Sunday, January 23, 2000

പ്രതിഭകള്‍ വളരണമെങ്കില്‍

പ്രതിഭകള്‍ വളരണമെങ്കില്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ഇറ്റാലിയന്‍ കവിയും ചിത്രകാരനുമായിരുന്നു ഡാന്റേ റൊസേറ്റി. ഒരിക്കല്‍ ഒരു വൃദ്ധന്‍ കുറെ ചിത്രങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. തന്റെ കൈവശമുള്ള ചിത്രങ്ങള്‍ കൊള്ളാവുന്നവയാണോ എന്നറിയുകയായിരുന്നു ആഗതന്റെ ലക്ഷ്യം.

റൊസേറ്റി വളരെ താത്പര്യപൂര്‍വം ആ വയസനെ സ്വീകരിച്ചിരുത്തി. ഒരു സെറ്റ് ചിത്രങ്ങള്‍ അയാള്‍ റൊസേറ്റിയുടെ മുന്നില്‍ നിരത്തി. റൊസേറ്റി ആ ചിത്രങ്ങളെടുത്തു മാറിമാറി നോക്കി. ഒറ്റനോട്ടത്തില്‍ അത്ര മോശമല്ലാത്ത ചിത്രങ്ങളായിരുന്നു അവ. എങ്കിലും മാര്‍ക്കറ്റില്‍ വില്‍ക്കാന്‍മാത്രം യോഗ്യതയുള്ളവയായിരുന്നില്ല അവ. റൊസേറ്റി അക്കാര്യം വൃദ്ധനു വിഷമം തോന്നാത്തരീതിയില്‍ പറയുകയും ചെയ്തു.

ചിത്രങ്ങളെക്കുറിച്ചു റൊസേറ്റി പറഞ്ഞ അഭിപ്രായം ആ വയസന്‍ സ്വീകരിക്കുന്നതുപോലെ തോന്നി. അയാള്‍ ഒരു പുഞ്ചിരിയോടെ റൊസേറ്റിക്കു നന്ദി പറഞ്ഞു. എന്നിട്ടു ക്ഷമാപണത്തോടെ വേറൊരു സെറ്റ് ചിത്രങ്ങള്‍ റൊസേറ്റിയുടെ മുന്നില്‍ വച്ചിട്ടു പറഞ്ഞു: "ചെറുപ്പക്കാരനായ ഒരു ചിത്രകാരന്‍ വരച്ച ചിത്രങ്ങളാണിവ. ഇവയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം അറിയുവാന്‍ ആഗ്രഹമുണ്ട്.''

റൊസേറ്റി താത്പര്യപൂര്‍വം രണ്ടാമത്തെ സെറ്റില്‍പ്പെട്ട ചിത്രങ്ങളെടുത്തു നോക്കി. എന്നിട്ടു പറഞ്ഞു: "ഇവ നല്ല ചിത്രങ്ങളാണ്. ഇവ വരച്ച ചെറുപ്പക്കാരന്‍ പ്രതിഭാശാലിയാണ്. അയാള്‍ക്കു നല്ല ഭാവിയുണ്ട്. പരിശ്രമിക്കുകയാണെങ്കില്‍ അയാള്‍ ഒരു മഹാചിത്രകാരനായി മാറും!''

റൊസേറ്റിയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ആ വയസന്‍ ശരിക്കും മിഴിച്ചിരുന്നുപോയി. ഇക്കാര്യം ശ്രദ്ധിച്ച റൊസേറ്റി ചോദിച്ചു: "ആരാണ് ഈ ചെറുപ്പക്കാരന്‍? നിങ്ങളുടെ പുത്രനാണോ?''

"അല്ല,'' വയസന്‍ വിക്കിവിക്കി പറഞ്ഞു. "ഈ ചിത്രങ്ങള്‍ വരച്ച ചെറുപ്പക്കാരന്‍ ഞാന്‍ തന്നെയാണ്. പക്ഷേ, ഇവ വരച്ചതു അമ്പതുവര്‍ഷം മുമ്പാണെന്നു മാത്രം!''

വൃദ്ധന്റെ ഈ വാക്കുകള്‍ കേട്ടിട്ട് എന്തുപറയണമെന്നറിയാതെ റൊസേറ്റി ഇരിക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു: "അമ്പതുവര്‍ഷം മുമ്പ് ഞാന്‍ ഈ ചിത്രങ്ങള്‍ വരച്ചപ്പോള്‍ അവ കൊള്ളാവുന്നവയാണെന്നു പറഞ്ഞ് ആരെങ്കിലും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, ഞാന്‍ നല്ല ചിത്രകാരനായി മാറുമായിരുന്നു. പക്ഷേ, അന്നു നല്ല വാക്കു പറഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല. അതുകൊണ്ടു പെട്ടെന്നു മനസുമടുത്തു ഞാന്‍ ചിത്രരചന ഉപേക്ഷിച്ചു. പിന്നീട് അടുത്തകാലത്താണു ഞാന്‍ വീണ്ടും ചിത്രരചന നടത്തിയത്. അങ്ങനെ ഞാന്‍ വരച്ച ചിത്രങ്ങളാണ് ആദ്യം അങ്ങയെ കാണിച്ചത്.''

നിരന്തരമായ പരിചരണവും പ്രോത്സാഹനവും ആവശ്യമുള്ളവരാണു നമ്മള്‍. പഠനത്തിലായാലും കലയിലായാലും മറ്റ് ഏതു കാര്യത്തിലായാലും ആസൂത്രിതമായ ശിക്ഷണവും താത്പര്യപൂര്‍വമുള്ള പ്രോത്സാഹനവും നമുക്കു കൂടിയേ തീരൂ. എന്നാല്‍, ബാല്യം മുതല്‍ നമുക്കു ലഭിക്കേണ്ട പരിചരണവും പ്രോത്സാഹനവുമൊക്കെ ഈ രംഗങ്ങളില്‍ നമുക്കു ശരിക്കു ലഭിക്കുന്നുണ്േടാ എന്നു സംശയിക്കണം.

റൊസേറ്റിയെ കാണാന്‍ചെന്ന വയസന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഒട്ടേറെ പ്രതിഭാശാലിയായിരുന്നു. പക്ഷേ, ആരും -അയാള്‍പോലും അയാളില്‍ ഒളിഞ്ഞിരുന്ന യഥാര്‍ഥ പ്രതിഭ കണ്െടത്തിയില്ല. ഇനി, ആരെങ്കിലും അതു മനസിലാക്കിയിരുന്നെങ്കില്‍ത്തന്നെ ആ കലാകാരന് അല്പംപോലും പ്രോത്സാഹനം നല്‍കിയതുമില്ല. തന്മൂലം, അയാള്‍ ചിത്രരചന പാടേ ഉപേക്ഷിച്ചുകളഞ്ഞു!

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് ആര്‍ക്കു പറയാന്‍ സാധിക്കും? ഇന്നും എത്രയോ ആളുകള്‍ പ്രോത്സാഹനവും പരിശീലനവുമൊക്കെ കിട്ടാതെ പോകുന്നതുകൊണ്ട് തങ്ങളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നു!

പ്രതിഭാശാലികള്‍ പലപ്പോഴും പരിചരണവും പ്രോത്സാഹനവുമൊന്നും കൂടാതെ വിജയംവരിക്കുന്നതു നമ്മള്‍ കാണാറുണ്ട്. തന്മൂലം, കഴിവുള്ളവര്‍ എങ്ങനെയെങ്കിലും അവരുടെ ജീവിതരംഗങ്ങളില്‍ വിജയം നേടിക്കൊള്ളും എന്നു നാം സ്വയം സമാധാനിച്ചേക്കാം.

പക്ഷേ, അപ്പോള്‍ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അതായത്, വേണ്ടത്ര പരിചരണവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കുംതന്നെ അവരവരുടെ നല്ല കഴിവുകള്‍ വികസിപ്പിച്ചു ജീവിതത്തില്‍ വിജയംനേടാന്‍ സാധിക്കുമെന്ന വസ്തുത.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന സേര്‍വിയസ് ഗാല്‍ബയെക്കുറിച്ച് ഒരു കഥയുണ്ട്: എ.ഡി. 69-ല്‍ അകാലചരമമടഞ്ഞ ഗാല്‍ബ ചെറുപ്പമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഇടയ്ക്കിടെ ഗാല്‍ബയെ തന്റെ സിംഹാസനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ സിംഹാസനം നിനക്കുള്ളതാണ്. അതിലിരിക്കുവാനുള്ള യോഗ്യത നീ വേണം ഉറപ്പുവരുത്താന്‍.''

ഗാല്‍ബയെ അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പംമുതലേ നല്ല ശിക്ഷണത്തില്‍ വളര്‍ത്തി. അതോടൊപ്പം ഗാല്‍ബയ്ക്കു നല്ല പ്രോത്സാഹനവും ലഭിച്ചു. തന്മൂലം, റോമന്‍ സിംഹാസനത്തിലിരിക്കാനുള്ള യോഗ്യത ഉറപ്പുവരുത്താന്‍ ഗാല്‍ബയ്ക്കു സാധിച്ചു.

ഗാല്‍ബയ്ക്ക് അദ്ദേഹത്തിന്റെ പിതാവു നല്‍കിയതുപോലെയുള്ള ശിക്ഷണവും പ്രോത്സാഹനവുമൊന്നും നമുക്കാര്‍ക്കും ലഭിച്ചു എന്നുവരികയില്ല. അതുപോലെ, അങ്ങനെയുള്ള ശിക്ഷണവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കു കൊടുക്കുവാനും നമുക്കു സാധിക്കില്ലായിരിക്കാം. എന്നിരുന്നാലും നമ്മുടെ നല്ല വളര്‍ച്ചയില്‍ പ്രോത്സാഹനത്തിനുള്ള പങ്ക് നാം മറന്നുപോകരുത്.

മറ്റുള്ളവരെ നല്ല കാര്യങ്ങളില്‍ ഒരു നല്ല വാക്ക് പറഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കുവാന്‍ നമുക്കു ശ്രദ്ധിക്കാം.

ദീപിക ചീഫ് എഡിറ്റര്‍ ജോസ് പന്തപ്ളാംതൊട്ടിയില്‍ രചിച്ച ജീവിതവിജയം എന്ന ബെസ്റ് സെല്ലറില്‍ നിന്നു

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..