Friday, August 29, 2008

പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍

പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍

കേരളം വികസനക്കുതിപ്പിലാണ്. പതിറ്റാണ്ടുകളായി അതിനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന ലക്ഷോപലക്ഷം പ്രവാസി മലയാളികള്‍ നില നില്‍പ്പിനായി നെട്ടോട്ടമോടുകയും ചെയ്യുന്നു. അനാകര്‍ഷണമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ തുടരാനോ പിറന്ന മണ്ണില്‍ ഒരു സംരംഭം തുടങ്ങുക എന്ന ഉദ്ദേശത്തോടെ മടങ്ങി പോകാനോ കഴിയാത്ത ദുരവസഥയാണിപ്പോഴുള്ളത്. അമ്മാത്തേക്കെത്തിയുമില്ല പട്ടി കടിക്കുകയും ചെയ്തു എന്നു പറഞ്ഞതു പോലെയാണ് സംഗതികളിപ്പോള്‍ ഒന്നോര്‍ത്തു നോക്കിയാല്‍. തീര്‍ത്തും താഴ്ന്ന ജീവിത നിലവാരം ഉണ്ടായിരുന്ന ഒരു സമൂഹത്തെ പുരോഗതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വരുന്ന പ്രവാസി മലയാളികളെ സര്‍ക്കാര്‍ അടക്കമുള്ള സാമൂഹിക സംവിധാനങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണിതെന്ന് കേരളത്തിലെ സമകാലീന രാഷ്ട്രീയ, സാ‍മ്പത്തികാവസ്ഥകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.

വിദ്യാസമ്പന്നരല്ലാത്ത ബഹുഭൂരിപക്ഷമാണ് ഗള്‍ഫ് മലയാളികള്‍. എന്നിട്ടും 1970 കളില്‍ ശക്തമായി തുടങ്ങിയ ഇവരുടെ പണമൊഴുക്ക് , ലോക വാണിജ്യ ഭൂപടത്തില്‍ ശ്രദ്ധ നേടിയിട്ടും കേരളത്തിന് മുഖ്യ ആശ്രയമായിത്തന്നെ തുടരുന്നുവെന്നത് തീര്‍ത്തും ലജ്ജാകരമാണ്. എല്ലാ തരത്തിലും വിഭവ സമ്പന്നമായിട്ടും ഇതു വരെയും സാമ്പത്തിക സ്വയം പര്യാ‍പ്തത കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാരണം. പ്രവാസി സമ്പത്തിന്റെ ശരിയായ വിനിയൊഗം ഉറപ്പു വരുത്തുന്നതിനുള്ള നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതില്‍ അര നൂറ്റാണ്ടോളം മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാത്തതാണ് ഇതിനു കാ‍രണം. ഇപ്പൊഴും ഗള്‍ഫ് മലയാളികള്‍ അവരുടെ നിക്ഷേപങ്ങള്‍ നടത്തുന്നത് ഗള്‍ഫില്‍ തന്നെയാണ്. വാണിജ്യപരമായ സുരക്ഷിതത്വവും മറ്റ് അടിസ്ത്ഥാന സൌകര്യ വികസനവും ലഭ്യമാക്കുന്നതില്‍ ഇവിടത്തെ സര്‍ക്കാര്‍ വിജയിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ വിപരീതമാണ് കേരളത്തില്‍. വര്‍ഷാവര്‍ഷം വിദേശ പര്യടനങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ അവിടങ്ങളില്‍ എന്തു കാണാനാണാവോ പോകുന്നത്? തരിശായി കിടക്കുന്ന കേരളത്തിന്റെ ഭൂമിക്കു തന്നെ ആഗോള മാര്‍ക്കറ്റില്‍ നല്ലൊരു സാധ്യതയാണുള്ളത്. ലോക ബ്രാന്‍ഡുകള്‍ തങ്ങളുടെ ഓഫ്ഷോര്‍ താവളങ്ങളാക്കേണ്ട ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കറന്‍സി വെളുപ്പിക്കാന്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവന്റെ കുടിപ്പാടമെന്ന സ്വപ്നം പോലും അവന് അന്യമാക്കുന്നത്. ഗള്‍ഫ് മേഖലയിലെ പോലെ സ്പോണ്‍സര്‍ഷിപ്പ് രീതി കേരളത്തില്‍ സാധ്യമല്ലെങ്കിലും ഭൂമി അവകാശിക്ക് ഓഹരി പങ്കാളിത്തം ലഭിക്കാവുന്ന ഒരു നിയമ സംവിധാനം കൊണ്ടു വന്നാല്‍ ഏതു പാവപ്പെട്ടവനും തന്റെ തരിശു നിലം കൊണ്ട് വരുമാനം ഉണ്ടാക്കാന്‍ കഴിയും. ഇതിനായി ഒരു ഭൂമി ബാങ്ക് സംവിധാനത്തിലുടെ ചെറിയ ചെറിയ പ്ലോട്ടുകളുടെ വിപണനം സര്‍ക്കാരിനു തന്നെ നേരിട്ട് ചെയ്യാവുന്നതേയുള്ളൂ. ഇതിനെല്ലാം ശക്തമായ നിയമ സംവിധാനം, ദീര്‍ഘ വീക്ഷണവും സുസജ്ജവുമായ എക്സിക്യുട്ടീവുകള്‍ എല്ലാം ആവശ്യമാണ്. അതിനെങ്ങനെയാണ്, രണ്ടാള്‍ മാറിമാറി അരിയിടിക്കുന്ന ഉരല്പോലെയല്ലേ കേരളത്തിന്റെ കാര്യം. ഒരാള്‍ കുറച്ചു നേരം നന്നായിടിച്ചാലും രണ്ടാമത്തെയാള്‍ അതെല്ലാം ശരിപ്പെടുത്തിയെടുക്കുകയല്ലേ. ഒരു പ്രവാസി വനിത തന്റെ അനുഭവക്കുറിപ്പിലെഴുതിയതുപോലെ അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവരെല്ലാം തന്നെ മില്യണെയര്‍ സമ്മാനപദ്ധതിയില്‍ തന്റ്റെ നറുക്കു വീഴരുതേ എന്ന് ആശിക്കാതിരിക്കുന്നതാണ് നല്ലത്.

അടിസ്ഥാന ഉപഭോഗ വസ്തുക്കള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ആവശ്യമായ വ്യവസായിക കുതിപ്പ് നല്‍കാന്‍ വിദേശ മലയാളികള്‍ക്കാവും. എന്നാല്‍ ഡ്രാഫ്റ്റും ബാങ്ക് ട്രാന്‍സഫറായും കുഴല്‍പ്പണമായും ഒഴുകിയെത്തിയ ഗള്‍ഫ് മണി എവിടെയൊക്കെയൊ കുമ്പ വീര്‍പ്പിച്ച് ഉറങ്ങുകയാണ്. അവ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് ഉപഭോഗ സംസ്കാരം വിഴുങ്ങിയ കേരള സമൂഹത്തെ ഇടിച്ചു പിഴിയുന്ന മേഖലകളിലും. ഇങ്ങനെ പോയാല്‍ പണം കടലാസിനു സമാനമാകും എന്ന സാമ്പത്തിക വിചാരം ഇവര്‍ക്കില്ല.

ഓണത്തിനും വിഷുവിനും പെരുന്നാളിനും മാത്രം പുത്തന്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കിയിരുന്ന മലയാളികള്‍ക്കിപ്പോള്‍ എന്നും ഓണമാണ്. ആഗോള വിപണി കൈയ്യടക്കിയ ബ്രന്‍ഡുകള്‍ ഏതു ചെറിയ കുട്ടിക്കും ഇന്ന് സുപരിചിതം. ഈയ്യൊരു ഉപഭോഗ പ്രവണതയെ ചൂഷണം ചെയ്യുന്നതിനപ്പുറം ദീര്‍ഘ വീക്ഷണമുള്ള ഒരു നിക്ഷേപ സംസ്കാരം വിദേശ മലയാളികള്‍ക്കിടയിലില്ല. ഏല്ലാ നാല്‍ക്കവലകളിലും നാലു നില ക്കെട്ടിടത്തില്‍ പരന്നു കിടക്കുന്ന വസ്ത്ര-സ്വര്‍ണ്ണ വ്യാപര കേന്ദ്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍, ആഢംബര കാര്‍, ഇതിലെല്ലാം മലയാളികള്‍ തത്പരരാണ്. ഇത്തരക്കാരെ വല വീശുന്നവരായ ചിലര്‍ മാത്രം പിറന്ന മണ്ണിലെ പ്രവാസി നിക്ഷേപകരാകുന്നു. ഇതെല്ലാം വരുത്തി വെക്കുന്ന സമ്പത്തിക ബാധ്യതകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആഗോള ബ്രാന്‍ഡുകളാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത്. വമ്പിച്ച ധന ശോഷണമാണ് ഇത് നമ്മുടെ സ്മ്പദ് വ്യവസ്ഥക്ക് കാഴ്ച്ച വെക്കുന്നത് എന്ന സത്യം ഇപ്പോഴും മറക്കുള്ളിലാണ്.

പ്രകൃതി വൈവിദ്ധ്യങ്ങളാല്‍ സമ്പന്നമായ കേരളത്തിലെ വ്യവസായ സാധ്യതകളെക്കുറിച്ച് പഠനം നടത്തി അവശ്യാടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനും രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ മറി കടന്ന് ഒരു നേതൃ ഉണ്ടാവേണ്ടത് അനുപേക്ഷണീയമാണ് ഇന്നത്തെ സാഹചര്യത്തില്‍. വരുന്ന പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികമായ വലിയൊരു ആഭ്യന്തര സംഘട്ടനത്തെ നാം നേരിടേണ്ടി വന്നേക്കാം.പല കാരണങ്ങളാലും ഗള്‍ഫ് മേഖല മലയാളിക്ക് അനാകര്‍ഷണമാകുകയാണിപ്പോള്‍ എന്നത് ഇതിന്റെ ആവശ്യകത വര്‍ദ്ദിപ്പിക്കുകയാണ്.

ഇക്കാരണങ്ങളാല്‍ അടിസ്ഥാന സൌകര്യ മേഖലയില്‍ പ്രവാസി സമ്പത്ത് കാര്യമായി വിനിയോഗിക്കപ്പെടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. നെടുമ്പാശ്ശേരി വിമാനത്താവളം അതിനൊരു ചെറിയ ഉദാഹരണമാണ്. അതിലും താഴേക്കിടക്കാര്‍ക്ക് നിക്ഷേപാവസരങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സ്ഥിതി മാറണം. കോടിക്കണക്കിനാളുകളുടെ (സാധാരണക്കാരായവരുടെ) പണംകൊണ്ട് ആരംഭിച്ച റിലയന്‍സിന് ലോകത്തിലെ തന്നെ മുന്‍ നിര കമ്പനി ആകാമെങ്കില്‍ എന്തു കൊണ്ട് കുറച്ചു കൂടി നല്ല വരുമാനമുള്ള ലക്ഷക്കണക്കിനു വരുന്ന ഗള്‍ഫ് മലയാ‍ളികള്‍ക്ക് ഒരു സംരംഭം ആയിക്കൂടാ? വെറും 90,000 രൂപക്ക് ചില മലയാളികള്‍ കൂടി പങ്കാളികളായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന “ഇന്‍ഫൊസിസ്“. ഏതാണ്ട് 15 ലക്ഷം വരുന്ന ഗള്‍ഫ് മലയാളികള്‍ ഇവിടത്തെ കുറഞ്ഞ വരുമാനമായ 5000 രൂപ വീതം മുടക്കിയാ‍ല്‍ത്തന്നെ കേരളത്തില്‍ 750 (7,500,000,000 രൂപ!) കോടി രൂപയുടെ നിക്ഷേപം നടത്താം. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ് നാം ഉല്പാദനക്ഷമമല്ലാതെ കൂട്ടി വച്ചിരിക്കുന്നതും പാഴാക്കി കളയുന്നതും. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരായ ഗള്‍ഫ് മലയാളി സമൂഹത്തെ ഇതിനായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അവരെ നിക്ഷേപ രംഗങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തിക വിദ്യാഭ്യാസം നല്‍കുക എന്നത് ആയിരക്കണക്കിനു വരുന്ന പ്രവാസി സംഘടനകള്‍ക്ക് നിഷ്പ്രയാ‍സം സാധിക്കാവുന്നതേയുള്ളൂ. പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍ എന്ന ചീത്ത പേരു കൂടി ഇല്ലാതാവാ‍ന്‍ കൂടി നമ്മള്‍ തന്നെ ജാഗരൂകരാകുക.

വോട്ടവകാശത്തിനു വേണ്ടിയുള്ള മുറവിളിക്ക് സ്വീകരണ മുറികളിലിരുന്ന് ആക്കം കൊടുക്കുന്നവരുടെ ഹിഡന്‍ അജണ്ടകളേക്കാള്‍ മുന്‍‌ഗണന ഇതിനായിരിക്കട്ടെ.

1 comment:

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..