Saturday, August 30, 2008

ഇവരെ സൂക്ഷിക്കുക

ഇവരെ സൂക്ഷിക്കുക

ഒരു പെണ്ണിന്റെയും, ചെറുക്കന്റെയോ കല്യാണ നടത്തിപ്പിന് ദല്ലാളന്മാരുടെ (ബ്രോക്കറ്) സേവനം കുറെയൊക്കെ ആവശ്യമാണെന്ന് പറയാം. അപ്പോള്‍ ഒരു സംശയം ചോദിച്ചേക്കാം ദല്ലാളന്മാരില്ലാതെയും കേരളത്തില്‍ കല്യാണം നടക്കുന്നില്ലേന്ന്..? അങ്ങനെയും കല്യാണങ്ങള്‍ നടക്കുന്നുമുണ്ട്, പക്ഷേ കേരളത്തിലെ ഒരോ കല്യാണത്തിന്റെയും നടത്തിന് പിന്നില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ ദല്ലാളന്മാരുടെ സാനിധ്യമുണ്ട്. അതായത് ഒരു കല്യാണ നടത്തിപ്പിന് ദല്ലാളന്‍ സേവനം ആവശ്യമാണെന്ന് സാരം.

കല്യാണ ദല്ലാളന്മാരില്‍ നല്ലവരും, മോശക്കാരുമുണ്ട്. ഒരു കാലത്ത് നല്ല കല്യാണ ദല്ലാളന്മാര്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലും, നഗരങ്ങളിലുമൊക്കെയുണ്ടായിരുന്നു. അവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരായിരുന്നു. ചെറുക്കനായാലും, പെണ്ണിനായാലും നല്ലൊരു ബന്ധം ശരിയാക്കി കൊടുക്കുവാന്‍ അവരില്‍ നല്ലൊരു ശതമാനം ദല്ലാളന്മാരും ശ്രമിച്ചിരുന്നു. പക്ഷേ കാലം മാറി. ഇന്ന് ഇതൊരു നല്ല ബിസിനസ്സായി മാറി. ഒരു കല്യാണം ഒത്തുവന്നാല്‍ ചെറുക്കന്റെ വീട്ടില്‍ നിന്ന് സ്ത്രീധന തുകയുടെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ കമ്മീഷന്‍… പിന്നെ പെണ്ണിന്റെ വീട്ടില്‍ നിന്നും ലഭിക്കും ചെറിയൊരു ശതമാനം കമ്മീഷന്‍….മാത്രമല്ല ഒരു കല്യാണം നടന്നാലും ഇല്ലെങ്കിലും ദല്ലാളമാര്‍ക്ക് ആഹാരവും, യാത്രച്ചിലവും, പിന്നെ പോക്കറ്റ് മണിയുമൊക്കെ ചെറുക്കന്റെയും, പെണ്ണിന്റെയും വീട്ടുകാരില്‍ നിന്ന് കിട്ടാറുമുണ്ട്.ഒരു തരത്തില്‍ നോക്കിയാല്‍ ഒരു കല്യാണ പെണ്ണിന്റെയും, ചെറുക്കന്റെയും വീട്ടുകാരുടെ ഇടയ്ക്കുള്ള ഒരു താല്‍ക്കാലിക പാലമാണ് കല്യാണ ദല്ലാളന്മാര്‍.

എന്നാല്‍ ഒരു കല്യാണം എങ്ങനെയെങ്കിലും ഒന്നു നടന്നു കിട്ടുവാന്‍ വേണ്ടി ഇരു കൂട്ടരുടെയും ഇടയില്‍ നിന്ന് എന്തൊക്കെ കളികള്‍ കളിക്കാമോ അതൊക്കെ കല്യാണ ദല്ലാളന്മാര്‍ കളിച്ചെന്നിരുക്കും, അതായത് പെണ്ണിനോ, ചെറുക്കനോ അതുമല്ലെങ്കില്‍ അവരുടെ കുടുംബക്കാര്‍ക്കോ എന്തൊക്കെ കുറവുകളോ, കുറ്റങ്ങളോ ഉണ്ടെങ്കിലും ഒരു പക്ഷേ എല്ലാം അറിയാവുന്ന കല്യാണ ദല്ലാള്‍ കല്യാണം അലസിപ്പോയാല്‍ തനിക്ക് നേരിടുന്ന ലാഭ നഷ്ടങ്ങളോര്‍ത്ത് ഇതൊക്കെ മന:പ്പൂര്‍വ്വം ഇരുകൂട്ടരെയും അറിയിക്കാതിരിക്കുകയാണ് പതിവ്. ആനയ്ക്ക് ഉത്സവം നന്നാക്കേണ്ട കാര്യമൊന്നുമില്ലല്ലോ… ഉത്സവം നന്നായാലും, ഇല്ലെങ്കിലും അതിന്‍ വാഴക്കുലയോ, പനയോലയോ കിട്ടിയാല്‍ മാത്രം മതിയല്ലോ..

എനിക്കറിയാവുന്ന ഒരു സംഭവമുണ്ട്. എന്റെ നാട്ടിലെ ഇടത്തരം സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബം. മാതാപിതാക്കളോടൊപ്പം മധ്യപ്രദേശില്‍ ജനിച്ചു വളര്‍ന്ന ആ കുടുംബത്തിലെ ഏക പെണ്‍കുട്ടി. മകള്‍ക്ക് വിവാഹ പ്രായമെത്തിയപ്പോള്‍ ജോലിയൊക്കെ രാജിവച്ച് മാതാപിതാക്കള്‍ നാട്ടില്‍ സ്ഥിര താമസമാക്കിയതാണ്‍.. നാട്ടിന്‍ പുറത്തെ ഒരു കല്യാണ ദല്ലാള വഴി മകള്‍ക്ക് ഒരു ആലോചയെത്തി. ചെറുക്കന്‍ സുമുഖനും, നല്ല സാമ്പത്തിക ഭദ്രതയുള്ളവനുമാണ്. പക്ഷേ മാനസികമായി അല്പം വൈകല്യമുള്ളവനായിരുന്നു. ഇക്കാര്യം കല്യാണ ദല്ലാളിനറിയാം. പക്ഷേ ഈ കല്യാണം മുടങ്ങിയാല്‍ തനിക്ക് നഷ്ടമാകുന്ന കമ്മീഷനോര്‍ത്ത് അയാളിക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് മറച്ചു വച്ചു. ഒടുവില്‍ വിവാഹം നടന്നു. കഷ്ടിച്ച് ഒരാഴ്ച നീണ്ടു നിന്നില്ല ആ ബന്ധം. മാനസിക രോഗിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഏകമകള്‍ വേര്‍പാടിന്റെ വേദനയില്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ മാനസിക രോഗീകളെപ്പോലെ ഇന്നും ജീവനുള്ള ശവങ്ങളെപ്പോലെ ജീവിക്കുന്നു…

ഇവിടെ ആരാണ് തെറ്റുകാര്‍…? മകളുടെ ഭര്‍ത്താവിനെക്കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ? അതോ അവരെ ഈ അവസ്ഥയിലേക്ക് തള്ളി വിട്ട കല്യാണ ദല്ലാളോ…?ഇത്തരത്തിലുള്ള ഒരു പാട് സംഭവങ്ങള്‍ കേരളത്തിന്റെ ഓരോ മുക്കിനും മൂലയിലും നടക്കുന്നുണ്ട്. പാവപ്പെട്ട എത്രയെത്ര പെണ്‍കുട്ടികളുടെയും, ഒപ്പം ആണ്‍കുട്ടികളുടെയും ജീവിതങ്ങളിട്ട് ഈ പണക്കൊതിയന്മാരായ കല്യാണ ദല്ലാളന്മാര്‍ അമ്മാനമാടിയിരിക്കുന്നു…ഇന്ന് ഇക്കൂട്ടര്‍ സംഘടിതരാണ്… ഒരു കല്യാണം നടത്തുവാനും, വേണ്ടി വന്നാല്‍ അത് അലസിപ്പിക്കുവാനും ഇവര്‍ക്ക് കഴിയും.. ഒരു കല്യാണം ഭംഗിയായി പര്യവസാനിക്കുന്നതിന്‍ മുമ്പ് കമ്മീഷന്‍ കണക്കു പറഞ്ഞു വാങ്ങുവാനും വേണ്ടി വന്നാല്‍ കമ്മീഷന്റെ പേരില്‍ ബലപരീക്ഷണത്തിനും ഇവര്‍ തയ്യാറാണ്‍. പിന്നെ നാണക്കേടിന്റെ പേരില്‍ ആരും ഇവരോട് വിലപേശാറില്ലെന്ന് ചുരുക്കം.പ്രാദേശിക കല്യാണ ദല്ലാളന്മാരില്‍ തുടങ്ങി മാധ്യമങ്ങളിലൂടെയും, ഇന്റര്‍നെറ്റിലൂടെയും വരെ ഇവരുടെ തട്ടിപ്പുകള്‍ തുടരുകയാണ്‍…

വഴികാട്ടി : കല്യാണം എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പവിത്രമായ ഒരു ബന്ധമാണ്. ഈ ബന്ധത്തിന്റെ കണ്ണികള്‍ ഒരിക്കലും അകലാതെ നില്‍ക്കണമെങ്കില്‍ കഴിവതും കല്യാണ മധ്യവര്‍ത്തികളെ മാറ്റി നിര്‍ത്തുക.. അല്ലെങ്കില്‍ അവരുടെ തട്ടിപ്പുകളില്‍ വീഴാതിരിക്കുക….

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..