Tuesday, November 4, 2008

എത്ര പണമുണെ്ടങ്കിൽ ജീവിക്കാം?

എത്ര പണമുണെ്ടങ്കിൽ ജീവിക്കാം?

വാലിഡാഡ്‌ എന്നു പേരുള്ള ഒരു മരയാശാരി. തനിച്ചായിരുന്നു അയാളുടെ താമസം. കുടുംബാംഗങ്ങളായി ആരും ഉണ്ടായിരുന്നില്ല. ദിവസം മുഴുവനും അയാൾ ജോലിചെയ്തു. ജോലിക്കു ന്യായമായ വേതനം മാത്രമേ അയാൾ സ്വീകരിച്ചിരുന്നുള്ളൂ.

ജീവിതച്ചെലവും വളരെ കുറവുള്ളയാളായിരുന്നു വാലിഡാഡ്‌. തന്മൂലം അയാളുടെ പണപ്പെട്ടി വേഗം നിറഞ്ഞു. നാണയത്തുട്ടുകൾ നിറഞ്ഞ പണപ്പെട്ടി എങ്ങനെ കാലിയാക്കണമെന്ന്‌ അയാൾ ആലോചിച്ചു. അങ്ങനെയാണ്‌ ഒരു സ്വർണവ്യാപാരിയെകാണുവാൻ അയാൾ പോ യത്‌.

"എന്റെ പണത്തിന്റെ തുല്യവിലയുള്ള എന്തെങ്കിലും സ്വർ ണാഭരണം എനിക്കു തരൂ," ത ന്റെ നാണയത്തുട്ടുകൾ മുഴുവൻ മേശപ്പുറത്തുവച്ചുകൊണ്ട്‌ വാലിഡാഡ്‌ പറഞ്ഞു.

സ്വർണവ്യാപാരി ഒരു സ്വർണവള വാലിഡാഡിനു കൊടുത്തു. വള അയാൾക്ക്‌ ഇഷ്ടപ്പെട്ടു. പക്ഷേ, വളകൊണ്ടു തനിക്ക്‌ ഉപകാരമൊന്നുമില്ലല്ലോ എന്ന്‌ ഓർത്തു. അപ്പോഴാണ്‌ ഒരു വ്യാപാരി കുതിരപ്പുറത്ത്‌ ആ വഴി വന്നത്‌.

"എങ്ങോട്ടാണു നിങ്ങളുടെ യാത്ര?" വാലിഡാഡ്‌ വ്യാപാരിയോടു ചോദിച്ചു. "കൊട്ടാരത്തിലേക്ക്‌," അയാൾ മറുപടി പറഞ്ഞു. "രാജകുമാരി കുറെ സിൽക്ക്‌ വസ്ത്രം ചോദിച്ചിരുന്നു."

"എങ്കിൽ ഈ സ്വർണവളകൂടി രാജകുമാരിക്കു നൽകൂ, "അയാ ൾ പറഞ്ഞു. "വാലിഡാഡിൽ നിന്നുള്ള ഒരു സമ്മാനമാണെന്നു പറഞ്ഞാൽ മതി."

വാലിഡാഡ്‌ കൊടുത്തുവിട്ട സ്വർണവള വ്യാപാരി രാജകുമാരിക്കു നൽകി. രാജകുമാരിക്കു സമ്മാനം വളരെ ഇഷ്ടപ്പെട്ടു. പ്രതിസമ്മാനമായി കുറെ സിൽക്ക്‌ വസ്ത്രം വ്യാപാരിവഴി രാജകുമാരി വാലിഡാഡിനു നൽകി.

"ഈ സിൽക്കെല്ലാം ഞാൻ എന്തുചെയ്യും?" രാജ കുമാരിയുടെ സമ്മാ നം ലഭിച്ചപ്പോൾ വാലിഡാഡ്‌ വ്യാപാ രിയോടു ചോദിച്ചു.

"ഇവ ആർക്കെങ്കിലും കൊടുക്കാമല്ലോ," വ്യാപാരി പറഞ്ഞു.

"പക്ഷേ, ആർക്കു കൊടു ക്കും? ഒരു രാജാവിനു ചേർന്ന വസ്ത്രങ്ങളാണല്ലോ ഇവ,"

വാ ലിഡാഡ്‌ പറഞ്ഞു.

"അതിനെന്താ പ്രശ്നം? കെ ഷിലെ സുൽത്താന്‌ ഇവ സമ്മാനമായി കൊടുക്കാമല്ലോ," വ്യാപാരി പറഞ്ഞു.

വ്യാപാരിയുടെ നിർദേശം വാലിഡാഡിന്‌ ഇഷ്ടപ്പെട്ടു. അയാൾ അവ സുൽത്താനു കൊടുക്കാനായി വ്യാപാരിയെ ഏൽപിച്ചു. വ്യാപാരി അവ സുൽത്താനുകൊടുത്തു.

പട്ടുവസ്ത്രം സമ്മാനമായി ലഭിച്ചപ്പോൾ സുൽത്താന്‌ ഏറെ സന്തോഷം തോന്നി. പ്രതിസമ്മാനമായി ആറ്‌ കുതിരകളെ സുൽത്താൻ വ്യാപാരിയുടെ മേൽനോട്ടത്തിൽ വാലിഡാഡിന്‌ അയച്ചുകൊടുത്തു.

കുതിരകളെ ലഭിച്ചപ്പോൾ വാലിഡാഡ്‌ അവയെ രാജകുമാരിക്കു സമ്മാനമായി കൊടുത്തുവിട്ടു.

"ആരാണ്‌ ഈ വാലിഡാഡ്‌?"

കുതിരകളെ ലഭിച്ചപ്പോൾ രാജകുമാരി ചോദിച്ചു. വാലിഡാഡ്‌ ആരാണെന്ന്‌ അറിയില്ല എന്നായിരുന്നു അപ്പോൾ സേവകർ മറുപടി പറഞ്ഞത്‌.

"എങ്കിൽ അയാൾക്ക്‌ ഇരുപതു കഴുതകൾക്കു ചുമക്കാവുന്നത്ര വെള്ളി കൊടുത്തുവിടൂ,"

രാജകുമാരി കൽപിച്ചു. "സമ്മാനം നൽകുവാൻ എനി ക്കും അറിയാമെന്ന്‌ അയാൾ മനസിലാക്കട്ടെ."

വാലിഡാഡിനു വെള്ളി ലഭിച്ചപ്പോൾ അവ അയാൾ സുൽ ത്താനു കൊടുത്തുവിട്ടു. അപ്പോൾ സുൽത്താൻ വാലിഡാഡിന്‌ ഇരുപതു വണ്ടികൾ നിറയെ രത്നാഭരണങ്ങൾ പ്രതിസമ്മാനമായി കൊടുത്തുവിട്ടു.

തനിക്കെന്തിനു രത്നാഭരണങ്ങൾ എന്നു ചോദിച്ചുകൊണ്ടു വാലിഡാഡ്‌ അവ രാജകുമാരിക്കു സമ്മാനമായി അയച്ചു. രത്നാഭരണങ്ങൾ ലഭിച്ച രാജകുമാരി ഇത്തവണ ശരിക്കും അത്ഭുതസ്തബ്ധയായി. ഉടനേതന്നെ വാലിഡാഡ്‌ ആരാണെന്നറിയാൻ രാജകുമാരി അയാളെ തേടിയിറങ്ങി.

രാജകുമാരി വാലിഡാഡിന്റെ കുടിലിലെത്തുമ്പോൾ അയാളെ അന്വേഷിച്ചിറങ്ങിയ സുൽ ത്താനും അവിടെയുണ്ടായിരുന്നു. ആദ്യദർശനത്തിൽത്തന്നെ അവർക്കു പരസ്പരം ഇഷ്ടപ്പെട്ടു. അധികം വൈകാതെ അവർ വിവാഹിതരാവുകയും ചെയ്തു.

രാജകൊട്ടാരത്തിൽ താമസിക്കുവാൻ വാലിഡാഡിനെ അവർ ക്ഷണിച്ചു. പക്ഷേ, തന്റെ കുടിലിൽത്തന്നെ താമസം തുടരുവാനാണ്‌ അയാൾ തീരുമാനിച്ചത്‌. അപ്പോൾ അയാളുടെ സു ഖസൗകര്യങ്ങൾ ഉറപ്പുവരുത്തുവാനായി കുറെ പണവും മറ്റു സമ്മാനങ്ങളും സുൽത്താനും രാജകുമാരിയും കൂടി കൊടുത്തയച്ചു.

വലിയ സമ്മാനപ്പൊതിയുമായി കൊട്ടാരത്തിലെ സേവകർ വരുന്നതു കണ്ടപ്പോൾ വാലിഡാഡ്‌ തന്റെ ഗ്രാമത്തിൽനിന്ന്‌ ഓടിപ്പോയതായി വടക്കേന്ത്യയിൽ നിന്നുള്ള ഈ നാടോടിക്കഥയിൽ പറയുന്നു.

വാലിഡാഡിനെപ്പോലെ സമ്പത്തിൽ അൽപം പോലും താത്പര്യമില്ലാത്ത മനുഷ്യരുണ്ടാകുമോ ഈ ലോകത്തിൽ? വളരെ അപൂർവമായിട്ടാണെങ്കിൽപ്പോലും ഇത്തരക്കാരെ നാം കണെ്ടന്നിരിക്കും. എന്നാൽ, ഭൂരിഭാഗം മനുഷ്യരും സമ്പത്തിന്റെ പിന്നാലെ പരക്കം പായുന്നവരാണെന്നതാണു വസ്തുത. എത്രമാത്രം സമ്പത്ത്‌ സമ്പാദിച്ചാലും അവർക്കു മതിവരില്ല. എന്നു മാത്രമല്ല, എന്തുമാത്രം സ്വത്തുലഭിച്ചാലും അത്‌ ആരുമായും പങ്കുവയ്ക്കുവാനും അവർ തയാറാകില്ല. സമ്പത്തിന്റെ അടിമകളായിത്തീർന്ന മനുഷ്യരാണവർ.

മാന്യമായ ജീവിതം നയിക്കുന്നതിന്‌ ഒരു പരിധിവരെ സമ്പത്തു നമുക്ക്‌ ആവശ്യമാണ്‌. എന്നാൽ, അതിലപ്പുറം ഒരു പ്രാധാന്യം സമ്പത്തിനു നൽകിയാൽ അതുവഴി നമ്മുടെ ജീവിതത്തിനുണ്ടാകുന്ന തകർച്ച അതിഭീകരമായിരിക്കും.

സമ്പത്തിന്റെ പങ്കുവയ്ക്കലും അതിന്റെ വിനിയോഗവും സംബന്ധിച്ചാണു പലകുടുംബങ്ങളിലും അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാകുന്നത്‌. രക്തബന്ധത്തെക്കാൾ മുഖ്യമായ സ്ഥാനം സമ്പത്തിനു നാം നൽകുന്നതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌?

എല്ലാവർക്കും വാലിഡാഡിനെപ്പോലെ എളിയജീവിതം നയിക്കാനോ സമ്പത്തിനോട്‌ അൽപം പോലും താത്പര്യമില്ലാതെ ജീവിക്കുവാനോ സാധിക്കുകയില്ല. എന്നാൽ, പണവും സമ്പത്തുമൊക്കെയാണു നമ്മുടെ കുടുംബബന്ധങ്ങളെയും സൗഹൃക്കൂട്ടായ്മയെയുമൊക്കെ നിയന്ത്രിക്കുന്നത്‌ എന്ന സ്ഥിതി വന്നാൽ അത്‌ എത്ര ദയനീയമായിരിക്കും!

സമ്പത്തു വിനിയോഗിക്കുന്നതിന്റെയോ പങ്കുവയ്ക്കുന്നതിന്റെയോ പേരിൽ നമ്മുടെ കുടുംബബന്ധങ്ങളിൽ ഒരു പോറൽ പോലും ഏൽക്കുവാൻ നാം ഇടനൽകരുത്‌. കാരണം, നമ്മുടെ ജീവിതത്തിൽ സമ്പത്ത്‌ അ ത്രയും കുറഞ്ഞസ്ഥാനമേ യഥാർഥത്തിൽ അർഹിക്കുന്നുള്ളൂ.





കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..