിരിക്കണമെങ്കിൽ നാം ഇന്നുതന്നെ നമ്മുടെയിടയിലുള്ള ദരിദ്രരുടെ വിശപ്പും ദാഹവും കണേ്ട തീരൂ; അവ പരിഹരിക്കാൻ ശ്രമിച്ചേ തീരൂ.
കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..