Thursday, August 28, 2008

06. ദൈവമേ....

ദൈവമേ....


പശു ചാവുകയും ചെയ്തു, മോരിലെ പുളിയും പോയി എന്ന പോലെ ആണ് ഈ പോസ്റ്റ്. ഒരു ഒന്നൊന്നര മാസം മുമ്പ് ബ്ലോഗുലകത്തില്‍ കത്തി നിന്ന യുക്തിവാദ-ഈശ്വരവാദ-നിരീശ്വരവാദ യുദ്ധങ്ങള്‍ പുറത്ത് നിന്ന് കണ്ട് രസിച്ചെങ്കിലും കമന്റ് ചെയ്യുവാന്‍ ശ്രമിച്ചില്ല. എന്തെങ്കിലും മണ്ടത്തരം അവിടെ പറഞ്ഞ് പോയാല്‍ പിന്നെ.......
അത് കൊണ്ട് ഓളങ്ങളൊക്കെ ഒന്നടങ്ങിയിട്ട് എന്റെ തോന്നലുകള്‍ ഇവിടെ തന്നെ പോസ്റ്റാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് നെറ്റ് കണക്ഷന്‍ പണി മുടക്കിയത്. പിന്നെയും കുറെ നാള്‍ പെട്ടിയിലിരുന്ന ശേഷം ഇന്നാണ് റിലീസ് ചെയ്യുവാന്‍ പറ്റിയത്.

Disclaimers:-(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ മാത്രം അഭിപ്രായമാകുന്നു. ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.

(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

(3)താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം ചിന്തകളാണ്. അത് മൂലം എന്തെങ്കിലും ബുദ്ധിമുട്ട് നിങ്ങള്‍ക്കുണ്ടായിട്ടുങ്കില്‍ ലേഖകനൊഴിച്ച് മറ്റൊരു വ്യക്തിയോ പ്രസ്ഥാനമോ ബാദ്ധ്യസ്ഥരായിരിക്കില്ല. (ലേഖകന് ഭ്രാന്തുള്ളതായി ലേഖകന്‍ തന്നെ സമ്മതിച്ചിട്ടുള്ളതിനാല്‍ നിയമപരിരക്ഷയും ഉണ്ട്...ബുഹഹഹഹഹ)


"ചിന്താവിഷ്ടയായ ശ്യാമള" എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രവും ഞാനും തമ്മില്‍ വളരെ വളരെ സാമ്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്. ഓര്‍മ്മ വെച്ച കാലം മുതല്‍ അമ്പലങ്ങളില്‍ പോകുമായിരുന്നു, പിന്നെ കുറെ കാലം കഴിഞ്ഞ് ഹൈസ്കൂളിലൊക്കെ എത്തിയപ്പോള്‍ കടുത്ത നിരീശ്വരവാദിയായി. "ദൈവം ഉണ്ടെങ്കില്‍ എവിടെ?", "ദൈവം ഉണ്ടായിട്ടും എന്തു കൊണ്ട് കൊല്ലും കൊലയും അക്രമവും നടക്കുന്നു" എന്ന സ്ഥിരം നിരീശ്വരവാദ ചോദ്യങ്ങള്‍ ഞാന്‍ സ്വയം ചോദിക്കുകയും, മറ്റ് ഈശ്വരവാദികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ച വേളയില്‍ ഈശ്വരനെ കുറിച്ച് ചിന്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മറ്റും വെറും സമയം കൊല്ലല്‍ മാത്രമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.



കുറെ കാലം കഴിഞ്ഞു, എന്‍ജിനീയറിങ്ങ് ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയം. ഇപ്പോഴും (ഇപ്പോള്‍ അല്ല, അപ്പോള്‍) ഞാന്‍ നിരീശ്വരവാദിയാണ്, വീട്ടില്‍ വെറുതെ കുത്തിയിരുന്നു സമയം കളയുകയാണ് (വേറെ പണിയില്ലേ). അങ്ങനെ നെറ്റും ബ്രൌസ് ചെയ്തിരിക്കുന്ന ഈ സമയത്താണ് ഞാന്‍ ആത്മീയതയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. മറ്റ് മതങ്ങളെ പറ്റി അത്ര(ഒട്ടും) ആഴത്തിലല്ലെങ്കിലും പഠിക്കുവാന്‍ പറ്റി. ശാസ്ത്രം എവിടം വരെ പുരോഗമിച്ചു, ശാസ്ത്രം എവിടെയൊക്കെ പിഴയ്ക്കുന്നു എന്നൊക്കെ അറിയുവാന്‍ പറ്റി. എന്റെ അറിവുകള്‍ പൂര്‍ണ്ണമെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ഇപ്പോള്‍ ഉള്ള അറിവുകളും എന്റെ logic-ഉം വെച്ച് എന്റെ ദൈവ-മത സങ്കല്പത്തെ പറ്റിയാണ് ഞാന്‍ എഴുതുവാന്‍ ശ്രമിക്കുന്നത്.

ദൈവ സങ്കല്‍പം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നത് പ്രകൃതിയിലുണ്ടാകുന്ന പ്രതിഭാസങ്ങളെ (ഇടിമിന്നല്‍, മഴ, ഭൂമികുലുക്കം) തന്റെ വിജ്ഞാനം/logic കൊണ്ട് വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടിയ ആദിമമനുഷ്യന്‍ കണ്ടെത്തിയ ഒരു excuse/ആശ്രയം ആണ് ദൈവം. ആധുനിക മനുഷ്യന്‍ തന്റെ മുന്‍ഗാമികളുടെ ഈ ശീലം മറന്നിട്ടില്ല. ഇപ്പോഴും നമ്മളില്‍ പലരും (ഞാനുള്‍പടെ) എല്ലാ വഴിയും മുട്ടുമ്പോള്‍ ദൈവത്തെ വിളിക്കാറില്ലേ? പയ്യെ പയ്യെ ശാസ്ത്രം വളര്‍ന്നപ്പോഴും മനുഷ്യന് വിവരം കൂടി വന്നപ്പോഴും ഈ ദൈവത്തെ, super human power-നെ, കൈവിടുവാന്‍ കഴിഞ്ഞില്ല കാരണം പലപ്പോഴും ശാസ്ത്രത്തിന് പല പുതിയ പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള വളര്‍ച്ച നേടിയിരുന്നില്ല.

മഴ പെയ്യിക്കുന്ന, പ്രപഞ്ച സ്രഷ്ടാവായ, പരീക്ഷകളില്‍ ജയിപ്പിക്കുന്ന, ശത്രു സംഹാരിയായ, പാലു കുടിക്കുന്ന, moral police ആയ അങ്ങനെ പല പല രൂപങ്ങളില്‍ കൂടി ദൈവത്തെ നമുക്ക് പലര്‍ക്കും പരിചയമുണ്ട്. ദൈവം എന്നത് ഒരു വ്യക്തിയല്ല, ഒരു വസ്തുവല്ല എന്നാല്‍ ഒരു ശക്തിയാണ് എന്നാണ് എന്റെ വിശ്വാസം. പ്രകാശം പോലെ, ശബ്ദം പോലെ നമുക്കൊന്നും സാധാരണ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയുവാന്‍ കഴിയാത്തൊരുതരം ഊര്‍ജ്ജം. പണ്ടൊരിക്കല്‍ ഞാന്‍ ഇതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ഊര്‍ജ്ജം എന്ന് പറയുന്നത് പ്രപഞ്ചത്തിലാകമാനമുണ്ട്. ദൈവവും അങ്ങനെ തന്നെ, തൂണിലും തുരുമ്പിലും, പുല്ലിലും പുല്‍ചാടിയിലും എന്തിന് മനുഷ്യന്റെ ഉള്ളില്‍ വരെ ദൈവമുണ്ട്. എന്ന് വച്ചാല്‍ ദൈവം എല്ലാത്തിലുമുണ്ട്, എല്ലാം ദൈവത്തിലും ഉണ്ടെന്ന് സാരം. അദ്വൈത സിദ്ധാന്തം ഇത് തന്നെയാണ് പറയുന്നത്. രണ്ടെന്നൊന്നില്ല, എല്ലാം ഒന്നു തന്നെയാണ്.
മനുഷ്യന്റെ ശരീരമെടുക്കുക. അവ കോശങ്ങളാല്‍ നിര്‍മ്മിതമാണ്. കോശങ്ങളാകട്ടെ മോളിക്യൂളുകള്‍ (Molecules) കൊണ്ടും, മോളിക്യൂളുകളോ അണുക്കള്‍ (Atoms) കൊണ്ടും, അണുക്കളോ ന്യൂട്രോണ്‍സ്, പ്രോട്ടോണ്‍സ്, ഇലക്ട്രോണ്‍സ് മുതലായവ കൊണ്ടും. ഇലക്ട്രോണുകളും പ്രോട്ടോണുകളും മറ്റൊന്നുമല്ല, ചാര്‍ജുകള്‍, അല്ലെങ്കില്‍ ഊര്‍ജ്ജ കണികകള്‍. എന്നു വെച്ചാല്‍ നമ്മള്‍ മനുഷ്യര്‍ ഈ ഊര്‍ജ്ജ കണികകളുടെ ഒരു കൂട്ടമാണ്. മനുഷ്യന്‍ മാത്രമല്ല പ്രപഞ്ചത്തിലാകമാനമുള്ള ദ്രവ്യവും ഇങ്ങനെ ചാര്‍ജുകളാല്‍ (ഊര്‍ജ്ജ കണികകളാല്‍) നിര്‍മ്മിതമാണ്.

Einstein-ന്റെ Mass-Energy equivalence-ഉം മറ്റൊന്നല്ല പറയുന്നത്. ഊര്‍ജ്ജവും ദ്രവ്യവും ( mass-ന്റെ മലയാളം 'ദ്രവ്യം' ആണോ?) ഒന്ന് തന്നെ എന്നാണ്. അതിനാല്‍ അദ്വൈത സിദ്ധാന്തത്തില്‍ പറയുന്ന പോലെ, ഒന്നായ രണ്ട് കാര്യങ്ങളാണ് ഊര്‍ജ്ജവും ദ്രവ്യവും. കൊതുകും കൂത്താടിയും പോലെ, ചിത്രശലഭവും പ്യൂപയും പോലെ പോലെ രണ്ട് ഭാവങ്ങളുള്ള ഒന്ന്. ദൈവത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിന് രണ്ടല്ല അനന്തകോടി ഭാവങ്ങളുണ്ട്. ദൈവ ഭാവങ്ങള്‍ എല്ലാം ഒരു Universal set ആണെങ്കില്‍, ഈ കൊതുകും കൂത്താടിയും, ചിത്രശലഭവും പ്യൂപയും, പുല്ലും പുല്‍ചാടിയുമൊക്കെ ആ പല ദൈവ ഭാവങ്ങളുടെ subset-ഉകളാകുന്നു.

ഇടയ്ക്കെവിടെയോ മതവും ശാസ്ത്രവും കൂട്ടികുഴയ്ക്കരുത് എന്ന് കേട്ടു. മണ്ടത്തരമല്ലേ??? ലോകത്തൊരു മതവും ദൈവനിര്‍മ്മിതമല്ല, മനുഷ്യനിര്‍മ്മിതമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ അതുണ്ടാക്കിയ മനുഷ്യന്‍ എത്ര നല്ല ആളെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ചില കവചങ്ങള്‍ അവയ്ക്ക് (മത ഗ്രന്ഥങ്ങള്‍ക്ക്) നല്കിയിട്ടുണ്ട്. ആ കവചങ്ങള്‍ മൂലമാണ് ശാസ്ത്രത്തോടുള്ള കടുത്ത എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. ഈ കവചങ്ങള്‍ക്ക് ഒരു പക്ഷെ മതത്തെ സംരക്ഷിക്കുവാനാകും, എന്നാല്‍ കോടാനുകോടി വരുന്ന വിശ്വാസികളെ മണ്ടന്മാരാക്കുകയല്ലേ ഈ കവചങ്ങള്‍? മനുഷ്യനു തലച്ചോര്‍ കിട്ടിയിട്ടുള്ളത് ചിന്തിക്കുവാനാണ്, ആ ചിന്താശക്തി ഉപയോഗിക്കുവാനുള്ള അവകാശം ആ കഴിവുള്ള ഏതൊരു ജീവിക്കുമുണ്ട്. അതിനാല്‍ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഉള്ള അവകാശം എല്ല്ലാവര്‍ക്കുമുണ്ട്. ഈ ദൈവീകമായ കഴിവ് ഉപയോഗിക്കാതെ മതഗ്രന്ഥങ്ങളില്‍ കണ്ണുമടച്ച് വിശ്വസിക്കുകയും മറ്റുള്ളവരെ ഈ കവചങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി/നയത്തില്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ദൈവ നിഷേധി.

ശാസ്ത്രത്തിന് തെറ്റ് പറ്റില്ലേ എന്ന് ചോദിച്ചാല്‍ തെറ്റ് പറ്റും, പറ്റിയിട്ടുണ്ട് അത് യാതൊരു വിമ്മിഷ്ടവും കൂടാതെ തിരുത്തിയിട്ടുമുണ്ട്. അതിന് പല പല ഉദാഹരണങ്ങളുമുണ്ട് ചരിത്രത്തില്‍. ശരി, തെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ആപേക്ഷികമാണ് എന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു. ഞാനിപ്പോള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ശരി ആയിരിക്കില്ല മറ്റൊരിക്കല്‍. ഇന്ത്യയിലെ ശരി ആയിരിക്കില്ല പാക്കിസ്ഥാനിലെ ശരി. അതിനാല്‍ absolute right അല്ലെങ്കില്‍ absolute wrong എന്ന് പറയുന്നത് ഒരു അര്‍ഥമില്ലാത്ത പ്രയോഗമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ശാസ്ത്രത്തിന് പരിമിതികളില്ലേ?
ഉണ്ട് എന്നാണ് എന്റെ ചിന്തകള്‍ എന്നോട് പറയുന്നത്. അവ ശാസ്ത്രത്തിന്റെ പരിമിതികള്‍ എന്ന് പറയുന്നതിനേക്കാള്‍ മനുഷ്യന്റെ പരിമിതികള്‍ എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഈ കാലഘട്ടത്തിലും മനുഷ്യന് infinity എന്താണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. infinity/infinity, zero/zero, infinity x zero തുടങ്ങിയവയെ 'indeterminate quantities' എന്ന് മുദ്രകുത്തി മാറ്റി വെച്ചിരിക്കുകയാണ്. അവിടെ ശാസ്ത്രം തല്‍ക്കാലത്തേക്കെങ്കിലും പരാജയപ്പെട്ടിരിക്കുന്നു. ഇതിനെ പറ്റി കുറച്ചു കൂടുതല്‍ പറയുവാനുണ്ട്. അത് മറ്റൊരിക്കലാകട്ടെ.

മനുഷ്യന് ജീവിക്കുവാന്‍ മതത്തിന്റെ ആവശ്യമുണ്ടോ?
എനിക്ക് തോന്നുന്നില്ല. എന്റെ കാലഘട്ടത്തിലെ തെറ്റും ശരിയും ഏതൊക്കെ എന്ന് തിരിച്ചറിയുവാന്‍ നമുക്ക് പല പല സഹായികളുണ്ട് (പത്രം, ടിവി, ഇന്‍റ്റര്‍നെറ്റ്), അതിനാല്‍ പ്രാചീന കാലഘട്ടത്തില്‍ അന്നത്തെ വ്യവസ്ഥിതികള്‍ക്കനുസരിച്ചെഴുതിയ, വളരെ പക്ഷപാതപരമായ ചില മണ്ടത്തരങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ ഇന്നും എന്നും ജീവിക്കണം എന്ന് പറയുന്നത് അതിക്രൂരമല്ലേ? പ്രത്യേകിച്ചും മറ്റ് ചില മനുഷ്യര്‍ മാറിയ വ്യവസ്ഥിതികളില്‍ തങ്ങളുടെ ചിന്താശക്തി പൂര്‍ണ്ണമായും വിനിയോഗിച്ച് ഉയര്‍ന്ന നിലയില്‍ ജീവിക്കുമ്പോള്‍ (അവരില്‍ പലരും അവിശ്വാസികള്‍ മാത്രമല്ല കപടവിശ്വാസികളും ഉള്‍പെടുന്നു) എണ്ണത്തില്‍ വളരെ ചെറുതായ, മതത്തിന്റെ ചട്ടക്കൂടുകളില്‍ ജീവിക്കുന്ന ഒരു കൂട്ടര്‍ മരണശേഷം തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളെ കുറിച്ച് സ്വപ്നം കാണുന്നു, നരകിച്ചു മരിക്കുന്നു.

ദൈവം എന്നത് ഏതെങ്കിലും മതത്തിന്റെ സ്വന്തമാണോ അല്ലെങ്കില്‍ ഞാനേതെങ്കിലും മത വിഭാഗക്കാരനാണെങ്കില്‍ മാത്രമേ എനിക്ക് ദൈവത്തെ പറ്റി സംസാരിക്കുവാന്‍ യോഗ്യതയുള്ളോ?
ഇന്നത്തെ മതങ്ങളുടെയെല്ലാം പ്രശ്നം ദൈവത്തിനേക്കാളും മനുഷ്യനേക്കാളുമുപരി അവര്‍ തങ്ങളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും കാണുന്നു. ദൈവമില്ല എന്ന് പറയുന്നവനെ കൊല്ലുവാന്‍ ഉപദേശിക്കുന്നയാള്‍ തന്നെ അബോര്‍ഷന്‍ ദൈവവിരുധമാണ് എന്ന് പറയുന്നതിന്റെ യുക്തി എന്താണ്? മതത്തിന്റെ പേരില്‍ മറ്റൊരാളെ കൊല്ലുവാന്‍ മതം അനുവാദം നല്കുന്നു, ഏതെങ്കിലും മതം മറ്റൊരു മതത്തില്‍ പെട്ടൊരാളെ, അയാളെ മതം മാറ്റാതെ വിവാഹം കഴിക്കുവാന്‍ അനുവാദം നല്കുന്നുവോ? മതാനുയായികളുടെ എണ്ണം കുറയാതിരിക്കുവാനുള്ള കവചമായിട്ട് മാത്രമല്ല മറ്റ് മതസ്ഥരുടെ എണ്ണം കുറയ്ക്കുവാനുള്ള ഒരു ആയുധം കൂടിയാണ് ഇത്. സ്നേഹം സ്നേഹം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം അലമുറയിടുന്ന മതസ്ഥര്‍ വരെ വിവാഹക്കാര്യത്തില്‍ മനുഷ്യനേക്കാളുപരി മതത്തിന് പ്രസക്തി നല്കുമ്പോള്‍ പൊടിഞ്ഞില്ലാതാകുന്നത് ആ മതം എടുത്തണിഞ്ഞിരിക്കുന്ന മുഖംമൂടി തന്നെയാണ്.ഒരേ മതത്തിലുള്ളവര്‍, ഒരേ ദൈവങ്ങളില്‍ (?????) വിശ്വസിക്കുന്നവര്‍, അവര്‍ക്കിടയില്‍ പോലും വ്യത്യാസം. ജാതി അവര്‍ക്കും അയോഗ്യതയാണ് വിവാഹക്കാര്യത്തില്‍. പെണ്ണിന്റെയും ചെറുക്കന്റെയും മനസ്സിനേക്കാളേറെ അവര്‍ക്ക് താല്‍പര്യം ചൊവ്വയും വ്യാഴവും എങ്ങനെ നില്കുന്നു, എങ്ങനെ കിടക്കുന്നു എന്നാണ്.

പ്രപഞ്ചം തന്നെ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയുന്നവര്‍, "മനുഷ്യന്‍ ദൈവത്തിന്റെ ഏറ്റവും ഉത്തമ സൃഷ്ടിയാണ് അതിനാല്‍ മനുഷ്യന് കണ്ണില്‍ കണ്ടതിനെയെല്ലാം കൊന്ന് തിന്നുന്നതിന് യാതൊരു തടസ്സവുമില്ല" എന്ന് പറയുമ്പോള്‍ എനിക്കവരോട് തോന്നുന്നത് സഹതാപമാണ്. "WITH GREAT POWER THERE MUST ALSO COME - - GREAT RESPONSIBILITY! " എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയെങ്കില്‍ ആ ഒരു ഉത്തരവാദിത്തം തന്റെ ചിന്തയിലും പ്രവൃത്തിയിലും മനുഷ്യന്‍ കാണിക്കേണ്ടതായിട്ടുണ്ട്. തങ്ങളുടെ മതവിശ്വാസങ്ങളെ എതിര്‍ക്കുന്ന ശാസ്ത്ര സത്യങ്ങളെ മതപണ്ഡിതന്മാര്‍ക്ക് പുഛമാണ്. ശാസ്ത്രം കണ്ടുപിടിച്ചത് തെറ്റെന്ന് തെളിയിക്കാന്‍ അവര്‍ പറയുന്ന വാദഗതികളും ഒരു നല്ല കോമഡി ചിത്രം കാണുന്ന സുഖം തരുന്നു. പണ്ടൊരിക്കല്‍ ജനറ്റിക് അല്‍ഗോരിതങ്ങളെ കുറിച്ച് തിരഞ്ഞ് കൊണ്ടിരുന്നപ്പോള്‍, ഒരു സൈറ്റ് കിട്ടി. പരിണാമ സിദ്ധാന്തം അപ്പാടെ തെറ്റാണ് എന്ന് പറയുന്ന ഒരു സൈറ്റ്. അവിടെ ഒരു FAQ-ഉം കണ്ടു. അതിലെ ഒരു ചോദ്യം-ഉത്തരം ഇപ്രകാരമാണ്.

ചോ: പരിണാമം സത്യമാണെന്നത് തെളിയിക്കുവാന്‍ തക്കതായ തെളിവുകള്‍ (ഫോസ്സിലുകള്‍) പലതും കിട്ടിയിട്ടുണ്ടല്ലോ?

ഉ: ഈ പ്രപഞ്ചം ഉണ്ടായിട്ട് കേവലം 5000 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ മുതല്‍ മനുഷ്യനുമുണ്ട്. മനുഷ്യനെ വഴി തെറ്റിക്കുവാന്‍ 'സാത്താന്‍' (അതോ സേറ്റനോ) കൊണ്ട് വന്നിട്ടതാണ് ആ തെളിവുകള്‍ (ഫോസിലുകള്‍)‍.



സൈറ്റ് ഏതെന്ന് ഓര്‍മ്മയില്ല. "genetics +exceptions +limitations" എന്നൊക്കെ search ചെയ്താല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും.ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരു പക്ഷെ മതവിശ്വസങ്ങള്‍ സംരക്ഷിക്കപ്പെട്ടെന്നിരിക്കും. പക്ഷെ, മത വിശ്വാസികള്‍ക്കെന്തു നേട്ടമാണ് ഇതു കൊണ്ട് ഉണ്ടാകുന്നത്? 1987-ലോ മറ്റോ ഇത് പോലെയൊരു തെറ്റ് തിരുത്തല്‍ (ചന്ദ്രനെ സംബന്ധിച്ചാണ്, എന്താണെന്ന് കൃത്യമായി ഓര്‍മ്മ വരുന്നില്ല) നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഏറ്റവും രസകരമായി തോന്നുന്നത് ശാസ്ത്രത്തെ തള്ളി പറയുന്ന ഇവര്‍ മറ്റ് മത വിഭാഗക്കാരുടെ മതാചാരങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാന്‍ ശാസ്ത്രത്തെ കൂട്ട് പിടിക്കുമ്പോഴാണ്.

ഇതില്‍ നിന്ന് തന്നെ മതം എന്നത് ദൈവത്തിന്റെയും സ്നേഹത്തിന്റെയുമല്ല പക്ഷെ ആചാരങ്ങളേയും വിശ്വാസങ്ങളുടേയും ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനി മാത്രമാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. നേരായ കാര്യങ്ങള്‍ നേരെ അറിയുവാന്‍ കഴിയാത്ത കാലത്ത് (പത്രവും മറ്റ് മാധ്യമങ്ങളും ഇല്ലാതിരുന്ന കാലത്ത്) മതത്തിന് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലെ തെറ്റും ശരിയും തിരിച്ചറിയുവാന്‍ പ്രത്യേകിച്ച് പാടൊന്നുമില്ലാത്ത ഇക്കാലത്ത് മതത്തെ കൊണ്ട് മനുഷ്യനോ മറ്റ് ചരാചരങ്ങള്‍ക്കോ പത്ത് പൈസയുടെ ഗുണമില്ല എന്ന് മാത്രമല്ല മതത്തെ പുണര്‍ന്നിങ്ങനെ അധിക കാലം നില്കുന്നത് മനുഷ്യരാശിക്ക് തന്നെ ദോഷവുമാണ് (ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള, ആണവയുദ്ധത്തിലേക്ക് വരെ എത്തിയേക്കാവുന്ന സംഘര്‍ഷം, അത് മതത്തിന്റെ പേരിലാണ് തുടങ്ങിയത്). ദൈവത്തെ കാണുവാനും അനുഭവിക്കാനും മതത്തിന്റെയും മതപുരോഹിതന്റെയും സഹായം തേടുന്നത് വെറും കാട്ട് താറാവ് പിടുത്തം (wild goose chase) മാത്രമാണ്. സ്വന്തം ശരീരത്തിലും, ചുറ്റുപാടുമുള്ള ദൈവത്തെ കണ്ടുപിടിക്കുവാന്‍ എന്തിനാണ് മറ്റൊരാളുടെ സഹായം? ആചാരങ്ങളും അനുഷ്ടാനങ്ങളും അണുവിട തെറ്റിക്കാതെ ചെയ്തത് കൊണ്ട് ദൈവത്തെ കാണുവാന്‍ പറ്റുമെന്നും മറ്റും വിശ്വസിക്കുന്നത് മൌഢ്യമാണ്.

മഴ പെയ്യിക്കുന്നതോ, പരീക്ഷകളില്‍ ജയിപ്പിക്കുന്നതോ, ശത്രുവിനെ കൊല്ലാന്‍ സഹായിക്കുന്നതോ, നിങ്ങള്‍ വ്യഭിചരിക്കുന്നുവോ അന്യന്റെ ഭാര്യയെ മോഹിക്കുന്നുവോ എന്ന് ദൂരദര്‍ശിനി വെച്ച് ഒളിഞ്ഞ് നോക്കുന്നതോ ഒന്നുമല്ല ദൈവത്തിന്റെ ജോലി. മനുഷ്യന്റെ വളരെ ചെറിയ വീക്ഷണ കോണിലൂടെ (Infinitesimally smaller angle of vision) നോക്കുമ്പോള്‍, ഇപ്പോള്‍ ലഭ്യമായ വിവരവും മനുഷ്യന്റെ ഇപ്പോഴത്തെ logic-ഉം വെച്ച് നോക്കുമ്പോള്‍ ദൈവം എന്താണ്, ദൈവത്തിന്റെ ജോലി എന്താണ് , ദൈവം ആരാണ് എന്നൊക്കെ കണ്ടുപിടിക്കുവാന്‍/അറിയുവാന്‍/മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. അത്രയും നാള്‍ ദൈവത്തെ അറിയുവാന്‍ ‍, സ്വാഭാവികമായും, അന്തരീക്ഷത്തില്‍ നിന്നും വിഭൂതിയുണ്ടാക്കുന്ന ബാബാമാരെയും, ദൈവത്തെ വിളിച്ച് മഴ പെയ്യിക്കുന്ന, രോഗശാന്തി വരുത്തുന്ന, എന്നെ സാത്താന്‍ എന്ന് വിളിക്കുന്ന പുരോഹിതന്മാരെയും, കരുണാമയനായ ദൈവത്തിനു വേണ്ടി ആരെയും/എന്തിനേയും നശിപ്പിക്കുവാന്‍ മടിക്കാത്ത ഫത്‍വാകള്‍ പുറപ്പെടുവിക്കുന്ന പുരോഹിതന്മാരേയും ഒക്കെ മനുഷ്യന്‍ ആശ്രയിക്കും. കാരണം ചിന്തിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് മറ്റൊരാള്‍ പറയുന്ന കാര്യം മണ്ടത്തരമാണോ അല്ലയോ എന്ന് ചിന്തിക്കാതെ അനുസരിക്കുന്നത്.

ഒരു പക്ഷെ പുരാണങ്ങളില്‍ പറയുന്ന മഹാപ്രളയം/Judgement day/doomsday ഒക്കെ മനുഷ്യന്‍ ദൈവത്തെ മനസ്സിലാക്കുന്ന ആ ദിവസത്തെ ആയിരിക്കും സൂചിപ്പിക്കുന്നത്.........മതങ്ങളുടെ അവസാന ദിവസം. അന്തിമ സത്യം അറിയുന്ന ആ ദിവസത്തിനു ശേഷം ഒരൊറ്റ മതമേ കാണൂ..... മനുഷ്യമതം!!!

എഴുതിയത് : ഞാന്‍ അല്ല ... .. രെജി..റ്റീ. ഡി.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..