Wednesday, December 24, 2008

കാണുന്നതുപോലെയാവണമെന്നില്ല കാര്യം

കാണുന്നതുപോലെയാവണമെന്നില്ല കാര്യം

മനുഷ്യരൂപം ധരിച്ച രണ്ടു മാലാഖമാരായിരുന്നു അവർ. മനുഷ്യരുടെ ക്ഷേമം അന്വേഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്കിടയിൽ നേരം സന്ധ്യയായി. അപ്പോൾ വഴിവക്കിൽ കണ്ട കൊട്ടാരസമാനമായ ഒരു വീട്ടിൽ അന്തിയുറങ്ങുന്നതിന്‌ അവർ അവിടെ കയറിച്ചെന്നു.

അവരെ സ്വീകരിക്കുവാൻ വീട്ടുടമയ്ക്ക്‌ അത്ര താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ആഗതർ സാമാന്യക്കാരല്ലെന്നു തോന്നിയതുകൊണ്ട്‌ അവിടെ അന്തിയുറങ്ങുവാൻ അയാൾ അവരെ അനുവദിച്ചു.

ഉറങ്ങുവാനായി നല്ല ബെഡ്‌റൂമായിരുന്നില്ല അയാൾ അവർക്കു നൽകിയത്‌. അതിനുപകരം പൊടി പിടിച്ചുകിടന്ന ഒരു മുറിയാണു നൽകിയത്‌. ആ മുറിയുടെ ഭിത്തിയിലാകട്ടെ വലിയ ഒരു ദ്വാരം ഉണ്ടായിരുന്നു.

മാലാഖാമാരിൽ പ്രായം ചെന്നയാൾ അൽപസമയത്തിനുള്ളിൽ ഭിത്തിയിലെ ആ ദ്വാരം അടച്ചു. എന്തിനാണ്‌ അങ്ങനെ ചെയ്തതെന്നു പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു. അപ്പോൾ പ്രായം ചെന്നയാൾ പറഞ്ഞു: "കാര്യങ്ങൾ നാം സാധാരണ കാണുന്നതുപോലെയല്ല." പ്രായം കുറഞ്ഞയാളിന്‌ ഈ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കിലും കൂടുതൽ ചോദ്യങ്ങൾക്ക്‌ ആ മാലാഖ മുതിർന്നില്ല.

പിറ്റേ ദിവസം വീട്ടുടമസ്ഥനു നന്ദിപറഞ്ഞ്‌ അവർ യാത്ര തുടർന്നു. അന്നു വൈകിട്ട്‌ അന്തിയുറങ്ങുവാൻ അവർ കയറിച്ചെന്നതു പാവപ്പെട്ട ഒരു വീട്ടിലാണ്‌. അവിടത്തെ ഗൃഹനാഥനും ഭാര്യയും സസന്തോഷം അവരെ സ്വീകരിച്ച്‌ നല്ല അത്താഴം തയാറാക്കി സൽക്കരിച്ചു. ഉറങ്ങുവാൻ അവർ സ്വന്തം കിടക്കയും അതിഥികൾക്കു നൽകി.

പിറ്റേ ദിവസം നേരം വെളുത്തപ്പോൾ ദുഃഖിതരായിരിക്കുന്ന ഗൃഹനാഥനെയും ഭാര്യയെയുമാണ്‌ മാലാഖമാർ കണ്ടത്‌. തലേ രാത്രി ആ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന പശു ചത്തുപോയിരുന്നു.

അവരെ സമാശ്വസിപ്പിച്ചിട്ടു മാലാഖമാർ യാത്ര തുടർന്നപ്പോൾ പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു: "ഇങ്ങനെ സംഭവിക്കുവാൻ എന്തുകൊണ്ടാണ്‌ അങ്ങ്‌ അനുവദിച്ചത്‌? നമ്മൾ കഴിഞ്ഞ ദിവസം കണ്ടയാൾ ധനികനായിരുന്നു. അയാൾ സ്വാർഥനുമായിരുന്നു. എങ്കിലും അയാളുടെ വീടിന്റെ ഭിത്തിയിലെ ദ്വാരം അങ്ങ്‌ അടച്ചുകൊടുത്തു. എന്നാൽ ഇന്നലെ രാത്രി നമ്മെ സ്വീകരിച്ചവർ എത്രയോ നല്ലവരായിരുന്നു. അവർ പാവപ്പെട്ടവരുമായിരുന്നു. എങ്കിലും അവരുടെ പശു ചത്തു പോകുവാൻ അങ്ങ്‌ അനുവദിച്ചു. എന്തുകൊണ്ട്‌ അങ്ങ്‌ അവരെ സഹായിച്ചില്ല?"

"നമ്മൾ കാണുന്നതുപോലെയല്ല പലപ്പോഴും കാര്യങ്ങൾ," പ്രായം ചെന്ന മാലാഖ പറഞ്ഞു. "നമ്മൾ ധനികന്റെ വീട്ടിലായിരുന്നപ്പോൾ ഞാൻ ഒരു പൊത്ത്‌ അടച്ചല്ലോ. ആ പൊത്തിനുള്ളിൽ നിറയെ സ്വർണമായിരുന്നു. ഇക്കാര്യം ധനികനായ ആ വീട്ടുടമയ്ക്ക്‌ അറിയില്ലായിരുന്നു. സ്വാർഥനായ അയാൾക്ക്‌ ആ സ്വർണം ലഭിക്കാതിരിക്കാൻ വേണ്ടിയാണു ഞാൻ ആ ദ്വാരം അടച്ചത്‌."

"അപ്പോൾ പാവപ്പെട്ടവന്റെ പശു ചത്തു പോയതോ?" ചെറുപ്പക്കാരനായ മാലാഖ ചോദിച്ചു.

മറ്റേ മാലാഖ പറഞ്ഞു: "കഴിഞ്ഞ രാത്രിയിൽ നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ ഗൃഹനാഥന്റെ ഭാര്യയെത്തേടി മരണത്തിന്റെ മാലാഖ എത്തിയിരുന്നു. എന്നാൽ ആ സ്ത്രീയെ കൊണ്ടുപോകുവാൻ ഞാൻ അനുവദിച്ചില്ല. അതിനുപകരം അവരുടെ പശുവിനെ കൊണ്ടുപൊയ്ക്കൊള്ളുവാൻ ഞാൻ പറഞ്ഞു. ഇപ്പോൾ മനസിലായില്ലേ, കാര്യങ്ങൾ പലപ്പോഴും നാം കാണുന്നതുപോലെ അല്ല എന്ന്‌?"

ഈ മാലാഖാക്കഥ ആരാണ്‌ എഴുതിയതെന്ന്‌ അറിയില്ല. എന്നാൽ ഇക്കഥയുടെ സന്ദേശത്തിൽ ഏറെ കഴമ്പുണ്ട്‌. പ്രായം ചെന്ന മാലാഖ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നാം പുറമേ കാണുന്നതുപോലെയല്ല. നാം കാണുന്നതിൽ നിന്ന്‌ പലപ്പോഴും ഏറെ വ്യത്യസ്തമായിരിക്കും കാര്യങ്ങൾ എന്നതാണു വാസ്തവം. മിക്കപ്പോഴും തെറ്റായ രീതിയിലായിരിക്കും നാം അവയെ കാണുന്നതും അവയെക്കുറിച്ചു വിലയിരുത്തുന്നതും.

ഒരു ദിവസം ഒരാൾ നാലും അഞ്ചും വയസു പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികളുമായി ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ കുട്ടികൾ കമ്പാർട്ട്മെന്റിനുള്ളിൽ ഓടി നടക്കാനും ചെറിയ തോതിൽ ബഹളം വയ്ക്കാനും തുടങ്ങി. അടുത്തിരുന്നിരുന്ന പലർക്കും ഇത്‌ ബുദ്ധിമുട്ടു സൃഷ്ടിച്ചു. പക്ഷേ, ആ കുട്ടികളുടെ പിതാവ്‌ അകലങ്ങളിലേക്കു കണ്ണുംനട്ട്‌ എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. അയാൾ കുട്ടികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചില്ല.

കുട്ടികളുടെ ബഹളം തുടർന്നപ്പോൾ അടുത്തിരുന്ന ഒരാൾ സഹികെട്ടു ചോദിച്ചു: "നിങ്ങളെന്താണ്‌ ഈ കുട്ടികളെ വരുതിക്കു നിർത്താത്തത്‌?"

"എന്നോടു ക്ഷമിക്കണം," അയാൾ സഹയാത്രക്കാരെ നോക്കിക്കൊണ്ടു പറഞ്ഞു. "എന്റെ ഭാര്യ- ഈ കുട്ടികളുടെ അമ്മ- ഇന്നു രാവിലെ ആശുപത്രിയിൽ വച്ചു മരിച്ചു. അക്കാര്യമോർത്തു ദുഃഖിച്ചിരുന്നതുകൊണ്ടാണ്‌ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാതെ പോയത്‌."

കുട്ടികളുടെ ബഹളം മൂലം ക്ഷുഭിതനായ യാത്രക്കാരൻ കണ്ടതുപോലെയായിരുന്നോ കാര്യങ്ങൾ? അയാൾ വിചാരിച്ചതു കുട്ടികളുടെ പിതാവ്‌ അവരെ അലക്ഷ്യമായി വിളയാടുവാൻ അനുവദിക്കുകയായിരുന്നുവെന്നാണ്‌. എന്നാൽ, യാഥാർഥ്യം വേറെയായിരുന്നല്ലോ. ആ യാഥാർഥ്യം മനസിലാക്കുവാൻ സഹയാത്രക്കാരനു കഴിയാതെ പോയി.

ഇതുപോലെയാണു നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളുടെയും സാക്ഷികളായിരിക്കും നമ്മൾ. എന്നാൽ, അങ്ങനെ സംഭവിക്കുന്ന കാര്യങ്ങളൊക്കെ അവ യഥാർഥത്തിൽ ആയിരിക്കുന്ന രീതിയിൽ നമുക്കു മനസിലാക്കുവാൻ സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാക്കാര്യങ്ങൾക്കും ദൈവത്തിന്റെ പരിപാലനയിൽ ഒരു അർഥമുണ്ട്‌. പക്ഷേ, ദൈവത്തിന്റെ പരിപാലനയ്ക്കനുസരിച്ചുള്ള അർഥം കാണുവാൻ നമ്മിലെത്ര പേർക്കു സാധിക്കുന്നുണ്ട്‌?

ദൈവത്തെ സ്നേഹിക്കുന്നവർക്ക്‌ എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു എന്നു ദൈവവചനം പറയുമ്പോഴും സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയൊക്കെ അങ്ങനെ നോക്കിക്കാണുവാൻ നമുക്കു സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയെല്ലാം ദൈവം കാണുന്നതുപോലെ കാണുവാനുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാർഥിക്കാം
കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..